ചൂടത്ത് വാടാതെ പ്രചാരണ ഘോഷങ്ങള്‍

മതവും ജാതിയും ഭീകരവാദവും വച്ചു തന്നെയാണ് ഇപ്പോഴും ഇവിടുത്തെ കളി. ഇന്നലെ ലഖ്‌നൗവില്‍ നടത്തിയ റാലിയില്‍ താന്‍ മാത്രമാണ് ഭീകരവാദത്തെ നേരിടാന്‍ സജ്ജനായ ഭരണാധികാരിയെന്ന് മോദി ആവര്‍ത്തിച്ചു പറഞ്ഞു

ചൂടത്ത് വാടാതെ പ്രചാരണ ഘോഷങ്ങള്‍

ഒമ്പതു മണിയാവുമ്പോഴേക്ക് ആഗ്രയില്‍ ചുടുകാറ്റ് തുടങ്ങും. ഏകദേശം വൈകിട്ട് ആറു വരെ ചൂടും ഉഷ്ണ തരംഗവും. ലഖ്‌നൗവില്‍ ഇന്നലെ അടയാളപ്പെടുത്തിയത താപനില 44.6 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ ചൂട്. ബാന്ദയില്‍ ചൂട് 47.2 ഡിഗ്രിയായി. കിഴക്കന്‍-ബുന്ദേല്‍ഖണ്ഡ് മേഖലയിലാണ് ചൂട് ശരാശരി 45 ഡിഗ്രിയില്‍ നില്‍ക്കുന്നത്. ചൂട് കൂടിയ പ്രദേശങ്ങളിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. പത്താം ക്ലാസ് വരെ രാവിലെ ഏഴര മുതല്‍ 12 വരെയും പതിനൊന്ന് പന്ത്രണ്ട് ക്ലാസ്സുകാര്‍ക്ക് ഉച്ചയ്ക്ക് ഒരു മണി വരെയുമാണ് പുതുക്കിയ സമയം.

പ്രചാരണച്ചൂടിന് കുറവില്ല

പൊള്ളുന്ന ചൂടാണെങ്കിലും നേതാക്കളുടെ പ്രസ്താവനപ്പോരുകള്‍ക്ക് ഇപ്പോഴും ചൂട് കൂടുതല്‍ തന്നെ. രാഹുല്‍ഗാന്ധിയുടെ പൗരത്വം മുതല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം വരെ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. വാര്‍ദ്ധയില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ നടത്തിയ പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. മോദിക്കെതിരെയുള്ള പടയൊരുക്കത്തിന് പ്രതിപക്ഷത്തിന് കമ്മിഷന്‍ തീരുമാനം താല്‍ക്കാലികമെങ്കിലും തിരിച്ചടിയായി.

