റഹ്മാന്‍ മുന്നൂരിന്റെ ദീപ്ത സ്മരണകള്‍ക്കുമുന്നില്‍ ഒത്തുച്ചേര്‍ന്ന് സൗഹൃദ വലയം

ഏതോ ഒരു മാതൃക എന്നെ പഠിപ്പിക്കാന്‍ എന്നിലേക്കയച്ച മാലാഖയായിരുന്നു റഹ്മാന്‍ മൂന്നൂരെന്ന് കവി പി.കെ ഗോപി അനുസ്മരണ പ്രഭാഷണത്തിനിടെ പറഞ്ഞു. ലോകത്തിന്റെ വിമോചന സാഹിത്യത്തെ കുറിച്ചും അതിന്റെ സൗന്ദര്യാത്മക വിശാലതയേ കുറിച്ചുമായിരുന്നു മൂന്നുര് ചിന്തിച്ചത്. പതിഞ്ഞ വാക്കുകളോടെ ഒട്ടും അഹങ്കാരമില്ലാതെ ഞാന്‍ ആരുമല്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സംസ്‌ക്കാരം സ്വന്തം വ്യക്തിതത്വത്തില്‍ അലിയിച്ചിട്ടെടുത്തുള്ളയാളാണ് മുന്നൂര്‍.

റഹ്മാന്‍ മുന്നൂരിന്റെ ദീപ്ത സ്മരണകള്‍ക്കുമുന്നില്‍ ഒത്തുച്ചേര്‍ന്ന് സൗഹൃദ വലയം

കോഴിക്കോട്: അന്തരിച്ച റഹ്മാന്‍ മുന്നൂര് എന്ന എഴുത്തുകാരന്‍ കോറിയിട്ട വരികളും വാക്കുകളും സൃഷ്ടിച്ച സ്നേഹ വലയത്തിന്റെ ഒത്തുച്ചേരലായി തനിമ കലാസാഹിത്യ വേദി സംഘടിപ്പിച്ച 'റഹ്മാന്‍ മുന്നുര് ഓര്‍മ' അനുസ്മരണ പരിപാടി. കേശവമേനോന്‍ ഹാളില്‍ നടന്ന അനുസ്മരണ സദസ്സില്‍ സാമൂഹിക സാംസ്‌ക്കാരിക എഴുത്തു രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

ഏതോ ഒരു മാതൃക എന്നെ പഠിപ്പിക്കാന്‍ എന്നിലേക്കയച്ച മാലാഖയായിരുന്നു റഹ്മാന്‍ മൂന്നൂരെന്ന് കവി പി.കെ ഗോപി അനുസ്മരണ പ്രഭാഷണത്തിനിടെ പറഞ്ഞു. ലോകത്തിന്റെ വിമോചന സാഹിത്യത്തെ കുറിച്ചും അതിന്റെ സൗന്ദര്യാത്മക വിശാലതയേ കുറിച്ചുമായിരുന്നു മൂന്നുര് ചിന്തിച്ചത്. പതിഞ്ഞ വാക്കുകളോടെ ഒട്ടും അഹങ്കാരമില്ലാതെ ഞാന്‍ ആരുമല്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള സംസ്‌ക്കാരം സ്വന്തം വ്യക്തിതത്വത്തില്‍ അലിയിച്ചിട്ടെടുത്തുള്ളയാളാണ് മുന്നൂര്‍.

ചേവായൂരിലെ ലെപ്രസി ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് മുന്നൂര് രചനകളുമായി വരുമായിരുന്നു. അക്ഷരം കൊണ്ടും ഭാവനക്കൊണ്ടും പ്രതിഭ കൊണ്ടും എന്ന സ്പര്‍ശിച്ച വ്യക്തിയായിരുന്നു മുന്നൂരെന്നും പി.കെ ഗോപി അനുസ്മരിച്ചു.

ഗാനരചയിതാവ്, കവി എന്നതിലുമപ്പുറം ദാര്‍ശനികനാണ് റഹ്മാന്‍ മുന്നൂരെന്ന് മാധ്യമം എഡിറ്റര്‍ ഒ അബ്ദുറഹ്മാന്‍ പറഞ്ഞു. രചനകള്‍ കൊണ്ടും മറ്റുള്ളവരുടെ രചനകള്‍ മൊഴിമാറ്റിയും തന്റെ സര്‍ഗവാസന എല്ലാ വിഭാഗം ജനങ്ങളുമായി പങ്കുവെച്ച വ്യക്തിയാണ് അദ്ദേഹം.

ഹിറ്റുപാട്ടുകള്‍ക്കപ്പുറം സമൂഹത്തോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്ന ഗാനരചയിതാവായിരുന്നു മുന്നൂരെന്ന് ബാപ്പു വാവാട് പറഞ്ഞു. നമുക്ക് അനുകരിക്കാന്‍ തോന്നുന്ന വൈഭവമുള്ള കവിതകളായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. ജീവിതം കൊണ്ട് വിനയം എന്താണെന്ന് കാണിച്ചുതന്ന വ്യക്തിയാണ് മുന്നൂരെന്ന് മാപ്പിളപ്പാട്ട് ഗാനരചയിതാവ് സദറുദ്ദീന്‍ പാറന്നൂര്‍ പറഞ്ഞു. മുന്നൂര് എന്ന കൊച്ചുഗ്രാമം നെഞ്ചേറ്റിയ കലാകാരനായിരുന്നു പി.ടി റഹ്മാനെന്ന് ബാപ്പു വെളിപ്പറമ്പ് അനുസ്മരിച്ചു.

തനിമാ കലാ സാഹിത്യ വേദി പ്രസിഡന്റ് ആദം അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. ജാസിം സുലൈം, വി.പി ബഷീര്‍, ഫൈസല്‍ പൈങ്ങോട്ടായി, ജമാല്‍ നദ് വി, ടി.കെ ഹുസൈന്‍, പി.എ.എം ഹനീഫ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തനിമ സെക്രട്ടറി ഡോ. ജമീല്‍ അഹമ്മദ് പരിപാടികള്‍ നിയന്ത്രിച്ചു. ടി മുഹമ്മദ് വേളം സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് റഹ്മാന്‍ മുന്നൂര് രചന നിര്‍വ്വഹിച്ച ഗാനങ്ങളുടെ അവതരണവും നടന്നു.

Read More >>