മാടായിപ്പാറ.കോം

എരിപുരം എന്ന പേരിന് സ്ഥലപുരാണം നല്‍കുന്ന അര്‍ത്ഥം കാമദേവനെ എരിച്ചു കളഞ്ഞ പുരം എന്നതാണ്. മഴക്കാലം കഴിഞ്ഞാല്‍ വിശാലമായ മാടായിപ്പാറയുടെ ചൂട് മുഴുവന്‍ ഏറ്റുവാങ്ങി എരിയുന്ന ഇടമാണ് എരിപുരം എന്നതാണ് നാട്ടുകാരുടെ അനുഭവം. സ്‌കൂള്‍ ജീവിതകാലത്ത് എവിടെയോ വായിച്ചിരുന്നു, പോര്‍ത്തുഗീസുകാര്‍ അവരുടെ ഭാഷയില്‍ " തീ എരിയുന്ന നഗരം' എന്ന് അര്‍ത്ഥം വരുന്ന വാക്കുകളിലാണത്രെ ഈ പ്രദേശത്തിന്റെ പേര് പരിഭാഷപ്പെടുത്തിയത്. (ഒരു പക്ഷേ ,ആരോ പറഞ്ഞു കേട്ട വിവരവുമാകാം ഇത്. വിവരത്തിന്റെ സ്രോതസ്സ് പ്രധാനമാണ് എന്നൊന്നും അറിയാതിരുന്ന കാലത്ത് കൈവന്ന വിവരമാണിത.്) എന്തായാലും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഭാഗികമായി എരിപുരം തന്നെയായ സാങ്കല്പിക ഗ്രാമത്തിന് എന്റെ നോവലില്‍ ഞാന്‍ തീയൂര്‍ എന്ന് പേരിട്ടത് - എൻ.പ്രഭാകരൻ

മാടായിപ്പാറ.കോം

കണ്ണൂർ : മാടായിപ്പാറ.കോം പ്രവർത്തനം തുടങ്ങി. മാടായി ഹൈസ്ക്കൂളിന്റെ മുറ്റത്ത് നടന്ന ചടങ്ങിൽ നാടിന്റെ എഴുത്തുകാരൻ എൻ.പ്രഭാകരനാണു മാടായിപ്പാറയുടെ സൈബർ ആകാശം ലോകത്തിനു തുറന്ന് കൊടുത്തത്. മേഖലയുടെ ചരിത്രം, കല, എഴുത്ത് തുടങ്ങിയവ സമഗ്രമായി പ്രതിഫലിപ്പിക്കുന്ന രീതിയിലാണു മാടായിപ്പാറ.കോം (https://madayipara.com/) ഒരുക്കിയിരിക്കുന്നത്. മാടായിപ്പാറയുടെ സൈബർ പ്രവേശനത്തെക്കുറിച്ച് എൻ.പ്രഭാകരന്റെ വാക്കുകൾ .

എന്റെ നാട്ടിലെ പുതിയ തലമുറ കംപ്യൂട്ടർ സാങ്കേതിക വിദ്യയിലുള്ള അവരുടെ ഉയർന്നപരിജ്ഞാനവും കലയോടും സാഹിത്യത്തോടുമുള്ള അവരുടെ ആഭിമുഖ്യവും സർവോപരി ഞങ്ങളുടെയെല്ലാം മനസ്സിന്റെ ഭാഗമായ മാടായിപ്പാറയോടുള്ള അഗാധമായ സ്‌നേഹവും പ്രകടിപ്പിക്കുന്നതിന് സൈബർ ലോകത്ത് മനോഹരമായ ഒരു ഇടം ഒരുക്കിയപ്പോൾ അതിലേക്കുള്ള വാതിൽ തുറന്നുകൊടുക്കാൻ എന്നോടു തന്നെ ആവശ്യപ്പെട്ടതിൽ അത്യധികം ആഹ്‌ളാദവും അഭിമാനവും ഉണ്ട്. മാടായിപ്പാറ.കോം ഒന്നുരണ്ടാഴ്ചയ്ക്കകം സൈബർ ലോകത്തെ വളരെ ശ്രദ്ധേയമായ ഒരു സാന്നിധ്യമായിത്തീരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഈ പ്രദേശത്തും സമീപഗ്രാമങ്ങളിലുമുള്ള എഴുത്തുകാർ,ചിത്രകാരന്മാർ,നാടക പ്രവർത്തകർ, സിനിമാനടന്മാർ,ഗായകർ ഇവരൊക്കെ മനസ്സ് വെച്ചാൽ എളുപ്പത്തിൽ സാധിക്കാവുന്നതേയുള്ളൂ അത് .

