പിലിഭിത്തിൽ ജാതിസമവാക്യങ്ങൾ വരുണ്‍ ഗാന്ധിക്ക് എതിരോ?

ഈ തെരഞ്ഞെടുപ്പിൽ എല്ലാവരും ശക്തമായ മത്സരം നേരിടുമെന്നുമെന്നു വരുൺ പറയുന്നു. 17.47 ലക്ഷം വോട്ടുള്ള പിലിഭിതിൽ എനിക്കു അഞ്ചു ലക്ഷം വോട്ടും മുഖ്യ എതിരാളിക്ക് 4.5 ലക്ഷം വോട്ടും ഉറപ്പാണെന്നു അദ്ദേഹം കൂട്ടിചേർത്തു

പിലിഭിത്തിൽ ജാതിസമവാക്യങ്ങൾ   വരുണ്‍ ഗാന്ധിക്ക് എതിരോ?

പിലിഭിത്: ഇതുവരെയുള്ള ഏഴു തെരഞ്ഞെടുപ്പുകളിൽ പിലിഭിത് ലോക്‌സഭാ സീറ്റിൽ കേന്ദ്ര മന്ത്രി മനേകഗാന്ധിയോ മകൻ വരുൺ ഗാന്ധിയോ ആണ് ജയിച്ചിട്ടുള്ളത്. ഒരു തവണ ഒഴികെ എല്ലാ ജയവും 50 ശതമാനത്തിലധികം വോട്ടുകൾ നേടിയായിരുന്നു. എന്നാൽ ഇത്തവണ അത്ര എളുപ്പമാകില്ല മത്സരമെന്നാണ് സൂചനകൾ. 2009ൽ 50.09 ശതമാനം വോട്ടുകൾ നേടിയ വരുൺ ഗാന്ധിയാണ് എസ്.പി-ബി.എസ്.പി മഹാസഖ്യത്തിന്റെ ഹേംരാജ് വർമയോട് ഏറ്റുമുട്ടുന്നത്. എസ്.പി നേതാവാണ് ഹേംരാജ്. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ലെങ്കിലും അപ്‌നാദളിന്റെ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും തെരഞ്ഞെടുപ്പ് യുദ്ധം വരുണും ഹേംരാജും തമ്മിലാണ്.

പരമ്പരാഗതമായി കാർഷികവൃത്തിയിലേർപ്പെടുന്ന ലോധ് വിഭാഗത്തിൽപ്പെട്ട ഹേംരാജ് വർമ്മ ഒ.ബി.സി വോട്ടുകളും അഞ്ചു ലക്ഷം വരുന്ന മുസ്‌ലിം വോട്ടുകളുമാണ് ലക്ഷ്യമിടുന്നത്. ബി.ജെ.പിയുടെ കോർ വോട്ട് ബാങ്കായ ഒ.ബി.സി വോട്ടുകൾ ഭിന്നിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഹേംരാജ്. തീവ്ര ഹിന്ദുത്വം പ്രചാരണത്തിനുപയോഗിക്കുന്ന ബി.ജെ.പിക്ക് മുസ്‌ലിം വോട്ടുകൾ ലഭിക്കില്ലെന്നുറപ്പാണ്. ഇക്കാര്യം വരുണിന്റെ പ്രചാരണത്തിനു നേതൃത്വ നൽകുന്ന നേതാക്കളും സമ്മതിക്കുന്നുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ എല്ലാവരും ശക്തമായ മത്സരം നേരിടുമെന്നുമെന്നു വരുൺ പറയുന്നു. 17.47 ലക്ഷം വോട്ടുള്ള പിലിഭിതിൽ എനിക്കു അഞ്ചു ലക്ഷം വോട്ടും മുഖ്യ എതിരാളിക്ക് 4.5 ലക്ഷം വോട്ടും ഉറപ്പാണെന്നു അദ്ദേഹം കൂട്ടിചേർത്തു. 2009ൽ 2.81 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വരുൺ ജയിച്ചത്. 2014ൽ മനേക 3.07 ലക്ഷം വോട്ടും നേടി. മൂന്നു ലക്ഷം ലോധ് വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. രണ്ടു ലക്ഷത്തിലധികം പട്ടിക ജാതി, അമ്പതിനായിരത്തോളം യാദവ വോട്ടുകളുമുണ്ട്. ഗംങ്ക്വാർ വിഭാഗത്തിൽപ്പെടുന്ന കുർമി വോട്ടുകൾ രണ്ടു ലക്ഷവുമുണ്ട്.

