അഞ്ചു സെറ്റ് വസ്ത്രം, ഒരു സ്വെറ്റർ, പുതപ്പ്, കയ്യിൽ അമ്മതന്ന നാനൂറ് രൂപ; 93 ദിവസം കൊണ്ട് രാജ്യം കറങ്ങിവന്ന പതിനേഴുകാരന്‍

പേഴ്‌സ് കാലിയായിരുന്നു. അവിടം മുതൽ യാത്ര ലോറിയിലായി. ചെന്നൈ ആയിരുന്നു ലക്ഷ്യം.പിന്നീട് കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ അങ്ങനെ രാജ്യം മുഴുവൻ- വിശാൽ പറയുന്നു. ടാങ്കർ ലോറികൾ, ട്രാക്ടർ, സൈക്കിൾ എന്നിവയായിരുന്നു യാത്രാ മാർഗങ്ങൾ.

അഞ്ചു സെറ്റ് വസ്ത്രം, ഒരു സ്വെറ്റർ,  പുതപ്പ്, കയ്യിൽ അമ്മതന്ന നാനൂറ് രൂപ; 93 ദിവസം കൊണ്ട് രാജ്യം കറങ്ങിവന്ന പതിനേഴുകാരന്‍

കൊച്ചി: ലോകം മുഴുവൻ ഒന്നു കറങ്ങിയാലോ, ചെറുപ്പം തൊട്ടേ മനസ്സിൽ ഉണ്ടാവുന്ന സ്വപ്‌നമാണത്. എന്നാല്‍ ആ സ്വപ്നത്തെ കൈപിടിയിലൊതുക്കുന്നതോ ചുരുക്കം ചിലർ മാത്രം. പറഞ്ഞു വന്നത് തൃശ്ശുർകാരൻ ഘടി വിശാൽ ഹെൻറിയെ കുറിച്ചാണ്. 93 ദിവസം കൊണ്ട് രാജ്യം മുഴുവൻ കറങ്ങിവന്നിരിക്കയാണ് 17കാരനായ ഈ കുന്നംകുളംകാരൻ.29 സംസ്ഥാനങ്ങളും സഞ്ചരിച്ചത് പൂജ്യം ബജറ്റിൽ.

ഇന്ത്യയിലെ സംസ്ഥാനങ്ങളെല്ലാം കാണാനുള്ള ആഗ്രഹം എപ്പോഴും നെഞ്ചോടു ചേർത്തിരുന്ന വിശാൽ ഒരിക്കൽ ഈ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞു എന്നാൽ അവർ അതിനെ നിസ്സാരമായാണ് കണ്ടത്. അങ്ങനെ ഇരിക്കെയാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം യാത്രയ്ക്കായി വിനിയോഗിക്കാമെന്ന ആശയം ഉയരുന്നത്. അങ്ങനെ രാജ്യപരിവേക്ഷണത്തിനായി സ്വയം പദ്ധതി തയ്യാറാക്കി. കയ്യിൽ ഒരു പൈസയുമില്ലാതെ യാത്ര ആരംഭിക്കാമെന്നും തീരുമാനിച്ചു. കുറച്ചു സ്ഥലങ്ങൾ സന്ദർശിച്ച് വീട്ടിലേക്കു വരുമെന്നാണ് അച്ഛൻ കരുതിയത് -വിശാൽ പറയുന്നു.

അഞ്ചു സെറ്റ് വസ്ത്രങ്ങൾ, ഒരു സ്വെറ്റർ, ഒരു പുതപ്പ്, കയ്യിൽ അമ്മതന്ന നാനൂറ് രൂപ അതായിരുന്നു യാത്രയ്ക്കായി വിശാൽ കരുതിയത്. അങ്ങനെ ഏപ്രിൽ 2 ന് കൊച്ചിയിൽ നിന്നും കന്യാകുമാരിയിലേക്ക് യാത്ര ആരംഭിച്ചു. കൊച്ചിയിൽ നിന്നും ബസ്സിന് കന്യാകുമാരിയിൽ എത്തി. പേഴ്‌സ് കാലിയായിരുന്നു. അവിടം മുതൽ യാത്ര ലോറിയിലായി. ചെന്നൈ ആയിരുന്നു ലക്ഷ്യം.പിന്നീട് കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ അങ്ങനെ രാജ്യം മുഴുവൻ- വിശാൽ പറയുന്നു. ടാങ്കർ ലോറികൾ, ട്രാക്ടർ, സൈക്കിൾ എന്നിവയായിരുന്നു യാത്രാ മാർഗങ്ങൾ. കഠിനമായ പ്രതിസന്ധികളെ അതിജീവിച്ച് ലോകം കറങ്ങിയ മിടുക്കൻ പറയുന്നു, യാത്ര അതിമനോഹരമായിരുന്നു.

