എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് സഭയ്ക്ക് അകത്തും പുറത്തും ഉയര്‍ന്നിരുന്നത്.

എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: വിവാദമായ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. 66 നെതിരെ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സംഘടനകള്‍ക്ക് പുറമെ വ്യക്തികളെ കൂടി ഭീകരവാദികളാക്കി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി. ഭേദഗതി രാജ്യത്തെ ഭീകരവാദത്തെ ഇല്ലാതാക്കാനുള്ളതാണെന്നും മതത്തിന്റെയടിസ്ഥാനത്തില്‍ വിവേചനം കാണിക്കില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് സഭയ്ക്ക് അകത്തും പുറത്തും ഉയര്‍ന്നിരുന്നത്. എന്‍.ഐ.എയ്ക്ക് ഇതുവരെ സംഘടനകളെ നിരോധിക്കാനും സ്വത്തു വകകള്‍ കണ്ടുകെട്ടാനുമാണ് അധികാരമുണ്ടായിരുന്നത്. പുതിയ ഭേദഗതിയിലൂടെ വ്യക്തികളുടെ കാര്യത്തിലും എന്‍.ഐ.എക്ക് സമാനമായ അധികാരം ലഭിയ്ക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യക്കടത്ത്, വിദേശ രാജ്യങ്ങളിലെ ഭീകരവാദ കേസുകള്‍ എന്നിവ നേരിട്ട് അന്വേഷിക്കാനും ഇതോടെ കഴിയും.

ബില്ല് അവതരണ വേളയില്‍ സഭയില്‍ അമിത് ഷായും അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ വാഗ്വാദമുണ്ടായി. താങ്കള്‍ എന്നെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട എന്ന് ഉവൈസി പറഞ്ഞു. ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡി.എം.കെ നേതാവ് എ. രാജ കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങള്‍ക്കു നേര്‍ക്കുള്ള കടന്നു കയറ്റമാണ് പുതിയ ഭേദഗതിയെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി

Read More >>