ഫൈസാബാദില്‍ ബി.ജെ.പിക്ക് ചങ്കിടിപ്പ്

അയോദ്ധ്യയില്‍ കളിച്ച തീവ്രഹിന്ദുത്വ രാഷ്ട്രീയമാണ് ബി.ജെ.പിക്ക് ഇന്ത്യയില്‍ വളരാനുള്ള മണ്ണൊരുക്കിയത്.

ഫൈസാബാദില്‍ ബി.ജെ.പിക്ക് ചങ്കിടിപ്പ്

ഫൈസാബാദിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അയോദ്ധ്യ എന്ന ഒരൊറ്റ മേല്‍വിലാസം മതി. അയോദ്ധ്യയില്‍ കളിച്ച തീവ്രഹിന്ദുത്വ രാഷ്ട്രീയമാണ് ബി.ജെ.പിക്ക് ഇന്ത്യയില്‍ വളരാനുള്ള മണ്ണൊരുക്കിയത്. ആ രാഷ്ട്രീയം അയോദ്ധ്യയിലെ തെരുവുകളില്‍ സ്പഷ്ടമായി കാണാം. ഫൈസാബാദും അയോദ്ധ്യയും ഇരട്ടനഗരങ്ങളാണ്. അവധ് നവാബുമാരുടെ ആദ്യ തലസ്ഥാനമാണ് ഫൈസാബാദ്. ഇസ്ലാമിക-പേര്‍ഷ്യന്‍ വാസ്തുകലയുടെ നിര്‍മ്മാണ വിസ്മയങ്ങള്‍ നഗരത്തിലുടനീളം കാണാം.

ബേണിഗഞ്ച് ചൗരാഹ പിന്നിട്ടാല്‍ പിന്നീട് അയോദ്ധ്യയാണ്. രാമന്റെ നഗരം. ക്ഷേത്രങ്ങളുടെ ഭൂമിക. ഫൈസാബാദ് ജില്ലയുടെ പേരു മാറ്റി അയോദ്ധ്യ എന്നാക്കി മാറ്റാന്‍ യോഗി സര്‍ക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇതോടെ അയോദ്ധ്യ ജില്ലാ ആസ്ഥാനമായി മാറും.

രണ്ടു നഗരങ്ങളിലും ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും കൊടിതോരണങ്ങള്‍ കണ്ടു. ഫൈസാബാദില്‍ കോണ്‍ഗ്രസ്സിന് മേധാവിത്വമെങ്കില്‍ അയോദ്ധ്യയില്‍ ബി.ജെ.പിക്ക്. രണ്ടിടത്തും നിറയെ തോക്കേന്തിയ പട്ടാളക്കാര്‍.

ഫൈസബാദില്‍ വോട്ടിങ് ദിനം ഹര്‍ത്താല്‍ പ്രതീതിയാണ്. ഒഴിഞ്ഞ നിരത്തുകളില്‍ മേയുന്ന പശുക്കള്‍. റാകേബ് ഗഞ്ചില്‍ വോട്ടു ചെയ്തു വന്ന ആള്‍ക്കൂട്ടത്തോട് ആര് ജയിക്കുമെന്ന് ചോദിച്ചു. മോദി അല്ലാതെ ആര് എന്ന മറുചോദ്യം. കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ വയനാടിനെ കുറിച്ചായി ചോദ്യം. രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടില്ലേ എന്ന് ഒരാള്‍ പരിഹസിച്ചു. പേര് ചോദിച്ചപ്പോള്‍ എല്ലാവരുടേയും ഉത്തരം ഒന്ന്; 'ചൗക്കിദാര്‍ മോദി'. എന്നെ കൊണ്ടും നിര്‍ബന്ധിച്ചു വിളിപ്പിച്ചു; 'ചൗക്കിദാര്‍ അബ്ബാസ്'. ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ബ്രിജേഷ് സിങിനും ബി.ജെ.പി ജയിക്കുമെന്നതില്‍ സംശയം ഇല്ല. എന്നാല്‍ ഗദ്ബന്ധന്‍ ജയിക്കുമെന്ന് പറഞ്ഞു ഓട്ടോ ഡ്രൈവര്‍ സോനു.

ത്രികോണ പോരാട്ടം

സിറ്റിങ് എം.പി ലല്ലുസിങിനെയാണ് സീറ്റു പിടിക്കാന്‍ ബി.ജെ.പി നിയോഗിച്ചിട്ടുള്ളത്. രാമക്ഷേത്രം പ്രചാരണത്തിനില്ല എന്ന് ബി.ജെ.പി പറയുമ്പോഴും അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്ഷേത്രം നിര്‍മ്മിക്കുമെന്ന് ലല്ലു സിങ് പറയുന്നു. കഴിഞ്ഞ തവണ എസ്.പിയുടെ മിത്രസെന്‍ യാദവിനെ 2.82ലക്ഷം ഭൂരിപക്ഷത്തിനാണ് ലല്ലു തോല്‍പ്പിച്ചത്.