വെബ് സൈറ്റിലെ എ.പ്രഭാകരന്റെ ലേഖനത്തിൽ നിന്ന് ഒരു ഭാഗം

എന്റെ പാറ

മാടായി ഹൈസ്‌ക്കൂളില്‍ ഞാന്‍ പഠിക്കുമ്പോള്‍ അവിടെ അറബിക് പഠിപ്പിച്ചിരുന്ന മാഷ് പരീക്ഷാഹാളില്‍ പിന്‍ബെഞ്ചിലിരിക്കുന്നവന്റെ ഉത്തരക്കടലാസ്സിലേക്ക് തിരിഞ്ഞു നോക്കുന്നവരോട് "തിരിഞ്ഞു നോക്കരുത്,തിരിഞ്ഞു നോക്കരുത്, തിരിഞ്ഞുനോട്ടം അറുപതാം വയസ്സിനു ശേഷം' എന്നു പറയുമായിരുന്നു. ഇപ്പോള്‍,അറുപതിനെ സമീപിച്ചുകൊിരിക്കുന്ന എനിക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും സംഭവബഹുലവും അനുഭവസമ്പന്നവുമായ ഘട്ടം ഓര്‍മവെച്ചു തുടങ്ങുന്ന പ്രായം മുതല്‍ പതിനാറ് പതിനേഴ് വയസ്സ് വരെയുള്ള കാലമാണെന്ന് തോന്നുന്നു. ഈ കാലയളവ് മുഴുവന്‍ എനിക്ക് ദൈനംദിന സഹവാസമുണ്ടായിരുന്ന ഭൂവിഭാഗം മാടായിപ്പാറയും പരിസരവുമാണ്. എന്തെന്തൊക്കെ വികാരങ്ങളോടെയാണ് ഇവിടത്തെ ഓരോ മുക്കിലും മൂലയിലും ഞാന്‍ നടന്നിരുന്നത് എന്ന് കാലം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വികാരവായ്‌പ്പോടെ ഓര്‍ത്തെടുക്കാന്‍ ആവുന്നുണ്ട്.

കെ.പി.ഗോപാലന്‍,രാജന്‍മാഷ്, രാമചന്ദന്‍ മാഷ്, സുകുമാരന്‍, എ.വി.പവിത്രന്‍, ദാമോദരന്‍ കുളപ്പുറം എന്നിങ്ങനെ പാറപ്പുറത്തെ എന്റെ നടത്തങ്ങള്‍ക്ക് ഓരോരോ കാലത്ത് ഓരോരുത്തരായിരുന്നു കൂട്ട്. അവര്‍ക്കെല്ലാം മുമ്പ് സ്‌കൂളില്‍ സഹപാഠിയും വെങ്ങര കസ്തൂര്‍ബാ സ്മാരക ഗ്രന്ഥാലയത്തിലേക്കുള്ള സഹനടത്തക്കാരനുമായ കൃഷ്ണനും. സ്ത്രീവിമോചനത്തെ കുറിച്ചൊക്കെ കേരളം കേട്ടു തുടങ്ങുന്നതിനു മുമ്പ് മാടായിപ്പാറപ്പുറത്തൂടെ ഏത് നേരത്തും ഒറ്റയ്ക്ക് ധൈര്യസമേതം നടന്നിരുന്ന ഭാരതീദേവിയാണ് മറ്റൊരാള്‍. ഒമാന്‍ റേഡിയോവില്‍ ജോലി ചെയ്തിരുന്ന ഭാരതീദേവി വളരെ മുമ്പേ ദേശാഭിമാനി വാരികയിലും മറ്റും ചെറുകഥകള്‍ എഴുതിയിരുന്നു. ഭാരതീദേവിയുടെ പല കഥകളിലും മാടായിപ്പാറയും ഒരു പ്രധാന കഥാപാത്രമാണ്.

മാടായിപ്പാറയിലെ ഏറ്റവും ആകര്‍ഷകമായ ജൈവസാന്നിധ്യം ഇറ്റിറ്റിപ്പുള്ള് എന്ന പക്ഷിയാണ്. കുട്ടിക്കാലം മുതല്‍ എനിക്ക് ആത്മബന്ധം തോന്നിയ പക്ഷിയാണിത്. ഇറ്റിറ്റീ, ഇറ്റിറ്റീ എന്നു കരഞ്ഞുവിളിച്ച് ചെറിയ ദൂരത്തില്‍ മാത്രം പറന്നുനടന്ന് വിറച്ചുവിറച്ചു നില്‍ക്കുന്ന പക്ഷി. മഴക്കാലത്ത് ആകാശം മൂടിക്കിടക്കുന്ന നേരങ്ങളില്‍ പാറപ്പുറത്തൂടെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ ഈ പക്ഷിയുടെ കരച്ചില്‍ കേട്ട് എന്റെ ഉള്ള് വെന്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഒരു ബ്‌ളോഗ് തുടങ്ങണമെന്ന് തോന്നിയപ്പോള്‍ അതിന് എന്ത് പേരിടണമെന്നതിനെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇറ്റിറ്റിപ്പുള്ള് എന്ന ഒരേയൊരു പേര് മാത്രമേ മനസ്സിലേക്ക് വന്നുള്ളൂ.

എന്റെ നാട്, എൻ.പ്രഭാകരൻ, മാടായിപ്പാറ.കോം

പ്രകാശനച്ചടങ്ങിൽ ചിത്രകാരൻ മുത്തുക്കോയ സംസാരിക്കുന്നു .

Read More >>