മൂന്നാര്‍ ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട നിലയില്‍

റിസോര്‍ട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും കാണാതായി. ഏതാനും ദിവസങ്ങളായി സ്ഥാപനത്തില്‍ ഡ്രൈവര്‍ ജോലി ചെയ്തുകൊണ്ടിരുന്ന രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശിയെ സംഭവ ദിവസം മുതല്‍ കാണാനില്ല.

മൂന്നാര്‍ ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉടമയും ജീവനക്കാരനും കൊല്ലപ്പെട്ട നിലയില്‍

ഇടുക്കി: ചിന്നക്കനാലിനു സമീപം നടുപ്പാറയില്‍ റിസോര്‍ട്ട് ഉടമയെയും ജോലിക്കാരനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗ്യാപ്പ് റോഡിന് സമീപം പ്രവര്‍ത്തിയ്ക്കുന്ന സ്വകാര്യ റിസോര്‍ട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കല്‍ ജേക്കബ്ബ് വര്‍ഗീസ് (രാജേഷ്-40), ഇയാളുടെ ജോലിക്കാരനായ പെരിയകനാല്‍ ടോപ് ഡിവിഷന്‍ എസ്റ്റേറ്റ് ലെയ്‌ന്‌സില്‍ താമസിയ്ക്കുന്ന മുത്തയ്യ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

റിസോര്‍ട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും കാണാതായി. ഏതാനും ദിവസങ്ങളായി സ്ഥാപനത്തില്‍ ഡ്രൈവര്‍ ജോലി ചെയ്തുകൊണ്ടിരുന്ന രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശിയെ സംഭവ ദിവസം മുതല്‍ കാണാനില്ല. ഗ്യാപ്പ് റോഡിനു താഴെഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്തെ നാല്‍പ്പത് ഏക്കറോളം വരുന്ന ഏലത്തോട്ടത്തില്‍ ഹട്ടുകള്‍ ആയാണ് റിസോര്‍ട്ട് പ്രവര്‍ത്തിയ്ക്കുന്നത്. മരിച്ച രാജേഷിന്റെ പിതാവ് ഡോക്ടര്‍ വര്‍ഗീസ് മൂന്നാറില്‍ ഹാരിസം മലയാളം പ്‌ളാന്റേഷനില്‍ ജോലിചെയ്തിരുന്നപ്പോള്‍ വാങ്ങിയ തോട്ടത്തില്‍ റിസോര്‍ട്ട് സ്ഥാപിച്ചതും നടത്തുന്നതും ഇയാളായിരുന്നു.

ആറ് ദിവസം മുന്‍പാണ് ഒളിവില്‍പ്പോയിരിക്കുന്ന കുളപ്പാറച്ചാല്‍ സ്വദേശി ഇവിടെ ജോലിക്ക് എത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് മുതല്‍ രാജേഷിനെയും, മുത്തയ്യയെയും കാണാനുണ്ടായിരുന്നില്ല. ബന്ധുക്കള്‍ ഫോണിലേയ്ക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ലഭിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് മുത്തയ്യയുടെ ബന്ധുക്കളും, മറ്റ് ജോലിക്കാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഇന്നു ഉച്ചയോടെ എസ്റ്റേറ്റിലെ ഏലക്കാ ഡ്രയര്‍ മുറിയില്‍ മുത്തയ്യ തലയ്ക്ക് പരിക്കുകളോടെ മരിച്ചുകിടക്കുന്നത് കണ്ടു. തുടര്‍ന്ന് നടത്തിയ വിശദമായ തിരച്ചിലില്‍ തോട്ടത്തിലെ ഏലച്ചെടികള്‍ക്കിടെ രാജേഷിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ നെഞ്ചില്‍ വെടിയേറ്റതുപോലുള്ള മുറിവും കണ്ടു.

പതിവായി മുറ്റത്ത് കാണാറുള്ള കെ.എല്‍ 5 എ.എച്ച് 6296 നമ്പര്‍ കാറും, ഡ്രൈവര്‍ ഗോപനെയും കാണാനുണ്ടായിരുന്നില്ല. നാട്ടുകാര്‍ അറിയിച്ചതിന്‍ പ്രകാരം ശാന്തന്‍പാറ സി.ഐ എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തെത്തുടര്‍ന്ന് കോട്ടയം ഫോറന്‍സിക് വിഭാഗം മൃതദേഹ പരിശോധന നടത്തി. സംഭവസ്ഥലത്ത് നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. മൊബൈല്‍ ഫോണും ലഭിച്ചിട്ടില്ല. കാണാതായ ഡ്രൈവര്‍ ഒളിവില്‍ പോയിരിക്കാമെന്ന് നിഗമനത്തില്‍ ഇടുക്കി എസ്.പി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരം മൂന്നാര്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു. എസ്.ഐമാരായ ബി വിനോദ്കുമാര്‍, കെ.പി രാധാകൃഷ്ണന്‍ എന്നിവരും സംഘത്തില്‍ ഉണ്ട്.

രാജേഷിന്റെ മാതാവ് ഡോ.സുശീല വര്‍ഗീസ്, ഭാര്യ കെസിയ, ഏക മകള്‍ നതാനിയ. മുത്തുമാരി ആണ് മുത്തയ്യയുടെ ഭാര്യ. മക്കള്‍ പവിത്ര,പവിന്‍കുമാര്‍.

Read More >>