രാഷ്ട്രീയപാര്‍ട്ടികള്‍ മതത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്ന് ഒ പന്നീർസെൽവത്തിൻെറ മകന്‍

Published On: 2019-02-13T17:31:45+05:30
രാഷ്ട്രീയപാര്‍ട്ടികള്‍ മതത്തില്‍ ഇടപെടുന്നതില്‍ തെറ്റില്ലെന്ന് ഒ പന്നീർസെൽവത്തിൻെറ മകന്‍

രാഷ്ട്രീയപാര്‍ട്ടികള്‍ മതത്തില്‍ ഇടപെടുന്നത് തെറ്റായി കാണാന്‍ കഴിയില്ലെന്ന് ഒ പന്നീർസെൽവത്തിൻെറ മകന്‍ രവീന്ദ്രനാഥ് കുമാര്‍. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെടുന്നത് ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയാകണം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനോ ബി.ജെ.പിയ്‌ക്കോ മറ്റു പാര്‍ട്ടികള്‍ക്കോ മതത്തില്‍ ഇടപെടാവുന്നതാണ്- കുമാര്‍ ചൂണ്ടിക്കാട്ടി. വരുന്ന ലോക്‌സഭ തെരെഞ്ഞടുപ്പില്‍ എ.ഐ.എ.ഡി.എം.കെ ബി ജെ പിയുമായി ചേര്‍ന്ന് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം എ.ഐ.എ.ഡി.എം.കെ ഓഫീസിലെത്തിയ അദ്ദേഹം ലോക് സഭ തെരെഞ്ഞടുപ്പില്‍ തേനിയില്‍ നിന്ന് മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ കുത്തക സീറ്റായ തേനി ലക്ഷ്യമിടുന്ന അദ്ദേഹം ഇവിടെ മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് ചുവട് വെക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ജയലളിതയാണെന്ന് സൂചിപ്പിച്ച എ.ഐ.എ.ഡി.എം.കെ നേതാവ് അച്ഛന്റെ പാത പിന്തുടരാനാണ് തീരുമാനിച്ചതെന്നും ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം മകന്റെ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് പന്നീർസെല്‍വം രംഗത്തെത്തി.

ജയലളിതയില്ലാത്ത ആദ്യ തെരെഞ്ഞടുപ്പിനെ നേരിടാനിറങ്ങുന്ന എ.ഐ.എ.ഡി.എം.കെ പ്രതിസന്ധികള്‍ക്ക് നടുവിലൂടെ കടന്ന് പോകുന്നതിനിടെയിലാണ് രവീന്ദ്രനാഥ് കുമാര്‍ തെരെഞ്ഞടുപ്പ് മോഹം പരസ്യമാക്കി രംഗത്ത് വരുന്നത്. ടി.ടി വി ദിനകരനുയര്‍ത്തുന്ന വിമതസ്വരവും ഡി.എം.കെ ഉയര്‍ത്തുന്ന വെല്ലുവിളിയും എ.ഐ.എ.ഡി.എം.കെക്ക് മുന്നിലുണ്ട്.

കള്ളപ്പണം ഒളിപ്പിക്കാനാണ് താന്‍ അടിക്കടി വിദേശയാത്ര നടത്തുന്നതെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം നിഷേധിച്ചു. ലോകം കാണാനുള്ള തന്റെ ആഗ്രഹമാണ് യാത്രകള്‍ക്ക് പിന്നിലെന്നും മറ്റുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top