ആരോടും ഭക്ഷണം ആവശ്യപ്പെട്ടിട്ടില്ല. പലരും ഇങ്ങോട്ട് ഭക്ഷണം വാങ്ങി തന്നു. ചില സമയങ്ങളിൽ ക്ഷേത്രങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചു. തടാകങ്ങൾ പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിൽ നിന്നും കുളിച്ചു. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും താൻ പട്ടിണി കിടന്നിട്ടുണ്ട്. ബസ്റ്റോപ്പുകൾ, കടയുടെ വരാന്ത, പള്ളികൾ, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ താമസിച്ചുവെന്നും തൃശ്ശുരിലെ സി.എം.എസ് സ്‌കൂൾ വിദ്യാർത്ഥി പറയുന്നു.

യാത്രയ്ക്കിടെ നാട്ടിലേക്കു മടങ്ങാൻ ഏറെ പ്രേരിപ്പിച്ച ഒരു സംഭവവും ഉണ്ടായി. ഒഡിഷയിൽ വെച്ച് ഫോൺ മോഷണം പോയി. വീട്ടുകാരുമായി ബന്ധപ്പെടാൻ ഒരു നിർവ്വാഹവുമില്ല. പണമില്ലാത്തതിനാൽ പൊലീസും വിഷയത്തിൽ വേണ്ടത്ര ഇടപെട്ടില്ല. പിന്നീട് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വഴിയാണ് മാതാപിതാക്കളുമായി ബന്ധപ്പെടാൻ സാധിച്ചത്. മറ്റൊരു ഫോൺ വാങ്ങാൻ അമ്മ പണം അയച്ചു തന്നുവെന്നും വിശാൽ പറഞ്ഞു.

മാനുഷിക മൂല്യത്തിന്റെ വിലയറിഞ്ഞ അനുഭവവും യാത്രക്കിടെ ഉണ്ടായി. അസമ്മിൽ വെച്ച് മുസ്തഫ എന്നൊരാൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. താൻ കേരളത്തിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ അയാൾ തന്നെ വീട്ടിലേക്ക് കൊണ്ടു പോയി ഭക്ഷണം തന്നു. അയാൾ മലപ്പുറത്ത് ജോലിചെയ്യുന്ന ആളാണെന്നും വിശാൽ ഓർമ്മിക്കുന്നു.

സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് ഏതാണെന്നു ചോദിച്ചാല് വിശാൽ പറയും അത് മേഘാലയയാണ്. പച്ചപ്പും മനോഹാരിതയുമാണ് അവിടത്തെ പ്രത്യേകത.അവിടെ കുറേ മലയാളികളെ കണ്ടപ്പോൾ കേരളത്തിൽ എത്തിയതു പോലെയാണു തോന്നിയത്. നാലോ അഞ്ചോ ദിവസം അവിടെ തങ്ങി.

അപകടകരമായ യാത്ര പൂർത്തിയാക്കിയ ശേഷം ലയൺസ് ക്ലബ് വാങ്ങി നൽകിയ ടിക്കറ്റിൽ ഗോവയിൽ നിന്നും കൊച്ചിയിൽ എത്തി.മാതാപിതാക്കളുടെ പിന്തുണകൊണ്ടാണ് യാത്ര വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത്. തിരിച്ചെത്തിയപ്പോൾ അമ്മ ആദ്യം പറഞ്ഞത് താടി ഷേവ് ചെയ്യ് എന്നാണ് വിശാൽ പറഞ്ഞു. ഇത് വിശാലിന്റെ ആദ്യ തനിച്ചുള്ള യാത്രയല്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ചെന്നൈയിലേക്ക് പോയിട്ടുണ്ട്.

Read More >>