അമേഠിയില്‍ ഇഞ്ചോടിഞ്ച്

പതിറ്റാണ്ടുകളായി ഗാന്ധികുടംബത്തെ മുന്നുംപിന്നും നോക്കാതെ പിന്തുണച്ചവരാണ് അമേഠിക്കാര്‍. രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധി മത്സരിച്ച 1977 മുതല്‍ തുടങ്ങുന്നു ആ പൊക്കിള്‍ക്കൊടി ബന്ധം.

അമേഠിയില്‍ ഇഞ്ചോടിഞ്ച്

വോട്ടെണ്ണുമ്പോള്‍ അമേഠി ഒളിപ്പിച്ചു വച്ചത് എന്തായിരിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എളുപ്പത്തില്‍ ജയിച്ചു കയറുമെന്ന് ഇവിടത്തെ കോണ്‍ഗ്രസ്സുകാര്‍ പോലും പറയുന്നില്ല. 'കടുത്ത മത്സരമാണ് നടക്കുന്നത്. ചെറിയ മാര്‍ജിനിലായിരിക്കും രാഹുലിന്റെ ജയം' - ഇതു പറഞ്ഞു ഞെട്ടിച്ചത് കോണ്‍ഗ്രസ് പ്രചാരണ കാര്യാലയത്തിലെ താല്ക്കാലിക ജീവനക്കാരന്‍ ജീത്തുവാണ്. കംപ്യൂട്ടര്‍ എഞ്ചിനീയറിങ് കഴിഞ്ഞിട്ടും തൊഴില്‍ രഹിതനായ ചെറുപ്പക്കാരന്‍.

'രാഹുല്‍ ജയിക്കാന്‍ തന്നെയാണു സാദ്ധ്യത. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമുണ്ടാകില്ല. 15 വര്‍ഷം എം.പിയായിരുന്നിട്ടും അദ്ദേഹം മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടത്തെ മുസ്ലിംകള്‍ക്ക് രാഹുലിനെ ഇഷ്ടമാണ്. നാലര ലക്ഷത്തോളം വരുന്ന അവരുടെ വോട്ടുകള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ സഹായിച്ചേക്കും' - രാഹുലിന് വേണ്ടി കേരളത്തില്‍ നിന്ന് പ്രചാരണത്തിനെത്തിയ മലയാളി അദ്ധ്യാപകന്‍ അഫ്സാര്‍ പറയുന്നു. ഒരു വി.വി.ഐ.പി മണ്ഡലമെന്ന നിലയില്‍ വേണ്ടത്ര കാര്യങ്ങള്‍ അമേഠിയില്‍ നടന്നിട്ടില്ല എന്ന് സമ്മതിക്കുന്നു രാഹുലിന്റെ കട്ടഫാനായ അഫ്സാര്‍.

പിടിച്ചടക്കാന്‍ ബി.ജെ.പി

വോട്ടെടുപ്പു ദിവസമാണ് ഫൈസാബാദില്‍ നിന്ന് സുല്‍ത്താന്‍പൂര്‍ വഴി അമേഠിയിലെത്തിയത്. ഒരു ചെറുപട്ടണമാണ് അമേഠി. പതിറ്റാണ്ടുകളായി ഗാന്ധി കുടുംബം പ്രതിനിധീകരിക്കുന്ന സ്ഥലം എന്നതിന്റെ പകിട്ടൊന്നും അമേഠിക്കില്ല. കൊട്ടിക്കലാശത്തില്‍ അമിത് ഷാ നടത്തിയ റോഡ് ഷോയുടെ ബാക്കിപത്രങ്ങള്‍ നഗരത്തിലുണ്ട്. ഇടുങ്ങിയ കെട്ടിടങ്ങള്‍ക്കു മീതെ ബി.ജെ.പി പതാകകള്‍ കാറ്റിലുലഞ്ഞു. റോഡിനു കുറുകെ കെട്ടിയ കയറില്‍ ബന്ധിച്ച കാവി ബലൂണുകളുടെ കാറ്റു പോയിരിക്കുന്നു. അമിത് ഷാ പോകുമ്പോള്‍ കെട്ടിടങ്ങളില്‍ നിന്ന് വര്‍ഷിച്ച ജമന്തിപ്പൂക്കള്‍ കൊണ്ട് റോഡ് പരവതാനി പോലെ ആയിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.

