ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍: കൊച്ചിക്കും സാദ്ധ്യത

2020ലാണ് വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്. അണ്ടര്‍ 17 ലോകകപ്പിന്റെ മിന്നുന്ന സംഘടന മികവാണ് ഫിഫയെ ഇന്ത്യയിലേക്ക് ചിന്തിപ്പിച്ചത്.

ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍: കൊച്ചിക്കും സാദ്ധ്യത

കൊച്ചി: അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ വേദിയാകുമെന്ന് ഫിഫ പ്രഖ്യാപിച്ചതോടെ കൊച്ചിയും പ്രതീക്ഷയില്‍. 2017ല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പ് നടത്തി മികവ് തെളിയിച്ച ഇന്ത്യയ്ക്ക് ലഭിച്ച അപ്രതീക്ഷിത സമ്മാനമാണ് ലോകകപ്പ് പ്രഖ്യാപനം. 2020ലാണ് വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയില്‍ നടന്നപ്പോള്‍ കൊച്ചി വേദിയായിരുന്നു. മികച്ച സംഘാടനം കൊണ്ട് കൊച്ചി ഫിഫയുടെ ഗുഡ്ബുക്കില്‍ ഇടം പിടിച്ചിട്ടുമുണ്ട്.

ലോകകപ്പിനായി കോടികള്‍ മുടക്കി ഇവിടെ ഒരുക്കിയ സംവിധാനങ്ങള്‍ വനിതാ ലോകകപ്പിനും വിനയോഗിക്കാം. പരിശീലന മൈതാനങ്ങളെല്ലാം ആധുനിക സൗകര്യത്തിലാണ് ഒരുക്കിയിരിക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്ബോളിനായി ഒരുക്കിയ ടര്‍ഫ് ലോകോത്തര നിലവാരമുള്ളതാണ്. അന്ന് കൊച്ചിയില്‍ കളിച്ച ബ്രസീല്‍, സ്പെയിന്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ മൈതാനത്തിന്റെ നിലവാരത്തെ പ്രശംസിച്ചിരുന്നു. ഈ ഘടകങ്ങളെല്ലാം കൊച്ചിക്ക് അനുകൂലമാണ്.

ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളാണ് അണ്ടര്‍ 17 വനിതാ ലോകകപ്പില്‍ കളിക്കുന്നത്. ആതിഥേയരായതുകൊണ്ട് തന്നെ യോഗ്യത മല്‍സരങ്ങളില്ലാതെ തന്നെ ഇന്ത്യയ്ക്ക് ടുര്‍ണമെന്റില്‍ കളിക്കാം. ഇന്ത്യയും ഫ്രാന്‍സുമാണ് വനിതാ ലോകകപ്പിനായി അവകാശവാദമുന്നയിച്ചത്. അണ്ടര്‍ 17 ലോകകപ്പിന്റെ മിന്നുന്ന സംഘടന മികവാണ് ഫിഫയെ ഇന്ത്യയിലേക്ക് ചിന്തിപ്പിച്ചത്. സ്പെയിനാണ് നിലവിലെ ചാംപ്യന്‍മാര്‍.

Read More >>