ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ പലിശയടക്കം തിരിച്ച് നല്‍കും; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധൈര്യം കാണിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ ഇതിന് പലിശയടക്കം തിരിച്ച് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി

ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ പലിശയടക്കം തിരിച്ച് നല്‍കും; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി

ലഖ്നൗ: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 48 മണിക്കൂര്‍ തന്നെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി രഹസ്യ അജണ്ടയാണെന്ന ആരോപണവുമായി ബി.എസ്.പി നേതാവ് മായാവതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് പിന്നിലെ രഹസ്യ അജണ്ട ജനങ്ങള്‍ മനസ്സിലാക്കുമെന്ന് എനിക്കുറുപ്പുണ്ടെന്ന് മായാവതി പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇതിനെതിരെ ശബ്ദുമുയര്‍ത്താന്‍ ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നുവെന്നും മായാവതി ലഖ്നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രചാരണ വിലക്കേര്‍പ്പെടുത്തിയിരുന്നു. സഹാരൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്.

കമ്മീഷന്റെ തീരുമാനം ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണെന്നും മായാവതി ചൂണ്ടിക്കാട്ടി. ഇതൊരു കരിദിനമായി ആചരിക്കും. തന്റെ പ്രസംഗം ഒരിക്കലും പെരുമാറ്റചട്ടം ലംഘിക്കുന്നതായിരുന്നില്ല. തീരുമാനം പുനഃപരിശോധിക്കാന്‍ ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുന്നു. അല്ലെങ്കില്‍ ജനങ്ങള്‍ നിങ്ങള്‍ക്കും ബി.ജെ.പിക്കും ഇതിന് ശക്തമായ മറുപടി വേണ്ട സമയത്ത് നല്‍കും -മായാവതി പറഞ്ഞു.

സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ധൈര്യം കാണിച്ചില്ലെന്നും മായാവതി കുറ്റപ്പെടുത്തി. കേന്ദ്രത്തില്‍ ഞങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടിയാല്‍ ഇതിന് പലിശയടക്കം തിരിച്ച് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Read More >>