ഗോമൂത്രം കുടിച്ച് കാന്‍സര്‍ മാറ്റി; പ്രഗ്യാ സിങ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതോ?

2010ലാണ് പ്രഗ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാലേഗാവ്‌ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2008ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത പ്രഗ്യ സിങ് ജയിലില്‍ കഴിയവെയായിരുന്നു ഇത്. അന്ന് പ്രഗ്യയെ പരിശോധിച്ചത് ജെ.ജെ ആശുപത്രിയിലെ ഡോക്ടര്‍ ടി.പി ലഹാനെയായിരുന്നു. അദ്ദേഹത്തിന്റെ പരിശോധനയില്‍ കാന്‍സര്‍ കണ്ടെത്തിയിരുന്നില്ല.

ഗോമൂത്രം കുടിച്ച് കാന്‍സര്‍ മാറ്റി; പ്രഗ്യാ സിങ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതോ?

കാന്‍സര്‍ രോഗിയാണെന്ന് കാണിച്ച് ജാമ്യം നേടിയ മാലേഗാവ്‌ സ്‌ഫോടനക്കേസിലെ ഒന്നാം പ്രതി പ്രഗ്യ സിങ് കോടതിയെ കബളിപ്പിച്ചതാണെന്ന സംശയം ശക്തമാകുന്നു . രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പ്രഗ്യ സിങ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെ ഏതാനും ഡോക്ടര്‍മാരും പ്രഗ്യയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തു വന്നിരിക്കുകയാണ്.

2010ലാണ് പ്രഗ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാലേഗാവ്‌ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2008ല്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത പ്രഗ്യ സിങ് ജയിലില്‍ കഴിയവെയായിരുന്നു ഇത്. അന്ന് പ്രഗ്യയെ പരിശോധിച്ചത് ജെ.ജെ ആശുപത്രിയിലെ ഡോക്ടര്‍ ടി.പി ലഹാനെയായിരുന്നു. അദ്ദേഹത്തിന്റെ പരിശോധനയില്‍ കാന്‍സര്‍ കണ്ടെത്തിയിരുന്നില്ല. എം.ആര്‍.ഐ സ്‌കാനിലടക്കം പ്രഗ്യയുടെ ആരോഗ്യ സ്ഥിതി സാധാരണ നിലയിയിരുന്നുവെന്നാണ് ടി.പി ലഹാനെയുടെ റിപ്പോര്‍ട്ടിലുള്ളത്.

എന്നാല്‍ രോഗത്തിന്റെ പേരില്‍ പ്രഗ്യ ഠാക്കൂറിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തെരഞ്ഞെടുപ്പില്‍ സജീവമായ പ്രഗ്യ ഗോമൂത്രം കുടിച്ചാണ് തനിക്കു പിടിപ്പെട്ട കാന്‍സര്‍ മാറിയതെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുംബൈയിലെ ടാറ്റ മെമ്മോറിയലിലെ ഏതാനും ഡോക്ടര്‍മാര്‍ പ്രഗ്യക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ഗോമൂത്രം കാന്‍സര്‍ ചികിത്സക്ക് ഗുണം ചെയ്യുമെന്ന് ഒരു ശാസ്ത്രീയ പരിശോധനയിലും തെളിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്രഗ്യ ടാക്കൂര്‍ കാന്‍സര്‍ രോഗികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ പറയുന്നു.

ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഡയറക്ടറായ ഡോക്ടര്‍ രാജേന്ദ്രന്‍ പറയുന്നു, ഗോമൂത്രം കാന്‍സര്‍ ചികിത്സക്ക് യോഗ്യമാണെന്ന് ഇതുവരെയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കാന്‍സറിന് റേഡിയോതെറാപ്പിയും കീമോ തെറാപ്പിയുമല്ലാതെ മറ്റൊരു ചികിത്സയുമില്ലെന്നും രാജേന്ദ്രന്‍ പറയുന്നു.

ടാറ്റ മെമ്മോറിയല്‍ സെന്റ്‌റിലെ സീനിയര്‍ ഡോക്ടറായ പങ്കജും ഇതു തന്നെയാണ് ആവര്‍ത്തിക്കുന്നത്. ഗോമൂത്രത്തിലൂടെ ബ്രേസ്റ്റ് കാന്‍സര്‍ മാറ്റാന്‍ കഴിയുമെന്ന ഒരു പഠനവും ഇതുവരെയും കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ധ്യാപകനും ഗവേഷകനുമായ ഡോക്ടര്‍ ശിരിപദ് ബനാവലി പ്രഗ്യക്ക് ഇത് തെളിയിക്കാന്‍ കഴിയുമോയെന്നും ചോദിക്കുന്നു.

ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് പ്രഗ്യാ സിങ് ടാക്കൂര്‍. ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന പ്രഗ്യാ സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ആജ് തക്ക് ചാനലുമായുള്ള ഇന്റര്‍വ്യൂവിലാണ് വിവാദ പരാമര്‍ശവുമായി പ്രഗ്യാ സിങ് ഠാക്കൂര്‍ രംഗത്ത് എത്തിയത്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പട്ട മുന്‍ ഭീകരവിരുദ്ധ സേന തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെടാന്‍ കാരണം തന്റെ ശാപമാണെന്ന് പറഞ്ഞതു വിവാദമായിരുന്നു. വ്യക്തിപരമായ അഭിപ്രായമെന്ന് പറഞ്ഞാണ് ബി.ജെ.പി ഇതില്‍ നിന്നും തടിയൂരിയത്.

Read More >>