മസൂദ് അസര്‍ ഡല്‍ഹിയിലെത്തിയത് പോര്‍ചുഗീസ് പൗരന്‍ ചമഞ്ഞ്

ഡല്‍ഹിയിലെ ജന്‍പഥ് ഹോട്ടലിലായിരുന്നു താമസം. ഇതിനിടെ ലഖ്നൗ, ശഹറന്‍പൂര്‍, ദിയോബന്ദിലെ ദാറുല്‍ ഉലൂം മതപാഠശാല എന്നിവിടങ്ങളും മസൂദ് അസര്‍ സന്ദര്‍ശിച്ചു.

മസൂദ് അസര്‍ ഡല്‍ഹിയിലെത്തിയത് പോര്‍ചുഗീസ് പൗരന്‍ ചമഞ്ഞ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജയ്ഷെ മുഹമ്മദ് ഭീകരസംഘടനാ നേതാവുമായ മസൂദ് അസറിന്റെ ഡല്‍ഹിയിലെ ആദ്യകാല താവളം ചാണക്യപുരിയിലെ ഹോട്ടല്‍. 1994 ജനുവരിയില്‍ ഇയാള്‍ ആദ്യമായി ഇന്ത്യയിലെത്തിത് പോര്‍ചുഗീസ് പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നുവെന്നും ചോദ്യംചെയ്യല്‍ രേഖ. ജന്മംകൊണ്ട് ഗുജറാത്തിയെന്നായിരുന്നു ഇദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നത്. ഇതിനു രണ്ടാഴ്ചയ്ക്കു ശേഷമാണ് ജമ്മുകശ്മീരില്‍വച്ച് ഇയാള്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ ജന്‍പഥ് ഹോട്ടലിലായിരുന്നു താമസം. ഇതിനിടെ ലഖ്നൗ, ശഹറന്‍പൂര്‍, ദിയോബന്ദിലെ ദാറുല്‍ ഉലൂം മതപാഠശാല എന്നിവിടങ്ങളും മസൂദ് അസര്‍ സന്ദര്‍ശിച്ചു.

2001ലെ പാര്‍ലമെന്റ് ഭീകരാക്രമണം, പുല്‍വാമ സി.ആര്‍.പി.എഫിനു നേരെയുള്ള ചാവേര്‍ സ്ഫോടനം എന്നിവയില്‍ ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയും മസൂദ് അസറുമായിരുന്നു പ്രതിചേര്‍ക്കപ്പെട്ടത്. ബംഗ്ലാദേശ് സന്ദര്‍ശനത്തിനുശേഷം പോര്‍ചുഗീസ് പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു അസര്‍ ഇന്ത്യയില്‍ എത്തിയത്. 1994 ജനുവരി 29ന് രണ്ടുദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനുശേഷം ബംഗ്ലാദേശ് എയര്‍ലൈന്‍സിലായിരുന്നു അസര്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

അന്ന് ഡല്‍ഹിയിലെ അശോക് ഹോട്ടലില്‍ തങ്ങി. കൂടെ അശ്റഫ് ദര്‍, അബൂ മഹ്മൂദ് എന്നീ ഹര്‍ഖത്തുല്‍ അല്‍സാര്‍ ഭീകരവാദികളും ഉണ്ടായിരുന്നു. പിറ്റേന്ന് ദിയോബന്ദിയില്‍ സന്ദര്‍ശനം നടത്തി. രാത്രി അവിടെ തന്നെ തങ്ങി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. അടുത്തദിവസം രാവിലെ മാരുതി കാറില്‍ ശഹറന്‍പൂരിലേക്ക് തിരിച്ചു. ജനുവരി 31ന് ഡല്‍ഹിയില്‍ തിരിച്ചെത്തി. അന്ന് കൊണോട്ട് പ്ലേസിനു സമീപമുള്ള ജന്‍പഥ് ഹോട്ടലില്‍ താമസിച്ചു. 1994 ഫെബ്രുവരി 6,7 തീയതികളില്‍ ലഖ്നേവിലേക്ക് തിരിച്ചു. ഇവിടെ അലി മിയാന്‍ എന്നയാളെ കണ്ടശേഷം തിരികെ ബസ് മാര്‍ഗ്ഗം ഡല്‍ഹിയിലെത്തി. ഇതിനുശേഷം കരോള്‍ബാഗിലെ ശീഷ് മഹല്‍ ഹോട്ടലില്‍ താമസിച്ചു. പോര്‍ചുഗീസ് പൗരന്‍ എന്ന വിലാസത്തിലായിരുന്നു ഇവിടെയും താമസം.

ഫെബ്രുവരി എട്ടിന് നിസാമുദ്ദീനിലെ താലഖ് ഉല്‍ ജമാഅതില്‍ സന്ദര്‍ശനം നടത്തിയെങ്കിലും ആരെയും കണ്ടിരുന്നില്ല. ഇവിടെനിന്ന് കശ്മീരിലെ തീവ്രവാദികള്‍ക്കായി 12 ദിശനോക്കി യന്ത്രം വാങ്ങിയതായും അദ്ദേഹം അധികൃതരോടു വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 9ന് വ്യോമമാര്‍ഗ്ഗം ശ്രീനഗറിലെത്തി. അന്നുരാത്രി സജ്ജാദ് അഫ്ഗാനി, അംജദ് ബിലാല്‍ എന്നീ ഭീകരരുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണ് സേനയുടെ പിടിയിലാവുന്നത്. പിന്നീട് 1999നാണ് ഇയാള്‍ ജയില്‍ മോചിതനായത്. കാണ്ഡഹാറില്‍ ഭീകരര്‍ ഇന്ത്യന്‍ യാത്രാവിമാനം റാഞ്ചിയതിനെത്തുടര്‍ന്നായിരുന്നു അസറിനെ മോചിപ്പിച്ചത്.

Read More >>