ദയാനദി ഇപ്പോഴും ഒഴുകുന്നു

ഗ്രാമത്തിലേക്ക് കടക്കും മുമ്പ് കൃഷ്ണ ദൂരേക്ക് കൈ ചൂണ്ടി, ''ദാ...ആ കിടക്കുന്നിടത്താണ് കലിംഗ യുദ്ധം നടന്നതെന്നാണ് പൂർവ്വികർ പറയുന്നുത്. ഞങ്ങളുടെ പുരാവൃത്തം നിറയെ ആ കഥകളാണ്. ദയാനദിയുടെ തീരത്ത് യുദ്ധത്തിൽ വെട്ടും കുത്തുമേറ്റ് വീണുമരിച്ചത് ഒന്നര ലക്ഷം പേരാണ്. അന്ന് ദയാനദിയിൽ രക്തം ഒഴുകിയെന്നാണ് പൂർവ്വികർ പറഞ്ഞു കേട്ടത്‌.

ദയാനദി ഇപ്പോഴും ഒഴുകുന്നു

സ്വാതന്ത്ര്യം ലഭിച്ച് രണ്ടോ മൂന്നോ പതിറ്റാണ്ടു വരെ ഇന്ത്യ ലോക പ്രശസ്തമായിരുന്നത് അഹിംസയുടെ പേരിലാണ്. അഹിംസയുടെ പ്രവാചകനായി മഹാത്മാഗാന്ധി അറിയപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്റു അതിന്റെ പേരില്‍ വാഴ്ത്തപ്പെട്ടു. ചേരിചേരാ നയം രാഷ്ട്രത്തിന്റെ സമാധാന ശ്രമങ്ങളുടെ രാഷ്ട്രീയ സാക്ഷ്യമായി. ഇന്ത്യയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമ്പോഴൊക്കെ ലോകമാധ്യമങ്ങള്‍് ആശ്ചര്യക്കുറിയുടെ പശ്ചാത്തലത്തില്‍ അഹിംസയുടെ നാട്ടില്‍ അക്രമം, കലാപം തുടങ്ങിയ തലക്കെട്ടുകള്‍ നല്‍കിയാണ് റിപ്പോര്‍ട്ട് ചെയ്യാറുളളത്. 2000 പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിനു ശേഷം അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്ക് അമേരിക്കയിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പൊരുളും അതാണ്. ഇന്ത്യ അഹിംസയുടെ രാജ്യമാണ്. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ആശയം അംഗീകരിച്ച രാഷ്ട്രമാണ്. ഏഷ്യയുടെ വെളിച്ചമെന്ന് ലോകം ഉദ്ഘോഷിക്കുന്ന ബുദ്ധന്റെ നാടാണ്. അങ്ങനെയാണ് ഇന്ത്യയുടെ ആഗോള പ്രതിച്ഛായ. ഈ ആശയം സ്വതന്ത്രപരമാധികാര ഇന്ത്യ സ്വീകരിച്ചത് മൗര്യസാമ്രാജ്യത്തിന്റെ അധിപന്‍ അശോക ചക്രവര്‍ത്തിക്ക് കലിംഗയുദ്ധാനന്തരമുണ്ടായ മനസാന്തരത്തില്‍ നിന്നാണ്. മഹാഭാരതയുദ്ധം ധര്‍മ്മയുദ്ധം ആയിരുന്നുവെങ്കിലും ഇന്ത്യയുടെ മനസ്സിന് വെളിച്ചം പകര്‍ന്ന ചരിത്രപരമായ വഴിത്തിരിവുണ്ടാക്കിയത് കലിംഗയുദ്ധമാണെന്നാണ് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡം അടക്കി വാണ ഒരു ചക്രവര്‍ത്തിയുടെ മാനസാന്തരവും ബുദ്ധമതത്തിലേക്കുളള മതംമാറ്റവും മാനവചരിത്രത്തിനു നല്‍കിയ ഒരു മഹത്തായ തിരുത്താണ്. രാജ്യം കണ്ട ഏറ്റവും വലിയ രക്തച്ചൊരിച്ചിലുണ്ടാക്കിയ കലിംഗയുദ്ധത്തിന്റെ മൂകസാക്ഷി ദയാനദി ഇന്നും ഒഴുകുന്നു. ഒഡീഷയുടെ പാടശേഖരത്തിലൂടെ വളഞ്ഞും പുളഞ്ഞും അഹിംസയുടെ നനവുളള ഓര്‍മ്മപ്പെടുത്തലായി അത് ശാന്തമായി തന്നെ ഒഴുകുകയാണ്.സന്ധ്യ വീണു തുടങ്ങുമ്പോഴാണ് ദയാനദിയുടെ തീരത്തെ കനാസ് ഗ്രാമത്തിലെത്തിയത്. ആകാശത്ത് ചുവപ്പു പടര്‍ന്നിട്ടുണ്ട്. പരന്നുകിടക്കുന്ന വയലേലകള്‍, സുര്യനെ നോക്കി പറക്കുന്ന പറവകള്‍, ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന അങ്ങാടികള്‍, വളവുകളില്ലാത്ത നീണ്ട പാതയിലൂടെ പകലിനെ പിന്നോട്ട് ഓടിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. വയലുകളില്‍നിന്ന് ആടുമാടുകളെ നയിച്ച് വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍.

