ഇസ്ലാംഭീതിയുടെ ഇരകളായി ഒരു ജനത ആക്രമിക്കപ്പെടുന്ന കാലത്ത്, വേട്ടയാടപ്പെടുന്ന സമൂഹത്തിൽ അവരെ ചേർത്ത്പിടിച്ച് കൊണ്ട് ഞങ്ങളാണ് അവരെന്ന് പ്രഖ്യാപിക്കുന്ന ന്യൂസിലാന്റ് ജനത ലോകത്തിന് മാതൃകയാവുകയാണ്

'സഫ്ഫിൽ' ചേർത്ത് നിർത്തി ന്യുസിലാന്റ് ജനത; ഇങ്ങനെയൊക്കെയാണ് ഒരു രാജ്യം വംശവെറിയെ അതിജീവിക്കുന്നത്

Published On: 17 March 2019 10:40 AM GMT
സഫ്ഫിൽ ചേർത്ത് നിർത്തി ന്യുസിലാന്റ് ജനത; ഇങ്ങനെയൊക്കെയാണ് ഒരു രാജ്യം വംശവെറിയെ അതിജീവിക്കുന്നത്

ന്യൂസിലാൻഡിലെ ക്രെെസ്റ്റ് ചർച്ചിൽ 49 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷം വെറുപ്പിൻെറ പ്രത്യയശാസ്ത്രത്തെ ചെറുത്ത് തോൽപ്പിക്കാൻ ന്യൂസിലാന്റ് ജനത മുന്നിട്ടിറങ്ങിയത് വലിയ കയ്യടികളോടെയാണ് ലോകം സ്വീകരിച്ചത്. ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ വീടുകളിൽ ഹിജാബ് ധരിച്ചെത്തിയാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേൺ ഐക്യദാര്‍ഢ്യം അറിയിച്ചത്. ഒരു മുസ്ലിമല്ലാതിരിന്നിട്ട് കൂടി ജസീന്ദ ഹിജാബ് ധരിച്ചെത്തിയത് മുസ്ലിം ആയതിന്റെ പേരിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്കൊപ്പം താൻ നിൽക്കുന്നു എന്ന് പ്രഖ്യാപിക്കാനായിരുന്നു. മുസ്ലിംങ്ങളോടുള്ള വംശവെറിയെ, വെറുപ്പിനെയാണ് ഈ ഹിജാബിലൂടെ അവർ പരസ്യമായി തള്ളി പറഞ്ഞത്.

ഭീകരാക്രമണത്തിൽ മരണപ്പെട്ട മുസ്ലിം സഹോദരൻമാരെ ചേർത്ത്പിടിച്ച് കൊണ്ട് ന്യൂസിലാന്റ് ജനതയും പ്രധാനമന്ത്രിക്ക് ഒപ്പം നിന്നു. സിഖ് സമൂഹമടക്കം നിരവധി സംഘടനകളും ഭീകരാക്രമണത്തിൻെറ ഇരകളായവരുടെ കുടുംബങ്ങളെ ‍ആശ്വസിപ്പിക്കാനെത്തി.

ഇപ്പേഴിതാ ഭീകരാക്രമണത്തിൻെറ ഇരകളായ മുസ്ലിം സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് ന്യൂസിലാൻ്റിൽ ഒരു പോസ്റ്റർ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. നമസ്കാരത്തിനു വരിചേർന്ന് നിൽക്കുന്ന(സ്വഫ്ഫില്‍ നില്‍ക്കുന്ന) ഇസ്ലാംമതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ അനൗദ്യോഗിക ദേശീയചിഹ്നമായ സിൽവർ ഫേൺ ഫ്ലാ​ഗിൽ (വെള്ളി പുൽച്ചെടി) ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റർ ആണത്. (മുസ്ലിംങ്ങൾ നമസ്കരിക്കുമ്പോള്‍ നിരയായി ചേര്‍ന്ന് നില്‍ക്കുന്നതിനെ 'സ്വഫ്ഫ് എന്നാണ് പറയുന്നത്)


വെള്ള പുൽച്ചെടിയുടെ ഇലയുടെ സ്ഥാനത്ത് നിരയായി നമസ്കരിക്കുന്ന മുസ്ലിം വിശ്വാസികളെയാണ് ദേശീയചിഹ്നത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം കെയിന്‍ വില്യംസടക്കം നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഇസ്ലാംഭീതിയുടെ ഇരകളായി ഒരു ജനത ആക്രമിക്കപ്പെടുന്ന കാലത്ത്, വേട്ടയാടപ്പെടുന്ന സമൂഹത്തിൽ അവരെ ചേർത്ത്പിടിച്ച് കൊണ്ട് ഞങ്ങളാണ് അവരെന്ന് പ്രഖ്യാപിക്കുന്ന ന്യൂസിലാന്റ് ജനത ലോകത്തിന് മാതൃകയാവുകയാണ്.

Top Stories
Share it
Top