കോണ്‍ഗ്രസിന് വേണ്ടി മുന്‍ യു.പി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കൂടിയായ നിര്‍മന്‍ ഖത്രിയാണ് കളത്തിലുള്ളത്. 2009ല്‍ ഫൈസാബാദ് എം.പിയായിരുന്നു ഇദ്ദേഹം. എന്നാല്‍ കഴിഞ്ഞ തവണ എസ്.പിക്കും ബി.എസ്.പിക്കും പിറകില്‍ നാലാമതായിരുന്നു അദ്ദേഹം. ഗട്ബന്ധനു വേണ്ടി എസ്.പി സ്ഥാനാര്‍ത്ഥി ആനന്ദ് സെന്‍ യാദവാണ് മത്സരരംഗത്തുള്ളത്. കമ്മ്യൂണിസ്റ്റ് നേതാവ് മിത്രാ സെന്‍ യാദവിന്റെ മകനാണ് ആനന്ദ്. സി.പി.ഐ ടിക്കറ്റില്‍ 1989ലും എസ്.പി ടിക്കറ്റില്‍ 98ലും ബി.എസ്.പി ടിക്കറ്റില്‍ 2004ലും ഇവിടെ നിന്ന് വിജയിച്ച നേതാവാണ് മിത്ര സെന്‍ യാദവ്. 2007ല്‍ ഗര്‍ഭിണിയായ ദലിത് യുവതിയെ തട്ടിക്കൊണ്ടു പോയി കൊന്ന കേസ്സില്‍ ശിക്ഷയനുഭവിച്ചയാളാണ് ആനന്ദ്. പിന്നീട് അലഹബാദ് ഹൈക്കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഇത് പഴയ കേസാണെന്നും അത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നുമാണ് എസ്.പി നേതാക്കള്‍ പറയുന്നത്. എസ്.പിയിലെ പാസി നേതാവ് അവ്ദേശ് വര്‍മ്മയ്ക്ക് സീറ്റ് നിഷേധിച്ചത് പാര്‍ട്ടിക്കുള്ളില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. പാസികളും കോറികളും (രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ജാതി) ഫൈസാബാദിലെ ഏറ്റവും വലിയ ദലിത് സമൂഹങ്ങളാണ്.

സമവാക്യങ്ങള്‍

ത്രികോണ പോരാട്ടത്തില്‍ ജാതി കണക്കിലെടുക്കുമ്പോള്‍ ബി.ജെ.പിക്കാണ് മുന്‍തൂക്കം. 2014ല്‍ 48.08 ശതമാനം വോട്ടു നേടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ലല്ലു സിങ് മണ്ഡലത്തില്‍ നിന്ന് ജയിച്ചു. നിലവില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചു നിന്നാലും ഇത്രയും വോട്ട് ഓഹരി കിട്ടില്ല. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴു നിയമസഭാ സീറ്റില്‍ അഞ്ചിടത്തും ജയിച്ചത് ബി.ജെ.പിയാണ്. അതേസമയം, ഗട്ബന്ധന് നിയമസഭയില്‍ മൊത്തം കിട്ടിയ വോട്ട് 5.43 ലക്ഷമാണ്. ബി.ജെ.പിക്ക് 4.97 ലക്ഷവും. ഇത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗട്ബന്ധന്‍. കാര്‍ഷിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഗ്രാമീണ മേഖലകള്‍ തങ്ങളെ കൈവിടുമോ എന്നാണ് ബി.ജെ.പിയുടെ ആശങ്ക.

മണ്ഡലത്തില്‍ പട്ടിക ജാതി, മുസ്ലിം, ഒ.ബി.സി വോട്ടുകള്‍ നിര്‍ണ്ണായകമാണ്. ബ്രാഹ്മണര്‍ക്കും ഠാക്കൂറുമാര്‍ക്കും മേധാവിത്വമുണ്ട്. യാദവേതര ഒ.ബി.സിക്കും ജാതവേതര ഒ.ബി.സി വിഭാഗങ്ങളും ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നു.

ആദ്യം വോട്ട്, പിന്നെ പ്രാതല്‍

ശനിയാഴ്ച ഫൈസാബാദ് ജില്ലാ ഭരണകൂടം രണ്ടു സീറ്റുള്ള വിമാനത്തില്‍ നിന്ന് ഫൈസാബാദില്‍ വിതരണം ചെയ്ത ലഘുലേഖയുടെ തലക്കെട്ടാണിത്. അതു വായിച്ചിട്ടാണെന്നു തോന്നുന്നു രാവിലെ മുതല്‍ തന്നെ പോളിങ് സ്റ്റേഷനില്‍ വലിയ ക്യൂ കണ്ടു. പര്‍ദ്ദ ധരിച്ച സ്ത്രീകള്‍ കൂട്ടത്തോടെയാണ് പലയിടങ്ങളിലും വോട്ടു ചെയ്യാനെത്തിയത്. 75 ശതമാനം പോളിങ് ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം ഇരുപതിനായിരം ലഘുലേഖകള്‍ വിതരണം ചെയ്തത്. കഴിഞ്ഞ തവണ 58 ശതമാനമായിരുന്നു ഇവിടത്തെ പോളിങ്.

Next Story
Read More >>