താൻ എന്തിനാണ് സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നും പിലിഭിത്തിലേക്ക് വന്നതെന്നു വിശദ്ദീകരിക്കാനാണ് തെരഞ്ഞെടുപ്പ് റാലികളുടെ സംഹഭാഗവും വരുൺ ഉപയോഗിക്കുന്നത്. ഇനിമുതൽ താൻ നിങ്ങളുടെ കൂടെയുണ്ടാകുമെന്ന ഉറപ്പും വരുൺ നൽകുന്നുണ്ട്. എന്നാൽ സുൽത്താൻപൂർ എം.പിയെ നാട്ടുകൾ തള്ളിക്കളഞ്ഞതിനാലാണ് ബി.ജെ.പി വരുണിലെ പിലിഭിത്തിൽ മത്സരിപ്പിക്കുന്നതെന്നു ഹേംരാജ് പറയുന്നു.

2014ൽ പിലിഭിത്തിലേക്ക് മനേക ഗാന്ധിയെ തിരികെ കൊണ്ടുവരാൻ വരുണിനെ സുൽത്താൻപൂരിലാണ് ബി.ജെ.പി നിർത്തിയത്. മനേക ഗാന്ധി ആറു തവണയാണ് പിലിഭിത്തിൽ നിന്നും വിജയിച്ചത്. 1983,1996 ൽ ജനതാദൾ ടിക്കറ്റിലും 1998,1999 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും 2004,2014ൽ ബി.ജെ.പി ടിക്കറ്റിലുമാണ് മനേക മത്സരിച്ചത്. 2019ൽ അമ്മയും മകനും സീറ്റുകൾ പരസ്പരം മാറുകയായിരുന്നു. എന്നാൽ ഈ സീറ്റുമാറ്റം ബി.ജെ.പിക്ക് വലിയ ഗുണം ചെയ്യുന്നില്ല. പ്രവർത്തകരും പ്രദേശിക നേതാക്കളും പല ഘട്ടങ്ങളിലും അതൃപ്തി പ്രകടമാക്കിയിട്ടുണ്ട്.

പുറത്ത് നിന്നുള്ള ആളുകളെ (ബാഹ്രി) മത്സരിപ്പിക്കുന്നതിനു പകരം പ്രദേശിക നേതാക്കളെ മത്സരിപ്പിക്കണമെന്നു മാർച്ച് 17ന് പിലിഭിത് ലോക്‌സഭയിൽ ഉൾപ്പെടുന്ന അഞ്ചു എം.എൽ.എമാരിൽ മൂന്നു പേർ വാർത്തസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടിരുന്നു.

അഖിലേഷ് യാദവ് സർക്കാറിൽ മന്ത്രിയായിരുന്ന ഹേംരാജ് വർമ വരുണിന്റെ ബാഹ്രി ടാഗ് പ്രചാരണത്തിലുടനീളം ഉപയോഗിക്കുന്നുണ്ട്. വരുണിന്റെ അമ്മ (മനേക) മണ്ഡലത്തെ പിന്നോട്ടടിപ്പിച്ചു. ഇപ്പോൾ സുൽത്താപൂരിൽ 'പരാജയപ്പെട്ട' വരുണിനെ പാർട്ടി തിരികെ കൊണ്ടു വന്നിരിക്കുകയാണെന്നു അദ്ദേഹം പറയുന്നു. ഹിന്ദുക്കൾക്കെതിരെ വിരൽ ചൂണ്ടുന്നവരുടെ കൈ വെട്ടുമെന്നടക്കമുള്ള ഭീഷണികളും വർഗ്ഗീയ പ്രസംഗങ്ങളും കാരണമാണ് 2009ൽ വരുൺ ജയിച്ചതെന്നു ഹേംരാജിന്റെ പ്രചാരണ മാനേജർ പിന്റു യാദവ് പറയുന്നു. ഇത്തവണ അതു നടക്കില്ല. കൂടാതെ എസ്.പി-ബി.എസ്.പി ഒന്നിച്ചാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാതി രാഷ്ട്രീയത്തിൽ പേടിയില്ലെന്നാണ് വരുൺ പറയുന്നത്. മുമ്പും ജാതി രാഷ്ട്രീയം ഇവിടെയുണ്ടായിരുന്നു. അന്നും മനേകയും ഞാനും ഇവിടെ ജയിച്ചു. ഞങ്ങൾക്ക് ഉറച്ച അടിത്തറയുണ്ടെന്നു വരുൺ പറഞ്ഞു. പിന്നാക്ക വിഭാഗക്കാർക്കിടയിൽ മോദിക്കുള്ള പിന്തുണയും മണ്ഡലത്തിലെ പ്രധാന മുസ്‌ലിം നേതാക്കളായ അനീസ് അഹമ്മദ് ഖാൻ, ഹാജി റിയാസ് അഹമ്മദ് എന്നിവർക്ക് ഹേംരാജിനോടുള്ള താൽപര്യകുറവും തനിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വരുൺ.

Read More >>