''നോക്കൂ, പോത്തുകളും എരുമകളും, സന്ധ്യക്ക്് വീട്ടിലേക്ക് കൊണ്ടുപോകുകയാണ്'' സാരഥി ബട്ടെ കൃഷണ പറഞ്ഞു. മാട്ടുക്കൂട്ടത്തെ നയിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന ആദിവാസി കര്‍ഷകരെ ക്യാമറയില്‍ പകര്‍ത്താന്‍ സഹയാത്രികന്‍ മൊയ്തു വാണിമേല്‍ അത്യുല്‍സാഹത്തോടെ പുറത്തേക്കിറങ്ങി. കനാസിലെത്തുന്നതുവരെ പലനിറങ്ങളിലെ ഗ്രാമക്കാഴ്ച്ചകള്‍ നിറഞ്ഞാടുകുയാണ്. പശ്ചാത്തലത്തില്‍ അസ്തമയസൂര്യന്റെ സുവര്‍ണ്ണവെളിച്ചവും. ഗ്രാമക്കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ വെളിച്ചവുമായി മല്ലിടുകയാണ് മൊയ്തു.

ഗ്രാമത്തിലേക്കുളള വഴിയില്‍ ബട്ടെ കൃഷ്ണ ഒരുപാടു കാര്യങ്ങള്‍ പറയുന്നുണ്ട്. 'ഇഷ്ടാഹാരം മീനും ചോറും ചപ്പാത്തിയുമാണ്. പുഴമീന്‍ കിട്ടും. പിന്നെ കടല്‍ മീനും സുലഭമാണ്. നെല്ല് സ്വന്തമായി ഉണ്ടാക്കുന്നുണ്ട്''. കൃഷ്ണ പറഞ്ഞു. ഗ്രാമത്തിലേക്ക് കടക്കും മുമ്പ് കൃഷ്ണ ദൂരേക്ക് കൈ ചൂണ്ടി, ''ദാ...ആ കിടക്കുന്നിടത്താണ് കലിംഗ യുദ്ധം നടന്നതെന്നാണ് പൂര്‍വ്വികര്‍ പറയുന്നുത്. ഞങ്ങളുടെ പുരാവൃത്തം നിറയെ ആ കഥകളാണ്. ദയാനദിയുടെ തീരത്ത് യുദ്ധത്തില്‍ വെട്ടും കുത്തുമേറ്റ് വീണുമരിച്ചത് ഒന്നര ലക്ഷം പേരാണ്. അന്ന് ദയനദിയില്‍ രക്തം ഒഴുകിയെന്നാണ് പൂര്‍വ്വികര്‍ പറഞ്ഞു കേട്ടത്.'' കൃഷ്ണയുടെ വിവരണം കേട്ടയുടനെ വെറുതെ ആവേശംകൊണ്ട് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു. അതെ, അവന്‍ പറഞ്ഞതുപോലെ ഒന്നരലക്ഷം പേര്‍ യുദ്ധകളത്തിലും പിന്നെ അത്രത്തോളം പേര്‍ പരിക്കേറ്റും കൊല്ലപ്പെട്ടിട്ടുണ്ടെത്ര.. മനസില്‍ മുഴുവന്‍ രക്തമൊഴുകുന്ന ദയാനദിയാണ്. എന്താണെന്നറിയില്ല, ബുദ്ധന്‍, ഗാന്ധിജി, അഹിംസ, ഇന്ത്യ, കോണ്‍ഗ്രസ് ഇങ്ങനെ ഒരോരോ ചിന്തകള്‍ മനസില്‍ കൂടുണ്ടാക്കികൊണ്ടിരുന്നു. പെട്ടെന്നു കാര്‍ നിര്‍ത്തി. 'ഹെയ്, നദിക്കരയിലെ അങ്ങാടിയെത്തി, ഞാനിപ്പം വരാം'' എന്നു പറഞ്ഞ് കൃഷ്ണ ഇറങ്ങി.

