പെരിന്തല്‍മണ്ണയില്‍നിന്ന് അമേഠിയിലേക്ക്; രാഹുലിന്റെ പ്രചാരണത്തിന് മലയാളിയും

രാഹുല്‍ ഗാന്ധിയോടുള്ള സ്നേഹം തലയ്ക്കു പിടിച്ചതു കൊണ്ട് ഒരാഴ്ചത്തേക്ക് വിമാനം കയറി അമേഠിയിലെത്തിയതാണ്.

പെരിന്തല്‍മണ്ണയില്‍നിന്ന് അമേഠിയിലേക്ക്;  രാഹുലിന്റെ പ്രചാരണത്തിന് മലയാളിയും

ന്യൂഡല്‍ഹിയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ പ്രചാരണ ചുമതല സ്വയം ഏറ്റെടുത്ത് എത്തുന്നവരുമുണ്ട്. എന്നാല്‍ കേരളത്തില്‍നിന്ന് ഒരു കോണ്‍ഗ്രസ്സുകാരന്‍ സ്വന്തം ഇഷ്ടപ്രകാരം അമേഠിയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അത് അഫ്സാര്‍ മാത്രമാണ്. പെരിന്തല്‍മണ്ണക്കാരനായ അഫ്സാര്‍ തൃക്കടീരി പി.ടി.എം.എച്ച്.എസില്‍ ഇംഗ്ലീഷ് അദ്ധ്യാപകനാണ്.

ഭക്ഷണം കഴിക്കാന്‍ റെസ്റ്റോറന്റില്‍ കയറിയപ്പോഴാണ് അഫ്സാറിനെ കണ്ടത്. ഇവിടെയും തൊഴിലെടുക്കാന്‍ മലയാളിയോ എന്ന് ചിന്തിച്ചിരിക്കവെ, കക്ഷി കാര്യം പറഞ്ഞു. രാഹുല്‍ ഗാന്ധിയോടുള്ള സ്നേഹം തലയ്ക്കു പിടിച്ചതു കൊണ്ട് ഒരാഴ്ചത്തേക്ക് വിമാനം കയറി അമേഠിയിലെത്തിയതാണ്. ഇവിടത്തെ കാഴ്ചകള്‍ കണ്ട് അമേഠി ഇനിയും വളരാനുണ്ടെന്ന് പറയുന്നു അദ്ദേഹം. അമേഠിക്ക് നല്ലൊരു ടൗണ്‍ പ്ലാനിങ് വേണമെന്നും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്നും ഇദ്ദേഹം പറയുന്നു.

കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വയനാട്വാല എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരിക്കല്‍ വയനാട്വാലയെ കാണാന്‍ രാഹുല്‍ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചെന്നു പറഞ്ഞു അഫ്സാര്‍. രാഹുലിനെ അടുത്തുകണ്ട് സംസാരിക്കാന്‍ ഈ യൂത്ത് കോണ്‍ഗ്രസുകാരനാണ് ഇതുവരെ അവസരമുണ്ടായിട്ടില്ല. എന്തു കൊണ്ട് രാഹുല്‍ എന്ന ചോദ്യത്തിന് അഫ്സാറിന് കൃത്യമായ ഉത്തരമുണ്ട്. 'രാഹുല്‍ ആര്‍.എസ്.എസിനെ എതിര്‍ക്കുന്നു. അപകടകരമായ കളിയാണെന്നു ബോദ്ധ്യമുണ്ടായിട്ടും അദ്ദേഹം അതു ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം. കാണാന്‍ അവസരം കിട്ടുമ്പോള്‍ ഈ പോരാട്ടത്തില്‍ ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് പിന്തുണ അറിയിക്കണം' - അദ്ദേഹം പറയുന്നു.

നേരത്തെ തിരുവനന്തപുരത്ത് ശശി തരൂരിനു വേണ്ടിയും ആലത്തൂരില്‍ രമ്യ ഹരിദാസിനു വേണ്ടിയും വളണ്ടിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ അദ്ധ്യാപകന്‍. ഇനി എവിടേക്കാണ് എന്ന ചോദ്യത്തിന് ഡല്‍ഹിയില്‍ പോകണം, അവിടത്തെ ചില പ്രചാരണങ്ങളില്‍ ഭാഗഭാക്കാകണം എന്നാണ് മറുപടി.

വയനാട്ടിലോ? രാഹുലോ?

രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അറിയാത്ത അമേഠിക്കാരോ? അതേ, അങ്ങനെ ഉള്ളവരുമുണ്ട്. ഗ്രാമത്തിലല്ല, പട്ടണത്തില്‍ തന്നെ. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു എന്നതായിരുന്നു പട്ടണത്തിനു നടുവിലെ മുന്‍ഷിഗഞ്ച് റോഡില്‍ തയ്യല്‍ക്കട നടത്തുന്ന മുഹമ്മദ് അഹ്മദിനോടുള്ള ചോദ്യം. ചോദ്യം കേട്ട അയാള്‍ അന്തം വിട്ടു നിന്നു. ഇതേക്കുറിച്ച് അറിയില്ലെന്ന് പതിഞ്ഞ സ്വരത്തില്‍ മറുപടിയും. വോട്ട് കോണ്‍ഗ്രസിന് ചെയ്‌തെന്നും രാഹുല്‍ഗാന്ധി ജയിക്കുമെന്നും തറപ്പിച്ചു പറഞ്ഞു അദ്ദേഹം.

Next Story
Read More >>