കനകയ്ക്കും ബിന്ദുവിനും മുന്നേ യുവതികള്‍ മല കയറി

'നമ്പിനാല്‍ കെടുവതില്ലൈ' എന്ന സിനിമയിലെ ഗാനത്തില്‍ നടി ജയശ്രീ ശബരിമല പതിനെട്ടാം പടിയില്‍ നൃത്തം ചെയ്ത ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു

കനകയ്ക്കും ബിന്ദുവിനും മുന്നേ യുവതികള്‍ മല കയറി

തിരുവനന്തപുരം: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശം വന്‍ വാര്‍ത്താ പ്രാധാന്യം നേടിയെങ്കിലും ഇതാദ്യമായല്ല ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറുന്നത്. വിധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍, മുമ്പ് ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളും പ്രവേശിച്ചിരുന്നെന്ന വെള്ളിപ്പെടുത്തലുകള്‍ പലഭാഗത്തുനിന്നുമുണ്ടായിരുന്നു.

ക്ഷേത്രത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് 91ലുണ്ടായ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് വിഷയത്തില്‍ കൂടുതല്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടക്കുന്നത്.

ശബരിമല ഉപദേശകസമിതി മുന്‍ ചെയര്‍മാന്‍ ടി.കെ.എ നായര്‍, തനിക്ക് ഒരു വയസുള്ളപ്പോള്‍ ശബരിമലയില്‍ വെച്ചാണ് ചോറൂണ് നടത്തിയതെന്നും ആ യാത്രയില്‍ അമ്മ കൂടെ ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തിയിരുന്നു. 1940ല്‍ അച്ഛനും അമ്മയും അമ്മാവനും ചേര്‍ന്നാണ് തന്നെ ശബരിമലയില്‍ കൊണ്ടുപോയത്. ശബരിമല ശ്രീകോവിലിന് മുന്നില്‍ അമ്മയുടെ മടിയിലിരുത്തിയാണ് ചോറൂണ് ചടങ്ങ് നടത്തിയത്.

ഒരു കുഞ്ഞുണ്ടായാല്‍ ശബരിമലയില്‍ പോയി ചോറൂണ് നടത്തണമെന്ന് തന്റെ മാതാപിതാക്കളോട് നിര്‍ദ്ദേശിച്ചത് പന്തളം രാജാവായിരുന്നു- എന്നായിരുന്നു ടി.കെ.എ നായര്‍ വെളിപ്പെടുത്തിയിരുന്നത്. 'നമ്പിനാല്‍ കെടുവതില്ലൈ' എന്ന സിനിമയിലെ ഗാനത്തില്‍ നടി ജയശ്രീ ശബരിമല പതിനെട്ടാം പടിയില്‍ നൃത്തം ചെയ്ത ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. 1986 ല്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്. എഴുത്തുകാരന്‍ എന്‍.എസ് മാധവനായിരുന്നു ഈ വിഷയം ആദ്യം ചൂണ്ടികാണിച്ചത്.

ഷൂട്ടിംഗിന്റെ ഫീസ് ആയി 7,500 രൂപ ദേവസ്വം ബോര്‍ഡ് വാങ്ങിയിരുന്നെന്നും 1991ലാണ് കേരള ഹൈക്കോടതി 10-50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പൂര്‍ണമായ വിലക്ക് ഏര്‍പ്പെടുത്തി വിധി പുറപ്പെടുവിച്ചതെന്നും എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചതെന്ന് സിനിമയിലെ സഹനായിക സുധാചന്ദ്രന്‍ പറഞ്ഞിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചത് എന്നായിരുന്നു അവരുടെ വിശദീകരണം.

2012 ഏപ്രില്‍ ആറിന് ശബരിമലയില്‍ പൊലീസ് സംരക്ഷണയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന ദൃശ്യങ്ങളടക്കമുള്ള വാര്‍ത്ത മലയാളത്തിലെ ഒരു ദിനപത്രത്തില്‍ വന്നിരുന്നു. അന്ന് ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോ?ഗ്രാഫര്‍ എബ്രഹാം തടിയൂര്‍ ഇതേക്കുറിച്ചുള്ള വിശദീകരണം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അന്ന് രാഹുല്‍ ഈശ്വറുമായി സംസാരിച്ചിരുന്നെന്നും എബ്രഹാം പറഞ്ഞിരുന്നു. തന്ത്രി കുടുംബവുമായി ബന്ധമുള്ള സുനില്‍ സ്വാമിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ വന്നതെന്നും, കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു എന്നു രാഹുല്‍ ഈശ്വര്‍ പറഞ്ഞതായും എബ്രഹാം തടയൂര്‍ വ്യക്തമാക്കി.

തിരുവിതാംകൂറിലെ അമ്മ മഹാറാണി ആയിരുന്ന മൂലം തിരുന്നാള്‍ സേതുപാര്‍വ്വതിഭായി 1940 മെയ് 13ന് ശബരിമലദര്‍ശനം നടത്തിയിരുന്നെന്നും സമീപകാലത്തു പുറത്തുവന്ന വെളിപ്പെടുത്തലാണ്. കേരളാ ഹൈക്കോടതിയില്‍ ശബരിമല വിഷയത്തില്‍ ബി.മാരാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മലയാള വര്‍ഷം 1115ല്‍ അതായത് 1940ല്‍ തിരുവിതാംകൂര്‍ മഹാറാണി ശബരിമല സന്ദര്‍ശിച്ച കാര്യം സൂചിപ്പിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

Read More >>