സെല്‍ഫി ഭ്രമം പോളിങ് ബൂത്തിലും; മന്ത്രിയാണ് പ്രധാന വില്ലന്‍

സൈബര്‍ബാദിലെ രാജേന്ദ്രനഗരില്‍ പോളിങ് ബൂത്തിലെ വോട്ടിംങ് യന്ത്രത്തോട് ചേര്‍ന്നു നിന്നു സെല്‍ഫിയെടുത്ത ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സെല്‍ഫി ഭ്രമം പോളിങ് ബൂത്തിലും; മന്ത്രിയാണ് പ്രധാന വില്ലന്‍

ഹൈദരാബാദ്: തെലങ്കാനയിലെ പോളിങ് ബൂത്തുകള്‍ക്കും സെല്‍ഫി ഭ്രമത്തില്‍ നിന്നും രക്ഷയില്ല. ബന്‍ജാര പോളിങ് ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ ഐടി വകുപ്പ് മന്ത്രി കെ. തരക രാമ റാവുവാണ് ഇതിലെ വിഐപി വില്ലന്‍. മന്ത്രി കെ. തരക രാമ റാവുവും പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് സെല്‍ഫിയും ചിത്രങ്ങളും എടുത്തെന്നാണ് പരാതി.

അതേസമയം, സൈബര്‍ബാദിലെ രാജേന്ദ്രനഗരില്‍ പോളിങ് ബൂത്തിലെ വോട്ടിംങ് യന്ത്രത്തോട് ചേര്‍ന്നു നിന്നു സെല്‍ഫിയെടുത്ത ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവ ശങ്കര്‍ എന്ന വോട്ടര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 188ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ മന്ത്രിക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിട്ടില്ല. പോളിങ് ബൂത്തിലെത്തിയ മന്ത്രിയോട് ഒരു യുവതി സെല്‍ഫിയെടുക്കാന്‍ അനുവാദം ചോദിക്കുകയായിരുന്നു. തുടര്‍ന്നു മന്ത്രി യുവതിയുടെ ഫോണില്‍ നിന്നും സെല്‍ഫിയെടുക്കുകയും ചെയ്തു. പിന്നാലെ ബാക്കിയുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം സെല്‍ഫിക്കായി കൂടി. തുടര്‍ന്നു ഇവരുമൊത്ത് സെല്‍ഫിയും ഫോട്ടോകളും എടുത്ത ശേഷമായിരുന്നു മന്ത്രി വോട്ടു ചെയ്തത്.

മന്ത്രിയും ഉദ്യോഗസ്ഥരും സെല്‍ഫിയെടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മന്ത്രിക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടപടിക്കുള്ള നിയമ വശങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അജ്ഞനി കുമാര്‍ പറഞ്ഞു.

Read More >>