കൂത്തുപറമ്പ് ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ ശക്തമായ നിയമസഭാ മണ്ഡലങ്ങളുള്ള വടകരയില്‍ പി. ജയരാജനെ നേരിടാന്‍ വിദ്യാ മതിയാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയെ ചില കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷികളും അറിയിച്ചതിന്റെ പേരിലാണ് പ്രഖ്യാപനത്തില്‍ വടകരയും ഒഴിഞ്ഞു കിടന്നത്. വിദ്യാ ബാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭ്യുഹങ്ങള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസിന്റെ മുതുര്‍ന്ന നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ബന്ധപ്പെട്ടതായാണ് സൂചന.

വടകരയിലെ സ്ഥാനാര്‍ത്ഥി വൈകുന്നത് കോണ്‍ഗ്രസ്-സി.പി.എം ധാരണയുടെ ഭാഗമോ

Published On: 17 March 2019 7:38 AM GMT
വടകരയിലെ സ്ഥാനാര്‍ത്ഥി വൈകുന്നത് കോണ്‍ഗ്രസ്-സി.പി.എം ധാരണയുടെ  ഭാഗമോ

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്തോറും കോണ്‍ഗ്രസ്-സിപിഎം തമ്മില്‍ ഒത്തുകളിയുണ്ടോയെന്ന സംശയത്തിന് ബലമേറുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ തുടക്കത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍, ആര്‍.എം.പി നേതാവ് കെ. രമ, ടി. സിദ്ദീഖ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയിലേക്ക് ചുരുങ്ങിയതാണ് സംശയത്തിന് ബലം കൂട്ടുന്നത്. എന്നാല്‍ സമ്മര്‍ദ്ദം ശക്തമായതോടെ വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപനവുമുണ്ടായതുമില്ല.

വടകരയിലും ഇടുക്കിലും കൈപ്പത്തിയില്‍ തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയതോടെ വടകരയുടെ സാധ്യതാ പട്ടികയില്‍ ഉയര്‍ന്നു കേട്ടത് ടി സിദ്ദീഖിന്റെയും, രാജമോഹന്‍ ഉണ്ണിത്താന്റെയും പേരുകളായിരുന്നു. ഇതിനിടെ വി.ടി ബല്‍റാമിന്റെ പേരും പറഞ്ഞു കേട്ടു. പി. ജയരാജനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്നായിരുന്നു പറഞ്ഞു കേട്ടത്. എന്നാല്‍ കഥയിലെവിടേയും ഇല്ലാതിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്റെ പേരായിരുന്നു ഡല്‍ഹിയില്‍ നിന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അവസാന മണിക്കൂറില്‍ പുറത്തു വന്നത്. ഇതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കകത്തും നിന്നും പുറത്തും നിന്നുമുണ്ടായി.

ഇന്നലെ രാത്രി സെന്റര്‍ ഇലക്ഷന്‍ കമ്മറ്റി യോഗം കഴിഞ്ഞു പുറത്തിറങ്ങിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞത് മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുമെന്നാണ്. ശക്തമായ ഗ്രൂപ്പ് വടംവലികള്‍ നടക്കുന്ന വയനാട്, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റാണ് കോണ്‍ഗ്രസ് നേതൃത്വം വൈകുമെന്നു പറഞ്ഞത്. എന്നാല്‍ പ്രഖ്യാപനം വന്നതോടെ വടകരയും ഒഴിഞ്ഞു കിടന്നു.

കൂത്തുപറമ്പ് ഉള്‍പ്പെടെയുള്ള സി.പി.എമ്മിന്റെ ശക്തമായ നിയമസഭാ മണ്ഡലങ്ങളുള്ള വടകരയില്‍ പി. ജയരാജനെ നേരിടാന്‍ വിദ്യാ മതിയാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയെ ചില കോണ്‍ഗ്രസ് നേതാക്കളും ഘടകകക്ഷികളും അറിയിച്ചതിന്റെ പേരിലാണ് പ്രഖ്യാപനത്തില്‍ വടകരയും ഒഴിഞ്ഞു കിടന്നത്. വിദ്യാ ബാലകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അഭ്യുഹങ്ങള്‍ ഉയര്‍ന്നതോടെ കോണ്‍ഗ്രസിന്റെ മുതുര്‍ന്ന നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ബന്ധപ്പെട്ടതായാണ് വിവരം.

ആര്‍.എം.പിക്ക് സ്വാധീനമുള്ള മണ്ഡലം ഇതിനോടകം തന്നെ സിപിഎമ്മിന് അഭിമാന പ്രശ്‌നമായി കഴിഞ്ഞു. പി. ജയരാജനെ പോലെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിക്കുമ്പോള്‍ പാര്‍ട്ടി വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ ആരോപണവിധേയനായ അദ്ദേഹത്തിന്റെ വിജയം സിപിഎമ്മിന് അനിവാര്യമാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പലപ്പോഴും പ്രതികൂട്ടിലായ പാര്‍ട്ടിക്ക് പ്രതിരോധിക്കാനുള്ള വലിയൊരവസരമാണിത്. ഈയൊരവസരത്തിലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മെല്ലപോക്കില്‍ പ്രവര്‍ത്തകര്‍ പോലും സംശയം പ്രകടിപ്പിക്കുന്നത്.

വടകരയില്‍ പി.ജയരാജന്‍ ജയിക്കണ്ടേതുപോലെ കണ്ണൂരിലും തിരുവനന്തപുരത്തും കോണ്‍ഗ്രസിനും ജയം അനിവാര്യം. പ്രത്യേകിച്ച് കണ്ണൂരില്‍. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ്ും കണ്ണൂരിലെ കോണ്‍ഗ്രസ് മുഖവുമായ കെ. സുധാകരനെ എന്ത് വില കൊടുത്തും കോണ്‍ഗ്രസിന് വിജയിപ്പിക്കണം. അതേപോലെ തിരുവനന്തപുരത്ത് ത്രികോണ മത്സരമാണ് നടക്കുന്നത്. ഇവിടെ ശശി തരൂരിന്റെ വിജയമുറപ്പിക്കണം. ഇതിന്റെയെല്ലാം നീക്ക് പോക്കാണ് വടകരയില്‍ നടക്കുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ സംഭവം കൈവിട്ടതോടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഐക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരം മികച്ച സ്ഥാനാര്‍ത്ഥികളെ തേടുകയാണ്. ടി സിദ്ദീഖ് വടകരയില്‍ മത്സരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ കെ മുരളീധരന്‍, വി.ടി ബല്‍റാം അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്.

Top Stories
Share it
Top