ഉള്ളു തുറക്കാതെ ആഗ്ര

യു.പി ഇത്തവണയും ബി.ജെ.പി പിടിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത് ഓട്ടോ ഡ്രൈവറായ നദീര്‍ ഉസ്മാനിയാണ്.

ഉള്ളു തുറക്കാതെ ആഗ്ര

താജ്മഹല്‍ കണ്ടിറങ്ങി വരവെ വെണ്ണക്കല്‍ കുടീരത്തിന്റെ കിഴക്കുവശത്ത് താജ്ഗഞ്ചിലെ വഴിയരികിലിട്ട ചായക്കടയില്‍ ഒരു ചായ്പേ ചര്‍ച്ച നടക്കുകയാണ്. ഒരു ചായയ്ക്കു പറഞ്ഞ് കയറിയിരുന്നു. യു.പി ഇത്തവണയും ബി.ജെ.പി പിടിക്കുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത് ഓട്ടോ ഡ്രൈവറായ നദീര്‍ ഉസ്മാനിയാണ്. തെരഞ്ഞെടുപ്പിനെ കുറിച്ചൊക്കെ എന്തു പറയാനാണ്. എന്നാലും ആഗ്രയില്‍ ഗട്ബന്ധന്‍ ജയിക്കും. ഇത് ബി.ജെ.പിയുടെ സീറ്റാണ്. നേരത്തെ അഖിലേഷും നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഈ താജ്മഹലിന്റെ പരിസരപ്രദേശങ്ങള്‍ നോക്കൂ. ഇതെല്ലാം അഖിലേഷ് സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. ബി.ജെ.പി അധികാരത്തില്‍ എത്തിയ ശേഷം ഒന്നും ചെയ്തില്ല- ഒരു ബീഡിപ്പുക അകത്തേക്കു വലിച്ച് താളത്തില്‍ പുറത്തെടുത്ത് അദ്ദേഹം പറഞ്ഞു. 'ഗട്ബന്ധന്‍, ഗട്ബന്ധന്‍ മാത്രം' എന്നായിരുന്നു അടുത്തിരുന്ന സഈദ് ഉസ്മാനിയുടെ പ്രതികരണം. പെട്ടിതുറക്കുമ്പോഴറിയാം ആര് ജയിക്കുമെന്ന് എന്ന് ഒരു തവണ സുഹൃത്തിന്റെ കല്യാണത്തിന് കോഴിക്കോട്ടു വന്നിട്ടുള്ള ജമീല്‍ അഹ്മദ് പറഞ്ഞു.

ലിപ്സ്റ്റിക്കിടാത്ത ഗല്ലികള്‍

ചായച്ചര്‍ച്ച തീര്‍ന്ന വേളയില്‍, താജിന്റെ കിഴക്കുവശത്തുള്ള മുസ്ലിം ഗല്ലിയിലൂടെയാണ് ഡ്രൈവര്‍ ഷക്കീല്‍ ഭായി വണ്ടിയോടിച്ചത്. പുറമേ കാണുന്ന ആഗ്രയുടെ ലിപ്സ്റ്റിക്കിട്ട മുഖമല്ല അകമേ എന്ന് ഷക്കീല്‍ ആത്മഗതം ചെയ്തു. അത് ശരിയായിരുന്നു. മലിനജലമൊഴുകുന്ന കുണ്ടും കുഴിയും നിറഞ്ഞ ഒരു വണ്ടിക്ക് മാത്രം പോകാന്‍ കഴിയുന്ന തെരുവിലൂടെ ടാക്സി പാഞ്ഞു. മുസ്ലിംഗല്ലികളില്‍ ഇതാണ് അവസ്ഥ എന്നു കൂടിപ്പറഞ്ഞു ഷക്കീല്‍. ടൂറിസ്റ്റ് നഗരമായ ആഗ്രയില്‍ താരതമ്യേന നല്ല റോഡുകളാണ്. എന്നാല്‍ ഉള്‍റോഡുകളുടെ സ്ഥിതി അങ്ങനെയല്ല. ഇടറോഡിലേക്കുള്ള വളവില്‍ ആടു ബിരിയാണിയും ഹലീമും വില്‍ക്കുന്ന മന്‍സൂഫ് ഭായ് ആദ്യത്തെ മടിക്ക് ശേഷം ഹാതിക്കാണ് (ആന-ബി.എസ്.പി) വോട്ടു ചെയ്തതെന്ന് തുറന്നു പറഞ്ഞു. വോട്ട് ബി.എസ്.പിക്കാണെങ്കിലും ആരു ജയിക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ അദ്ദേഹവും തയ്യാറല്ല.