മതവും ജാതിയും ഭീകരവാദവും വച്ചു തന്നെയാണ് ഇപ്പോഴും ഇവിടുത്തെ കളി. ഇന്നലെ ലഖ്‌നൗവില്‍ നടത്തിയ റാലിയില്‍ താന്‍ മാത്രമാണ് ഭീകരവാദത്തെ നേരിടാന്‍ സജ്ജനായ ഭരണാധികാരിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞു. 'നമ്മള്‍ വിദേശഭൂമിയില്‍ പോയി തീവ്രവാദികളെ കൊന്നു. നമുക്ക് എവിടെപ്പോയി ഇപ്പോള്‍ ആക്രമിക്കാം. നമ്മള്‍ നല്ലതല്ലേ ചെയ്യുന്നത്. നിങ്ങള്‍ സന്തോഷവാന്മാരല്ലേ. മോദി നല്ലതല്ലേ ചെയ്യുന്നത്. നേരത്തെ അമ്പലങ്ങളിലും ചന്തകളിലും ബസ്-തീവണ്ടി സ്റ്റേഷനുകളിലും ഭീകരാക്രമണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഭീകരവാദികള്‍ക്ക് പേടിയാണ്' -മോദി പറഞ്ഞു. മഥുരയിലും ആഗ്രയിലും വെച്ചു സംസാരിച്ച മോദി ഭക്തരെല്ലാം പറഞ്ഞത് ശക്തനായ ഭരണാധികാരി മോദി എന്നാണ്. ഇന്ന് രാവിലെ അക്ബര്‍ ടോമ്പിനു മുമ്പില്‍ പാന്‍-മസാലക്കട നടത്തുന്ന പ്രേംരാജ് അത് എടുത്തു പറഞ്ഞു. 'ഭായി, സാബ് നേരത്തെ ഇവിടെ ഗുണ്ടായിസമുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. മോദിയും യോഗിയും ശക്തരായ ഭരണാധികാരികളാണ്'. മഥുരയില്‍ നിന്ന് വൃന്ദാവനിലേക്കുള്ള യാത്രയില്‍ സഹയാത്രികനായ അഭിഭാഷകന്‍ ഗുപ്താജിയും ഇതു തന്നെ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശാസനകള്‍ക്കും ശിക്ഷയ്ക്കും ശേഷവും മുഖ്യമന്ത്രി യോഗിയുടെ ആയുധവും മോദിയുടേതിന് സമാനം. ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഗാന്ധി കുടുംബത്തിലെ ഒരാള്‍ കണ്ണീര്‍പൊഴിക്കുകയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം സോണിയയുടെ മണ്ഡലമായ റായ്ബറേലിയില്‍ അദ്ദേഹം പറഞ്ഞത്. സോണിയയ്‌ക്കെതിരെ ആയിരുന്നു യോഗിയുടെ ഒളിയമ്പ്.

മോദി രാമക്ഷേത്രത്തിലെത്തുമോ?

നാളെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെ ബാബരി മസ്ജിദില്‍ നിര്‍മിച്ച താല്‍ക്കാലിk ക്ഷേത്രത്തില്‍ എത്തുമോ എന്ന് യു.പി ഉറ്റുനോക്കുന്നുണ്ട്. മെയ് ആറിനാണ് അയോദ്ധ്യ ഉള്‍പ്പെട്ട ഫൈസാബാദ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. 2014ലാണ് ഇതിന് മുമ്പ് മോദി അയോദ്ധ്യയിലെത്തിയത്. റാലിയില്‍ സംസാരിച്ചെങ്കിലും അദ്ദേഹം ക്ഷേത്രത്തില്‍ കയറിയിരുന്നില്ല.

'അയോദ്ധ്യയില്‍ അദ്ദേഹം (മോദി) വരുന്നുണ്ടെങ്കില്‍ അദ്ദേഹം രാം മന്ദിറും ഹനുമാന്‍ ഗര്‍ഹിയും (മറ്റൊരുക്ഷേത്രം) സന്ദര്‍ശിക്കുമെന്ന് ഉറപ്പാണ്' - എന്നു പറയുന്നു വി.എച്ച്.പി വക്താവ് ശരദ് വര്‍മ്മ. ഇതേ ആവശ്യക്കാരനാണ് രാമജന്മഭൂമി ന്യാസ് മേധാവി മഹന്ദ് നൃത്യ ഗോപാല്‍ ദാസും. പ്രധാനമന്ത്രി രാമന്റെ അനുഗ്രഹം തേടിയാല്‍ അതദ്ദേഹത്തിന് ഗുണകരമാണ്. രാജ്യത്തിന് ക്രിയാത്മക സന്ദേശം നല്‍കുകയും ചെയ്യും- ഗോപാല്‍ ദാസ് പറയുന്നു. മോദി എത്തിയിട്ടില്ലെങ്കില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ അയോദ്ധ്യയിലെത്തിക്കാനുള്ള ശ്രമവും ഊര്‍ജ്ജിതമാണ് അണിയറയില്‍.

Next Story
Read More >>