അലിഗഢ് സര്‍വ്വകലാശാലയെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടി വി; പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

അലിഗഢ് സര്‍വ്വകലാശാലയെ 'ഭീകരവാദികളുടെ സര്‍വ്വകലാശാല' എന്ന് വിളിച്ച് റിപ്പബ്ലിക് ടി വി, പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

അലിഗഢ് സര്‍വ്വകലാശാലയെ അധിക്ഷേപിച്ച് റിപ്പബ്ലിക് ടി വി; പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്. റിപബ്ലിക് ടി.വിയുടെ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ചയുടെ പരാതിയിലാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ക്യാമ്പസിലെത്തിയ റിപബ്ലിക് ടി വി സംഘത്തിന്റെ പ്രകോപനപരമായ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ചാനല്‍ റിപ്പോര്‍ട്ടര്‍ അലിഗഢ് സര്‍വ്വകലാശാലയെ 'ഭീകരവാദികളുടെ സര്‍വ്വകലാശാല' എന്ന് വിളിച്ചതാണ് വിദ്യാര്‍ത്ഥികളെ ചൊടിപ്പിച്ചത്. വിദ്യാര്‍ത്ഥികളില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള ആസൂത്രിതമായ ശ്രമമായിരുന്നു ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെ തുടര്‍ന്ന് ക്യാമ്പസില്‍ അനുവാദമില്ലാതെ പ്രവേശിച്ച ചാനലിനെതിരെയും സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെയും യൂണിവേഴ്‌സിറ്റി ഭരണകൂടം പൊലീസില്‍ പരാതി നല്‍കി.

'കഴിഞ്ഞ ദിവസം സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ കുറിച്ച് സര്‍വ്വകലാശാലയില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ചാനല്‍ സംഘം സര്‍വ്വകലാശാലയുടെ അനുവാദമില്ലാതെയാണ് പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്. പ്രോക്ടറില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്നപ്പോഴാണ് അവര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തിരിഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങളാണ് അവര്‍ മുഴക്കിയത്. അലിഗഢ് സര്‍വ്വകലാശാലയെ 'ഭീകരവാദികളുടെ സര്‍വ്വകലാശാല' എന്ന് വിളിച്ചാണ് അവര്‍ ആക്ഷേപിച്ചത്' - സ്റ്റുഡന്റസ് യൂണിയന്‍ നേതാവ് ഹംസ യൂസുഫ് പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ തങ്ങള്‍ ഒന്നും സംസാരിച്ചില്ലെന്ന് അവകാശപ്പെട്ടു കൊണ്ട് റിപ്പബ്ലിക് റിപ്പോര്‍ട്ടര്‍ നളിനി ശര്‍മ രംഗത്തെത്തി.

Read More >>