തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ നടപടിയില്ലെ?

പല സംസ്ഥാനങ്ങളിലായി പെരുമാറ്റച്ചട്ട ലംഘനത്തില്‍ വന്നേക്കാവുന്ന നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു നടപടിയും എടുത്തില്ല. മാര്‍ച്ച് പത്തിന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിയിലെ മോദിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. പുതിയ വോട്ടര്‍മാരെയും മറ്റും ലക്ഷ്യം വെച്ച്, ബാലാക്കോട്ടില്‍ വ്യോമാക്രമണത്തില്‍ പങ്കാളികളായ സൈന്യത്തിനും പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് വിനിയോഗിക്കണമെന്നായിരുന്നു മോദിയുടെ പ്രസംഗം.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കെതിരെ നടപടിയില്ലെ?

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ബി.എസ്.പി നേതാവ് മായാവതിക്കെതിരെയും അസം ഖാനെതിരെയും നടപടിയെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമുയരുന്നു. രാജ്യത്തിന്റെ പലയിടങ്ങളിലായുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വിദ്വേഷപ്രസംഗം നടത്തിയ മോദിക്കെതിരെ പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുക്കാത്തതാണ് പ്രതിഷേധം ഉയരാന്‍ കാരണം. മോദിക്കെതിരെ കമ്മീഷന്‍ മൗനം പാലിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ ഈ വൈറസ് ബാധിച്ചിരിക്കുകയാണെന്നുമുള്ള പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂര്‍ നേരത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. മുസ്ലിം വോട്ടുകള്‍ ഒരു പാര്‍ട്ടിയുടെ മാത്രം വോട്ടല്ലെന്നും മുസ്ലിങ്ങള്‍ തങ്ങളുടെ വോട്ട് ഭിന്നിക്കാതെ നോക്കണമെന്നും മായാവതി പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. മായാവതിയുടെ ഈ പരാമര്‍ശത്തിനു നേരെ പരാതി ഉയര്‍ന്നതോടെ അവരെ രണ്ടു ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും വിലക്കി.

എന്നാല്‍ പല സംസ്ഥാനങ്ങളിലായി പെരുമാറ്റച്ചട്ട ലംഘനത്തില്‍ വന്നേക്കാവുന്ന നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടും പ്രധാനമന്ത്രിക്കെതിരെ ഒരു നടപടിയും എടുത്തില്ല. മാര്‍ച്ച് പത്തിന് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിയിലെ മോദിയുടെ പരാമര്‍ശം വന്‍ വിവാദമായിരുന്നു. പുതിയ വോട്ടര്‍മാരെയും മറ്റും ലക്ഷ്യം വെച്ച്, ബാലാക്കോട്ടില്‍ വ്യോമാക്രമണത്തില്‍ പങ്കാളികളായ സൈന്യത്തിനും പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും വേണ്ടി വോട്ട് വിനിയോഗിക്കണമെന്നായിരുന്നു മോദിയുടെ പ്രസംഗം. സൈനികരുടെ പേരു പറഞ്ഞ് വോട്ട് പിടിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയായിരുന്നു മോദിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം കമ്മീഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന സുപ്രിം കോടതിയുടെ ഉത്തരവുണ്ടായിട്ടും ശബരിമല എന്ന് പരാമര്‍ശിച്ചും അല്ലാതെയും മോദി അദ്ദേഹത്തിന്റെ പല പ്രസംഗങ്ങളിലും അത് പ്രചാരാണായുധമാക്കിയിരുന്നു. തമിഴ്‌നാട്ടിലെ തേനിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ശബരി വിഷയത്തില്‍ മുസ്ലിം ലീഗ് അപകടകരമായ കളി കളിക്കുകയാണെന്ന് വിമര്‍ശനം നടത്തി. കോഴിക്കോട്ടെ പ്രസംഗത്തിലും ശബരിമല എന്ന് പരാമര്‍ശിക്കാതെ ബി.ജെ.പി വിശ്വാസികള്‍ക്കൊപ്പമാണെന്നും എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും പറഞ്ഞിരുന്നു.

ഇങ്ങനെ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിപക്ഷ നിരയില്‍ വലിയ അമര്‍ഷമുണ്ട്. യോഗി ആദിത്യനാഥിനെതിരെയുള്ള നടപടി തന്നെ കണ്ണില്‍ പൊടിയിടുന്ന ഒന്നു മാത്രമാണെന്നാണ് വിലയിരുത്തല്‍. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നിരവധി പെരുമാറ്റച്ചട്ടലംഘന പരാതികള്‍ ഉയര്‍ന്നിട്ടും കമ്മീഷന്‍ മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

Read More >>