വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരം; മാദ്ധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്

പൊലീസ് ഉദ്യോ​ഗസ്ഥരുടെയും ഐ.ബി ഉദ്യോ​ഗസ്ഥരുടെയും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിനാണ് തനിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് മ‍ൃദുല ഭവാനി ആരോപിച്ചു. കൺവെൻഷനിൽ സി.ഐ സാജൻ സേവ്യർ അടക്കമുള്ളവരുടെ അതിക്രമം റിപ്പോർട്ട് ചെയ്യുകയാണുണ്ടായത്

വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരം; മാദ്ധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്

വടയമ്പാടി ജാതിമതിലിനെതിരെ നടന്ന സമരം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്. 2018 ഫെബ്രുവരി നാലിന് വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ദളിത് സ്വാഭിമാന കൺവെൻഷന്റെ പേരിലാണ് മാദ്ധ്യമപ്രവർത്തക മ്യദുല ഭവാനിക്കെതിരെ പുത്തൻകുരിശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചൂണ്ടിയിൽ നടന്ന കൺവെൻഷൻ റിപ്പോർട്ട് ചെയ്യാനെത്തിയ മ്യദുല ഭവാനിയടക്കം 101 പേർക്കെതിരെയാണ് പൊലീസ് കുറ്റം ചുമത്തിയത്. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന വകുപ്പിലാണ് മൃദുലയെ പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. സംഭവത്തിൽ നാൽപതാം പ്രതിയാണ് മൃദുല.

അതേസമയം പൊലീസ് ഉദ്യോ​ഗസ്ഥരുടെയും ഐ.ബി ഉദ്യോ​ഗസ്ഥരുടെയും അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിനാണ് തനിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് മ‍ൃദുല ഭവാനി ആരോപിച്ചു. കൺവെൻഷനിൽ സി.ഐ സാജൻ സേവ്യർ അടക്കമുള്ളവരുടെ അതിക്രമം റിപ്പോർട്ട് ചെയ്യുകയാണുണ്ടായത്. അവർ ആവശ്യപ്പെട്ട പ്രകാരം പൊലീസ് വാനിൽ കയറാതിരുന്നതിനും പൊലീസ് സ്റ്റേഷനിൽനിന്നും ലെെവ് റിപ്പോർട്ട് ചെയ്തതിനുമാണ് പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം 14ാം തിയ്യതിയാണ് പ്രതിപട്ടികയിലുള്ളവരോട് കോടതിയിൽ ഹാജരാവാൻ നിർദ്ദശിച്ചിരിക്കുന്നത്.

'മാധ്യമപ്രവർത്തനം എങ്ങനെ ക്രെെം ആകും എന്ന് പതിനാലാം തീയ്യതി കോടതിയിലെത്തി ജാമ്യമെടുക്കണം എന്ന് വിളിച്ചുപറഞ്ഞ പൊലീസിനോട് ചോദിച്ചപ്പോൾ അതൊക്കെ കോടതിയിൽ പറഞ്ഞാൽ മതി എന്ന് പറഞ്ഞു. അതെങ്ങനെ ശരിയാകും നിങ്ങൾ തന്നെ പറയ് എന്ന് പറഞ്ഞപ്പോൾ ഞാനിവിടെ പുതുതായി വന്നതാണ് സംഭവത്തെപ്പറ്റി അറിയില്ല എന്ന്. എന്തൊക്കെ ന്യായങ്ങളാണ്' - മൃദുല ഫേസ്ബുക്കിൽ കുറിച്ചു.


Read More >>