അദ്ദേഹം വിളിച്ചപ്പോഴാണ് സ്ഥലകാലത്തേക്കുണര്‍ന്നത്. അങ്ങാടിയിലിറങ്ങി ഒരു സെവന്‍ അപ്പും മറ്റും വാങ്ങി അവന്‍ തിരികെ വന്നു. വീണ്ടും യാത്ര. ചെറിയ റോഡിലൂടെ കുറച്ചുമുന്നോട്ടു പോയി. ''അതാ..ദയാനദി. ഞങ്ങള്‍ അതിലേക്കുണര്‍ന്നു, പുഴ കണ്ടാല്‍ ചാടിക്കുളിക്കാന്‍ തോന്നുന്ന മനസായതിനാല്‍ ആദ്യം തന്നെ കുളിച്ചാലോ എന്ന് ആലോചിച്ചു. സമയം ശരിയല്ലാത്തതുകൊണ്ട് അതിനു മുതിര്‍ന്നില്ല. മാത്രമല്ല, 'കാണുന്നപോലയല്ല, പുഴക്ക് നല്ല ആഴമുണ്ട്.'' അവന്‍ പറഞ്ഞു. യാത്രക്കിടെ പുതിയ കാഴ്ച്ചകളില്‍ കണ്ണുടയ്ക്കുമ്പോഴെല്ലാം മനസിന്റെ ഉള്ളറകളിലേക്ക് ഉള്‍വലിയുന്ന പ്രകൃതമുണ്ട്. ഒരുപക്ഷെ, പുതിയ കാഴ്ച്ച അബോധമനസ്സിലെ അറിവനുഭവത്തിലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുകയായിരിക്കാം. നദിക്കരയില്‍ നിന്നു കൃഷ്ണ പുഴമീന്‍ വാങ്ങി തിരിച്ചുവന്നു. വീണ്ടു കാറോടിച്ചു. ചിന്തയില്‍ നിന്നു ആ ആലോചനകളൊന്നും മായുന്നില്ല. ഒഡീഷയില്‍ കണ്ട മനുഷ്യരെല്ലാം പൊതുവെ ശാന്തരായിരുന്നു. അതെന്തുകൊണ്ടാണെന്ന ഒരാലോചന മനസിനെ വല്ലാതെ മഥിച്ചു. ദയാനദിക്കരയിലെത്തിയപ്പോഴാണ് ആ ആലോചനക്ക് വ്യക്തത കിട്ടിത്തുടങ്ങിയത്. കാര്‍ കൃഷ്ണയുടെ വീട്ടുമുറ്റത്തെത്തി.

നിരയായി കിടക്കുന്ന വീടുകളുടെ ചുവരിലെ പെയിന്റിങ്ങുകളാണ് ആദ്യം കണ്ണുകളെ പുളകം കൊള്ളിച്ചത്. വീടുകളുടെ ചുവരുകളൊന്നും കേരളീയ മാതൃകയിലല്ല പെയിന്റിങ് ചെയ്തത്. ഏറെക്കുറെ എല്ലാ വീടുകളുടെ ചുവരുകളിലും പൂക്കളും ചെടികളുമാണ്. നല്ല നിറങ്ങളില്‍ ലളിതമായ വരകള്‍. അതുകണ്ടപ്പോള്‍ നേരത്തെ ചിന്തയിലുടക്കിയ ചോദ്യങ്ങള്‍ക്കുത്തരം കിട്ടിത്തുടങ്ങി. എന്തുകൊണ്ടാണ് ഒഡീഷക്കാര്‍ സമാധാനകാംക്ഷികളും ശാന്തരുമാകുന്നതെന്നത് വ്യക്തമാക്കുന്നതാണ് ആ ചുവര്‍ ചിത്രങ്ങള്‍. വരാന്തയില്‍ ഞങ്ങളെ സ്വീകരിക്കാന്‍ കൃഷ്ണയുടെ അച്ഛനും ഭാര്യയും രണ്ടു കുട്ടികളും. വരാന്തയില്‍ നിന്ന് അച്ഛന്‍ ഞങ്ങളെ കൃഷ്ണയുടെ ബെഡ് റൂമിലേക്ക് കൊണ്ടുപോയി. അല്‍പ്പം നേരം മൗനം. പിന്നെ ചില കൊച്ചുവര്‍ത്തമാനങ്ങള്‍. ആ കുടംബത്തിന്റെ പെരുമാറ്റം കണ്ടപ്പോള്‍ മനസ് നിറയെ കലിംഗ സംസ്‌കാരത്തെ കുറിച്ചായിരുന്നു ആലോചന. ഇന്നത്തെ ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഉള്‍ക്കൊളളുന്ന മൗര്യസാമ്രാജ്യത്തിന്റെ അധിപനായ അശോക ചക്രവര്‍ത്തി കലിംഗ കീഴടക്കുന്നതിന്റെ കാരണം തന്നെ അത് സര്‍വ്വ ഐശ്വര്യവുമുളള സമൃദ്ധമായ ദേശമായിരുന്നുവെന്നതായിരുന്നു. ബി.സി. 321 വരെ കലിംഗ നന്ദ സാമ്രാജ്യമായിരുന്നു. അതിനു ശേഷം കലിംഗ ഭരണാധികാരിയില്ലാതെ ജനത സ്വയം ഭരിച്ചുവരികയായിരുന്നുവെന്നാണ് ചരിത്രം. അതുകൊണ്ടു തന്നെ അശോകന്റെ പിതാവ് ചന്ദ്രഗുപ്ത മൗര്യനും കലിംഗ കീഴടക്കാന്‍ ശ്രമിച്ചിരുന്നു.

