'പി എം നരേന്ദ്ര മോദി' മെയ് 19വരെ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ ചിത്രം റിലീസ് ചെയ്യുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ' പി എം നരേന്ദ്ര മോദി' എന്ന സിനിമയുടെ ചിത്രീകരണം ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിങ് നടക്കുന്ന മെയ് 19വരെ അനുവദിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സിനിമ കണ്ടതിന് ശേഷം സുപ്രിം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. മാതൃകാ പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ ചിത്രം റിലീസ് ചെയ്യുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച 20 പേജുള്ള റിപ്പോര്‍ട്ടിലാണ് 'പി എം നരേന്ദ്ര മോദി'യുടെ റിലീസ് മെയ് 19 വരെ തടഞ്ഞ മുന്‍ നിലപാടില്‍ കമ്മീഷന്‍ ഉറച്ചുനിന്നത്. ജീവചരിത്ര വര്‍ണ്ണനയെക്കാള്‍ ചിത്രം വ്യക്തി ചരിത്ര വര്‍ണ്ണനയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളിലെ പല നേതാക്കളും അഴിമതികാരാണെന്ന് ചിത്രത്തില്‍ ആരോപിക്കുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചിത്രത്തിന്റെ റിലീസ് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

Read More >>