വോട്ടു ചെയ്തു വന്ന ആള്‍ക്കൂട്ടത്തിലേക്ക് കയറിയതും അവര്‍ പരാതിയുടെ കെട്ടഴിച്ചതും ഒന്നിച്ചാണ്. 'ഇത്തവണ ഇവിടെ ബി.ജെ.പി വരും. ഇത് മാറ്റത്തിന്റെ കാലമാണ്. പതിനഞ്ചു വര്‍ഷമായി രാഹുല്‍ ഗാന്ധി ഒരു പൈസയുടെ വികസനം പോലും മണ്ഡലത്തില്‍ കൊണ്ടുവന്നിട്ടില്ല. ഇത്തവണ അദ്ദേഹം തോല്‍ക്കും. ഇതു കൊണ്ടാണ് അദ്ദേഹം വയനാട്ടിലേക്ക് രക്ഷപ്പെട്ടത്' - കഴുത്തില്‍ കാവിക്കൂറ ചുറ്റിയ കടുത്ത ബി.ജെ.പി ആരാധകനായ സത്യം അഗ്രഹാരി പറഞ്ഞു. സ്മൃതി ഇറാനി രണ്ടു ലക്ഷം വോട്ടിന് ജയിക്കുമെന്ന് പ്രവചിച്ചു ഗണശ്യാം. 'ഞങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു രാഹുല്‍ഗാന്ധി. മുന്‍ഗാമികളുടെ ബലത്തിലാണ് അദ്ദേഹം ഇതുവരെ ജയിച്ചത്'' - ചര്‍ച്ചയിലേക്ക് ബൈക്കിലെത്തിയ ഹര്‍കേഷ് കുമാര്‍ പറഞ്ഞു.

എങ്ങനെയെങ്കിലും അമേഠി പിടിച്ചടക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. സ്മൃതി ഇറാനി അഞ്ചു വര്‍ഷം ഈ മണ്ഡലത്തില്‍ തന്നെ ക്യാമ്പ് ചെയ്തതും അതുകൊണ്ടു തന്നെ. അമിത്ഷാ കൊട്ടിക്കലാശത്തിന് അമേഠി തിരഞ്ഞെടുക്കാനുള്ള കാരണവും മറ്റൊന്നല്ല.

പ്രതാപത്തിന്റെ ഓര്‍മ്മകള്‍

പതിറ്റാണ്ടുകളായി ഗാന്ധികുടംബത്തെ മുന്നുംപിന്നും നോക്കാതെ പിന്തുണച്ചവരാണ് അമേഠിക്കാര്‍. രാജീവ് ഗാന്ധിയുടെ സഹോദരന്‍ സഞ്ജയ് ഗാന്ധി മത്സരിച്ച 1977 മുതല്‍ തുടങ്ങുന്നു ആ പൊക്കിള്‍ക്കൊടി ബന്ധം. അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന ആ തെരഞ്ഞെടുപ്പില്‍ സഞ്ജയ് തോറ്റു. എന്നാല്‍ എണ്‍പതിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ സജ്ഞയ് വെന്നിക്കൊടി നാട്ടി. അദ്ദേഹത്തിന്റെ മരണ ശേഷം 84,89,91 തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് രാജീവ് ഗാന്ധി. രാജീവ് കൊല്ലപ്പെട്ടതിനു ശേഷം ഗാന്ധികുടംബത്തിന്റെ അടുപ്പക്കാരന്‍ സതീഷ് ശര്‍മയാണ് വിജയിച്ചത്. 98ല്‍ ശര്‍മ ബി.ജെ.പിയുടെ സഞ്ജയ് സിങിനോട് തോറ്റു. 99ല്‍ മണ്ഡലത്തില്‍ സോണിയയെത്തി. 2004ല്‍ മകനു വേണ്ടി വഴി മാറിക്കൊടുത്തു. അതിനു ശേഷം നാലാം തവണയാണ് രാഹുല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്. അമേഠിയില്‍ രാഹുലിന്റെ ജനപ്രീതി ഇടിയുന്നു എന്നത് കോണ്‍ഗ്രസ്സിനെ അസ്വസ്ഥപ്പെടുത്തുന്നു. 2004ല്‍ 66 ശതമാനം വോട്ടാണ് രാഹുലിന് കിട്ടിയത്. 2009ല്‍ അത് 71.78 ശതമാനമായെങ്കിലും 2014ല്‍ അത് 46.71 ശതമാനമായി. ബി.ജെ.പിയുമായി 5.81 ശതമാനം വോട്ടിന്റെ മാത്രം വ്യത്യാസം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന് കീഴിലെ അഞ്ചു നിയമസഭകളില്‍ ഒന്നു പോലും കോണ്‍ഗ്രസ്സിന്റെ കൈവശമില്ല. അമേഠിയില്‍ നാലാമതായിരുന്നു കോണ്‍ഗ്രസ്.

