കാണ്‍പൂരില്‍ ബി.ജെ.പിക്ക് അഭിമാനപ്പോരാട്ടം

ജോഷിയെ മനഃപൂര്‍വ്വം ഒഴിച്ചു നിര്‍ത്തിയതു കൊണ്ടു തന്നെ സീറ്റ് നിലനിര്‍ത്തേണ്ടത് അമിത് ഷായുടെ ആവശ്യം കൂടിയാണ്.

കാണ്‍പൂരില്‍ ബി.ജെ.പിക്ക് അഭിമാനപ്പോരാട്ടം

'അഴിമതിയാണ് കോണ്‍ഗ്രസിനെ യു.പിയില്‍ നിന്ന് പുറത്താക്കിയത്. കുടുംബവാഴ്ചയും. ജയ്സ്വാള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് പണം കൊണ്ട് ശക്തരാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥി അത്ര അറിയപ്പെടുന്നവനമല്ല. എസ്.പി സ്ഥാനാര്‍ത്ഥി ദുര്‍ബലനും. എന്നാലും അഴിമതി നടത്താത്തവര്‍ക്കാണ് മുന്‍തൂക്കം എന്നാണ് ഞാന്‍ കരുതുന്നത്' - കാണ്‍പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ആര് ജയിക്കുമെന്നതിനെ കുറിച്ച് മുന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.സി രാമന്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി ജയിച്ച മണ്ഡലമാണ് കാണ്‍പൂര്‍. ഇത്തവണ പ്രായാധിക്യം മൂലം ജോഷിക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചു. അതിന്റെ ഒരു അസ്വാരസ്യം പോലും കാന്‍പൂര്‍ ബി.ജെ.പിയില്‍ ഇല്ല എന്നതാണ് ഏറെ കൗതുകകരം. പാര്‍ട്ടിയില്‍ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ പിടി അത്രമാത്രം ശക്തമാണെന്ന് രാമന്‍ പറയുന്നു. ബി.ജെ.പിക്കാണ് വോട്ടു ചെയ്തതെന്ന് കാന്‍പൂര്‍ ചുറ്റിക്കാണിച്ച ടാക്സി ഡ്രൈവര്‍ ഗുഡ്ഡുവും ഓട്ടോ ഡ്രൈവര്‍ ജിതന്‍ ഗുപ്തയും പറഞ്ഞു. ബി.ജെ.പി ജയിക്കുമോ എന്ന ചോദ്യത്തിന് ഇരുവര്‍ക്കും മറുപടി പറയാനുമില്ല. ജോഷിയെ മനഃപൂര്‍വ്വം ഒഴിച്ചു നിര്‍ത്തിയതു കൊണ്ടു തന്നെ സീറ്റ് നിലനിര്‍ത്തേണ്ടത് അമിത് ഷായുടെ ആവശ്യം കൂടിയാണ്.

ജോഷിയുടെ അഭാവം

2014ല്‍ മുരളി മനോഹര്‍ ജോഷി 2.2 ലക്ഷം വോട്ടിന് ജയിച്ച മണ്ഡലമാണിത്. ഇത്തവണ അദ്വാനിക്കൊപ്പം സീറ്റു നിഷേധിക്കപ്പെട്ട ജോഷിക്ക് പകരമെത്തുന്നത് യോഗി മന്ത്രിസഭയിലെ അംഗം സത്യദേവ് പച്ചൗരി. കോണ്‍ഗ്രസിനായി രംഗത്തുള്ളത് മൂന്നു തവണ മണ്ഡലത്തില്‍ നിന്ന് സഭയിലെത്തിയ ശ്രീപ്രകാശ് ജെയ്സ്വാളാണ്. ഗട്ബന്ധനു വേണ്ടി താരതമ്യേന അറിയപ്പെടാത്ത എസ്.പി സ്ഥാനാര്‍ത്ഥി രാം കുമാറും.

ജെയ്സ്വാളിന്റെ പണവും സ്വാധീനവും ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് രാമന്‍ പറയുന്നു. കാന്‍പൂര്‍ നഗരത്തില്‍ മുഴുവന്‍ വൈദ്യുതി വിതരണം ചെയ്യുന്നത് ജെയ്സ്വാളിന് പങ്കാളിത്തമുള്ള ജെയ്സ്വാള്‍ ഗ്രൂപ്പ് ഓഫ് കമ്പനീസാണ്. പാര്‍ട്ടി സംഘടനാ സംവിധാനത്തിന് അപ്പുറം ജെയ്സ്വാളിനുള്ള സ്വാധീനം കോണ്‍്ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

