ചോരതേടി നിര്‍ത്താതെ ഓടുന്നു ശ്രീജിത്തിന്റെ ഓട്ടോറിക്ഷ

വിവിധ രക്തദാനസന്നദ്ധ സംഘടനകള്‍ക്കായുള്ള വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻ കൂടിയാണ് ശ്രീജിത്ത്. പലപ്പോഴും ഓട്ടോ ഓടിക്കുന്നതിനിടയിലാണ് രക്തം ആവശ്യപ്പെട്ട് ഫോൺ വിളിയെത്തുക. വിളിക്കുന്നവരോട് വാട്സാപ്പിൽ വിവരം കൈമാറാൻ ആവശ്യപ്പെടും.

ചോരതേടി നിര്‍ത്താതെ ഓടുന്നു ശ്രീജിത്തിന്റെ ഓട്ടോറിക്ഷ

സിരകളിൽ മാത്രമല്ല, ചിന്തകളിലും സദാ രക്തമൊഴുകുന്ന ഒരു ഓട്ടോഡ്രൈവറുണ്ട് കോഴിക്കോട്ട്. രക്തദാനം ജീവദാനമായി കണ്ട് ഏത് പാതിരാവിലും രക്തദാതാക്കളെ തേടിയലയുന്ന ഒരു മനുഷ്യൻ. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി ശ്രീജിത്ത് പുതുപ്പാടിയാണ് രക്തദാനവഴിയില്‍ അവിശ്രമം സഞ്ചരിക്കുന്നത്. രക്തം ആവശ്യപ്പെട്ട് വിളികൾ വരാത്ത ഒരുദിവസം പോലും മൂന്നുനാലു വർഷത്തിനിടെ ശ്രീജിത്തിന്റെ ജീവിതത്തിലില്ല.

ശ്രീജിത്തിനു വരുന്ന വാട്സാപ് സന്ദേശങ്ങളിലേറെയും രക്തം തേടിക്കൊണ്ടുള്ളവ തന്നെ. വിവിധ രക്തദാനസന്നദ്ധ സംഘടനകള്‍ക്കായുള്ള വാട്സാപ് ഗ്രൂപ്പുകളുടെ അഡ്മിൻ കൂടിയാണ് ശ്രീജിത്ത്. പലപ്പോഴും ഓട്ടോ ഓടിക്കുന്നതിനിടയിലാണ് രക്തം ആവശ്യപ്പെട്ട് ഫോൺ വിളിയെത്തുക. വിളിക്കുന്നവരോട് വാട്സാപ്പിൽ വിവരം കൈമാറാൻ ആവശ്യപ്പെടും.

ഈ വിവരങ്ങള്‍ രക്തദാന വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചും അറിയാവുന്ന ആളുകളെ വിളിച്ചും രക്തദാതാവിനെ കണ്ടെത്തും. ഒന്നിൽ കൂടുതൽ ആളുകളെ ആവശ്യമാണെങ്കിൽ നഗരത്തിലെ പരിചയമുള്ള കോളജുകളിലേക്കു വണ്ടിതിരിക്കും. എത്ര അന്വേഷിച്ചിട്ടും ദാതാവിനെ കണ്ടെത്തിയില്ലെങ്കിൽ മുന്നില്‍ കാണുന്ന ഏത് മനുഷ്യനോടും കാര്യംപറഞ്ഞ് ശ്രീജിത്ത് രക്തദാതാവിനെ കണ്ടെത്തും.

രക്തദാനത്തിന്റെ പ്രാധാന്യം വിവരിക്കുന്ന ബോർഡും സ്റ്റിക്കറുകളും നിറയെയുണ്ട് ശ്രീജിത്തിന്റെ ഓട്ടോയില്‍. മോട്ടോർവാഹനവകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഡിജിറ്റൽ ബോർഡുകൾ സ്ഥാപിക്കും.

ശ്രീജിത്തിന്റെ ഓട്ടോയിൽ കയറുന്ന യാത്രക്കാർ വരെ രക്തദാതാക്കളായ അനുഭവങ്ങളുമുണ്ട്. രക്തം ആവശ്യമുള്ള രോ​ഗിയുടെ കൂട്ടിരിപ്പുകാർ പോലും അറിയാതെയാണ് പലപ്പോഴും ദാതാക്കളെ ആശുപത്രികളിൽ എത്തിക്കാറ്. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും തൊഴിലാളി യൂണിയന്റെയും തണലില്ലാതെയാണ് ശ്രീജിത്തിന്റെ പ്രവർത്തനം. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണ് രക്തദാതാക്കളെ തേടിയുള്ള ശ്രീജിത്തിന്റെ പരക്കംപാച്ചിലെന്ന പരാതി ചില സുഹൃത്തുക്കൾക്കെങ്കിലുമുണ്ട്.

2012ൽ ബന്ധുവിന്റെ ചികിത്സാവശ്യാർത്ഥം രക്തദാതാവിനെ തേടി അലഞ്ഞതിന്റെ കഠിനാനുഭവത്തിൽ നിന്നാണ് ശ്രീജിത്ത് പുതുപ്പാടിയെന്ന ഓട്ടോഡ്രൈവർ മുഴുസമയ രക്തദാന പ്രവർത്തകനാകുന്നത്. തുടക്കത്തിൽ സ്വന്തം നാട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. പിന്നീട് പ്രവര്‍ത്തനം നഗരത്തിലേക്കും വ്യാപിപ്പിച്ചു. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രക്തദാന പ്രസ്ഥാനങ്ങളുടെ അമരത്ത് ഇപ്പോള്‍ ശ്രീജിത്തുമുണ്ട്. ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ് ശ്രീജിത്ത്. ​ഗിഫ്റ്റ് ഓഫ് ഹാർട്ടിന്റെ ആഭിമുഖ്യത്തിൽ രക്തദാനത്തിനു പുറമെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സ്കൂൾകിറ്റ് വിതരണം, ഞായറാഴ്ചകളില്‍ ചേവായൂർ ത്വഗ് രോ​ഗാശുപത്രിയിൽ ഭക്ഷണവിതരണം തുടങ്ങി ഒട്ടേറെ കാരുണ്യപ്രവൃത്തികളും നടത്തി വരുന്നു. വിശേഷദിവസങ്ങളിൽ രക്തപരിശോധനാ ക്യാമ്പുകളും ശ്രീജിത്തിന്റെ നേതൃത്വത്തിൽ ​ഗിഫ്റ്റ് ഓഫ് ഹാർട്ട്സ് സംഘടിപ്പിക്കുന്നുണ്ട്.

Read More >>