സെവന്‍ അപ്പും പിന്നെ ചായയും പലഹാരവും കഴിച്ചു. അപ്പോഴേക്കും ഇരുള്‍ വീണു കഴിഞ്ഞിരുന്നു. ബട്ടെ കൃഷ്ണ ഞങ്ങളെ കൃഷിയിടം കാണിച്ചുതന്നു. ആ ഗ്രാമം ഉള്‍പ്പെടുന്ന പാണ്ഡ്യകാര ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗമാണ് കൃഷ്ണയുടെ അച്ഛന്‍. കോണ്‍ഗ്രസുകാരന്‍. ഗ്രാമത്തലവന്‍കൂടിയായ അദ്ദേഹം കൃഷിക്കാരനാണ്. കൃഷിയിടത്തുനിന്ന് ഞങ്ങള്‍ വീണ്ടും വീട്ടില്‍ തിരിച്ചെത്തി. കൃഷിയിടത്തേക്ക് ചെന്നപ്പോഴാണ് നൂക്ലിയര്‍ ഗ്രാമമാണ് കാനാസ് എന്നു തിരിച്ചറിഞ്ഞത്. അച്ഛനുമായി സംസാരിക്കാന്‍ അല്‍പ്പനേരം വരാന്തയിലിരുന്നു. ''കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഏറെക്കാലമായി അങ്ങനെ തന്നെയാണ്.'' അദ്ദേഹം പറഞ്ഞു. ''1950 മുതല്‍ ഏഴോ എട്ടോ തവണ കോണ്‍ഗ്രസ് തന്നെയാണ് ഒഡീഷ തുടര്‍ച്ചയായി ഭരിച്ചത്. ഒരു തവണ ജനതാപാര്‍ട്ടിയും ഒരു തവണ ജനതാദളും ഭരിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ പിതാവ് ബിജു പട്നായിക് രണ്ടു തവണ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരില്‍ മകന്‍ നവീന്‍ പട്നായിക് ആരംഭിച്ച ബിജുജനാതദള്‍ (ബി.ജെ.ഡി) ഇപ്പോള്‍ തുടര്‍ച്ചയായി നാലാം തവണയാണ് സംസ്ഥാനം ഭരിക്കുന്നത്.''സംസ്ഥാന അസംബ്ലിയിലേക്ക് 2019-ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലോ, ബി.ജെ.പി വരാനുളള സാദ്ധ്യത എങ്ങനെയാണ്? ആ ചോദ്യം ഉയര്‍ത്തിയപ്പോള്‍ അദ്ദേഹം അല്‍പ നേരം ആലോചിച്ചു. പിന്നീട് പറഞ്ഞു. ''ഒരിക്കലുമില്ല. കലിംഗയുടെ സംസ്‌കാരത്തില്‍ ഹിംസയില്ല.'' വിരല്‍ അകലേക്ക് ചൂണ്ടി പറഞ്ഞു. ''ദയാനദി ഇപ്പോഴും ഒഴുകുന്നുണ്ട്, വളരെ ശാന്തമായി. ഒഡീഷയിലെ ജനത ശാന്തരാണ്. കൂടുതലും ഗോത്രവര്‍ഗ്ഗക്കാരാണ്. തന്റെ അധികാര ദുരക്കുവേണ്ടി കൂട്ടകുരുതി നടത്തിയപ്പോള്‍ ദയാനദിയില്‍ രക്തം ഒഴുകിയത് കണ്ടു മാനസാന്തരം വന്ന് ബുദ്ധമതം സ്വീകരിച്ച അശോക ചക്രവര്‍ത്തിയാണ് ഇന്ത്യക്കും കോണ്‍ഗ്രസിനും ഗാന്ധിജിക്കും അഹിംസ മന്ത്രം സമ്മാനിച്ചത്.'' വളരെ ഹ്രസ്വമായി തന്നെ അദ്ദേഹം മറുപടി നല്‍കി. അശോക ചക്രവര്‍ത്തി കലിംഗ കീഴടക്കുന്നത് ബി.സി.ഇ 262 ലാണ്. അതിനുമുമ്പ് കലിംഗയില്‍ ഗോത്രവര്‍ഗ്ഗം സമൃദ്ധിയോടെ സമാധാന കാംക്ഷികളായി സര്‍വ്വ ഐശ്വര്യത്തോടുകൂടി ജീവിച്ചിരുന്നവെന്നാണ് ചരിത്രം.