രാജീവ് ഗാന്ധിയോടുള്ള ഇഷ്ടമാണ് രാഹുലിന് വോട്ടു നല്‍കാനുള്ള കാരണമെന്ന് പറയുന്നു പലരും. മുവ്വായിരം പേര്‍ തൊഴിലെടുക്കുന്ന സിമന്റ് ഫാക്ടറിയും അയ്യായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കോര്‍വയിലെ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റഡും രാജീവ് കൊണ്ടുവന്നതാണ്. അമേഠി റെയില്‍വേ സ്റ്റേഷന്‍ അല്ലാതെ രാഹുല്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന വലിയ പദ്ധതികളൊന്നും മണ്ഡലത്തിലില്ല.

കൈവിടാതെ മുസ്ലിംകള്‍

യഥാര്‍ത്ഥത്തില്‍ വയനാട്ടേക്കാള്‍ വരും അമേഠിയിലെ മുസ്ലിംകള്‍. വയനാട്ടിലേത് 28.65 ശതമാനമാണെങ്കില്‍ അമേഠിയില്‍ ഇത് 33.04 ശതമാനമാണ്. ഹിന്ദുക്കള്‍ 66.5 ശതമാനം. മഹാഗട്ബന്ധന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതു കൊണ്ട് എല്ലാ മുസ്ലിം വോട്ടുകളും തങ്ങളുടെ പെട്ടിയില്‍ വീഴുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. അമേഠിയില്‍ കണ്ട മുസ്ലിംകളെല്ലാം അതു പറഞ്ഞു. 'നെഹ്റു-ഗാന്ധി കുടുംബത്തിന് പ്രത്യേകതകള്‍ ഉണ്ട്. രാഹുല്‍ തന്നെ ജയിക്കും' - പര്‍വേസ് ഖാന്‍ പറഞ്ഞു. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി അധികാരത്തിലിരിക്കുന്നതു കൊണ്ടാണ് ഇവിടേക്ക് പല പദ്ധതികളും വരാതിരുന്നതെന്ന് അഹ്മദ് ഖാന്‍ പറയുന്നു. നഗരത്തില്‍ കോസ്മറ്റിക് കട നടത്തുന്ന മുഹമ്മദ് ഇസ്മായിലിനും തയ്യല്‍ക്കാരന്‍ മുഹമ്മദ് അഹ്മദിനും പറയാനുള്ളത് രാഹുലിന്റെ ജയത്തെ കുറിച്ചു തന്നെ. രണ്ടുലക്ഷത്തിനെങ്കിലും രാഹുല്‍ ജയിക്കുമെന്ന് പ്രവചിച്ചു കച്ചവടക്കാരായ മുഹമ്മദ് റജബ്.

Next Story
Read More >>