'മോദി ചോര്‍ ഹൈ'

വൈകിട്ട് തിരക്കേറിയ ബിജ്ലിഗഡ് മാര്‍ക്കറ്റിലെത്തുമ്പോള്‍ ചുറ്റുമിരുന്ന് സൊറ പറയുകയാണ് ഒരു സംഘം. കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ ചായയ്ക്ക് ക്ഷണിച്ചു. ചായ വേണ്ട, തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയാന്‍ വന്നതാണെന്ന് ഞാന്‍. 'മോദി എല്ലാം തകര്‍ത്തു കളഞ്ഞുകളഞ്ഞു. അയാള്‍ കള്ളനാണ്. എന്ന് പറഞ്ഞ് ചെരുപ്പ് വില്‍പ്പനക്കാരനായ ഖതം സോണി രോഷം കൊണ്ടു. അടുത്തിരുന്ന ഇന്ദര്‍സിങ് പാന്‍തിന്ന് ചുവപ്പിച്ച പല്ലുകാട്ടി ഇത്രയേ പറഞ്ഞുള്ളൂ. ഗട്ബന്ധന്‍ ജീതേഗാ, ഹമാരാ ഗട്ബന്ധന്‍ ജീതേഗാ. അടുത്തിരുന്ന തടിച്ച മുഖമുള്ള വസുദേവ് പറഞ്ഞത് മറ്റൊന്നാണ്. ഭായി സാബ്, മോദി ജീതേഗാ. ഇതോടെ ക്യാമറ കണ്ട സതീഷ് കുമാര്‍ ഖര്‍ദം ഉഷാറായി. 'മോദി വലിയ കള്ളനാണ്. അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. ഇത്തവണ ബെഹന്‍ജി (മായാവതി) വരും' - കൈവിരല്‍ ചൂണ്ടി ഖര്‍ദം പറഞ്ഞു. ഈ രാഷ്ട്രീയക്കളിയിലൊക്കെ എന്ത് എന്ന ചോദ്യമാണ് മുന്നാഭായിക്ക് ചോദിക്കാനുണ്ടായിരുന്നത്. പണക്കാര്‍ വോട്ടു നല്‍കും. പാവപ്പെട്ടവര്‍ക്ക് എന്തു വോട്ട്. ചോദ്യങ്ങള്‍ക്ക് നിസ്സംഗതയോടെ അയാള്‍ ഒഴിഞ്ഞുമാറി.

ബിജ്ലിഗഡില്‍ നിന്ന് ഷാഹിജുമാ മസ്ജിദിനടുത്തുള്ള മാര്‍ക്കറ്റിലെത്തുമ്പോള്‍ സന്ധ്യയായി. ലതര്‍ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റാണത്. നല്ല ഒന്നാന്തരം തോല്‍ ഉല്‍പ്പന്നങ്ങള്‍ കിട്ടുന്ന ഇടമാണ് ആഗ്ര. ഇടുങ്ങിയ തെരുവില്‍ ആളുകള്‍ ഒഴുകുന്നു. അതിനിടയിലൂടെ തുടര്‍ച്ചയായി ഹോണ്‍ മുഴക്കി ഇഴയുന്ന വാഹനങ്ങള്‍. പേശിപ്പേശി സാധനങ്ങള്‍ക്ക് വില പറയുന്ന കച്ചവടക്കാര്‍. നോട്ടുനിരോധനവും ജി.എസ്.ടിയും ഇവരെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു കഥയാണ് കച്ചവടക്കാരനായ സുരേഷ് പരാസത്തിന് പറയാനുണ്ടായിരുന്നത്. 'ജി.എസ്.ടിയും നോട്ടുനിരോധനവും നല്ലതായിരുന്നു. മോദി നൂറു ശതമാനവും ജയിക്കും'. ആഗ്ര ഫോര്‍ട്ടനടുത്ത ചായ കുടിച്ചിരുന്ന നിരക്ഷരനായ ദിലീപും ബാലുവും ദീപും മുഹമ്മത് ആരിഫും ഗട്ബന്ധന്‍ ജയിക്കുമെന്ന് പറഞ്ഞു.

ബി.ജെ.പിയുടെ ഗട്ബന്ധന്‍ പേടി

അടിത്തട്ടില്‍ ഗട്ബന്ധന്റെ സന്ദേശം എത്തിയിട്ടുണ്ട് എന്നാണ് ആഗ്രയിലെ ജനങ്ങള്‍ നല്‍കുന്ന സാക്ഷ്യം. അതാണ് ബി.ജെ.പിയെ അസ്വസ്ഥപ്പെടുത്തുന്നതും. ഇത്തവണ സംസ്ഥാന മൃഗസംരക്ഷണ വകുപ്പു മന്ത്രി എസ്.പി സിങ് ഭാഗലാണ് ആഗ്രയില്‍ നിന്ന് ബി.ജെ.പിക്കു വേണ്ടി ജനവിധി തേടുന്നത്. ഗട്ബന്ധനു വേണ്ടി മനോജ് സോണിയും കോണ്‍ഗ്രസിനായി ആദായനികുതി മുന്‍ കമ്മിഷണര്‍ പ്രീത ഹരിതും. 2014ല്‍ ബി.ജെ.പിക്കു മണ്ഡലത്തില്‍ 5,83,716 വോട്ടാണ് കിട്ടിയത്. ബി.എസ്.പിക്ക് 2,83,453 ഉം എസ്.പിക്ക് 1,34,708 ഉം വോട്ട്. കോണ്‍ഗ്രസിന് 34,700 വോട്ടു മാത്രമേ പിടിക്കാനായുള്ളൂ. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍പ്പോലും കോണ്‍ഗ്രസിന്റെ സ്വാധീനം ക്ഷയിച്ചിട്ടുണ്ട്.

Next Story
Read More >>