ഇപ്പോള്‍ ഇവിടെ ബുദ്ധമത സ്വാധീനം എങ്ങനെയാണ്? അടുത്തത് അങ്ങനെയൊരു ചോദ്യമുയര്‍ത്താനാണ് തോന്നിയത്. ''ഈ മേഖലയില്‍ വലിയ സ്വാധീനമൊന്നും ബുദ്ധമതത്തിനില്ല. പക്ഷെ, മതപരമായ സംഘര്‍ഷമോ വേര്‍തിരിവോ ഒന്നും ഇവിടെയില്ല.'' അതായിരുന്നു മറുപടി. ഏതാണ്ട് രാത്രിയായി. പുലര്‍ച്ചെ അഹമ്മദാബാദിലേക്ക് വിമാനം കയറണം. അവിടെ നിന്നു ഭുവനേശ്വറിലെത്തണം. അമ്പതിലേറെ കിലോമീറ്ററുണ്ട് സഞ്ചരിക്കാന്‍. പോകാനിറങ്ങിയപ്പോള്‍, അച്ഛനും മകനും കുട്ടികളും സമ്മതിക്കുന്നില്ല. ദയാനദിയിലെ മീന്‍ കൂട്ടി ചോറുണ്ണണമെന്ന കൊതി വായിലുണ്ട്. അവിടെ തങ്ങണമെന്ന അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അവിടെ നിന്നു വിട്ടു. സന്ധ്യക്ക് പുറംകാഴ്ച്ചകളൊന്നും കാണാന്‍ പറ്റിയില്ലെങ്കിലും ഒരു ആലോചന മനസ്സില്‍ വീണ്ടുമുടക്കി. കൃഷ്ണയുടെ പേരും അച്ഛന്റെ പേരും തൊഴിലും മക്കളുടെ പേരുമെല്ലാം ഞങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍, ഞങ്ങളുടെ പേരോ ജാതിയോ മതമോ ഒന്നും ആരും ചോദിച്ചിട്ടില്ല. കൃഷ്ണ പോലും ചോദിച്ചില്ല. മൊയ്തുവിനെ സര്‍ജിയെന്നാണ് കൃഷ്ണ വിളിച്ചിരുന്നത്. എന്റെ സാറാണ് മൊയ്തു വാണിമേല്‍ എന്നദ്ദേഹം മനസില്‍ രേഖപ്പെടുത്തി. അതെ,ദയാനദി ഇപ്പോഴും ഒഴുകുകയാണ് കൂടുതല്‍ ശാന്തമായി. ഒപ്പം ഒഡീഷന്‍ ജനതയും, ശാന്തരായി അംഹിസയുടെ ജീവിക്കുന്ന അടയാളമായി ഒഴുകുന്നു. ഇന്ത്യയെന്ന ആശയം പിറന്ന മണ്ണില്‍ അഹിംസയുടെ വിത്തുകള്‍ പാകാതെ അവര്‍ ദയാനദിക്കരയില്‍ വാഴുന്നു. ഇന്ത്യക്ക് ഭാവിയുണ്ടെന്ന പ്രതീക്ഷയുമായി ഞങ്ങള്‍ വീണ്ടും വിമാനം കയറി.

Read More >>