ജോഷി മത്സരിച്ചിരുന്നതെങ്കില്‍ ബി.ജെ.പിയുടെ ജയം ഉറപ്പു പറയുന്നു പലരും. ജോഷിക്ക് മണ്ഡലത്തില്‍ അഴിമതിരഹിത പ്രതിച്ഛായയുണ്ട്. എന്നാല്‍ നിലവിലെ സ്ഥാനാര്‍ത്ഥി 71കാരനായ പച്ചൗരി മണ്ഡലത്തിന് പുറത്തു നിന്നയാളാണ് എന്നത് പോരായ്മയായി കണക്കാക്കപ്പെടുന്നു. നാലാം ഘട്ട തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തിയ മണ്ഡലവും കാന്‍പൂരാണ്. 51.9 ശതമാനം മാത്രം. ഇത് ആരെ ബാധിക്കുമെന്ന് വ്യക്തമല്ല.

വ്യാപാരികളുടെ അസന്തുഷ്ടി

തോല്‍ വ്യവസായത്തിന് പേരു കേട്ടതാണ് ഈ ഗംഗാനദീ തീരനഗരം. ബ്രിട്ടീഷ് കാലത്തെ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍. കൗന്‍പൂര്‍ എന്നായിരുന്നു ബ്രിട്ടീഷുകാര്‍ കാന്‍പൂരിനെ വിളിച്ചിരുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രങ്ങളിലൊന്നും ഈ നഗരമായിരുന്നു. നാനാ സാഹിബിന്റെയും താന്തിയ തോപ്പിയുടെയും പ്രവര്‍ത്തന മണ്ഡലം. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട സൈനിക കേന്ദ്രങ്ങള്‍ ഇപ്പോഴും നഗരത്തില്‍ കാണാം. സൈന്യത്തിന്റെ കനത്ത പരിശോധനയുള്ള സ്ഥലങ്ങളുമുണ്ട്.

ബ്രിട്ടീഷ് കാലത്ത് നല്ല ഒന്നാന്തരം തോല്‍ ഉണ്ടാക്കിയിരുന്ന കാന്‍പൂരിലെ വ്യവസായം പയ്യെപ്പയ്യെ ക്ഷയിച്ചു തുടങ്ങിയിട്ടുണ്ട്. ജി.എസ്.ടിയും നോട്ടുനിരോധനവും വ്യവസായത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല. വ്യാപാര മേഖലയില്‍ നിന്നു വരുന്ന ജെയ്സ്വാള്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്നത് അങ്ങനെയാണ്. അതേസമയം, ജെയ്സ്വാളിനായി പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി പ്രചാരണത്തിനെത്തിയെങ്കിലും വേണ്ടത്ര ഓളമുണ്ടാക്കാനായില്ല എന്നാണ് വിലയിരുത്തല്‍.

ജാതി വോട്ടില്‍ കണ്ണ്

മണ്ഡലത്തിലെ 23 ശതമാനം വരുന്ന മേല്‍ജാതി വോട്ടുകള്‍ ഉറപ്പിച്ചു നിര്‍ത്താനാണ് പച്ചൗരിയുടെ ശ്രമം. ജാദവേതര ദളിതുകളുടെ പിന്തുണയും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്. ഇതേ വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെയും കണ്ണ്. മൂന്നു ലക്ഷത്തോളം വരുന്ന മുസ്ലിംവോട്ടുകളില്‍ കുറച്ചു ഭാഗം തനിക്ക് കിട്ടുമെന്ന് ജയ്സ്വാള്‍ പ്രതീക്ഷിക്കുന്നു. ദളിത്-മുസ്ലിം-യാദവ വോട്ടുകളാണ് സമാജ് വാദി പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. മൗര്യ, ഖുഷ്വാഹ, ശാക്യ സമുദായങ്ങളുടെ വോട്ട് 11 ശതമാനത്തോളം വരും. 22 ശതമാനമാണ് മുസ്ലിംകള്‍. ഒ.ബി.സി വോട്ടുകള്‍ എങ്ങോട്ടു പോകും എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങള്‍. 2004ല്‍ ജെയ്സ്വാളും പച്ചൗരിയും ഏറ്റുമുട്ടിയ വേളയില്‍ ഒരു ശതമാനത്തോളം വോട്ടു മാത്രമാണ് ജെയ്സ്വാളിന് ഭൂരിപക്ഷമായി ലഭിച്ചിരുന്നത്. ജെയ്സ്വാളിന് 34.12 ശതമാനം വോട്ടു കിട്ടിയപ്പോള്‍ പച്ചൗരിക്ക് കിട്ടിയത് 33.21 ശതമാനം വോട്ട്.

Next Story
Read More >>