വാരാണസിയില്‍ മെല്ലിച്ച് സി.പി.എം, ഇവിടെ ഇപ്പോള്‍ ആരവങ്ങളില്ല

ഇന്ന് ഒറ്റയ്ക്കു നിന്നാല്‍ ഒരുപക്ഷേ, കെട്ടിവച്ച കാശു പോലും സി.പി.എമ്മിന് തിരിച്ചു കിട്ടില്ല. എന്നാല്‍ ഒരിക്കല്‍ ബനാറസിനെ പ്രതിനിധീകരിച്ച് ഒരു കമ്മ്യൂണിസ്റ്റ് എം.പി പാര്‍ലമെന്റിലെത്തിയിരുന്നു

വാരാണസിയില്‍ മെല്ലിച്ച് സി.പി.എം,  ഇവിടെ ഇപ്പോള്‍ ആരവങ്ങളില്ല

ചുളുങ്ങി നരവീണ ബോര്‍ഡില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു; കാര്യാലയ്, ഭാരത് കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സ്വാദി). പൊട്ടിപ്പൊളിഞ്ഞ ജനലിനപ്പുറം ആര്‍ക്കോ വേണ്ടിയെന്ന പോലെ പാറുന്ന ചെമ്പതാക. പുറത്ത് വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ തിരക്ക്. ജമന്തിപ്പൂക്കളുടെ മണം. ഭക്തിമന്ത്രങ്ങള്‍.

ഭാര്‍ഗവീനിലയം പോലുള്ള കെട്ടിടത്തിലെ സിമന്റുപടികള്‍ ചവിട്ടുമ്പോള്‍ ഒന്നു ശങ്കിച്ചു. ഇതു തന്നെയാണോ? താഴെ കരിയടുപ്പില്‍ ചായ ചൂടാക്കവെ ചെറുപ്പക്കാരന്‍ പഞ്ഞു. യഹീ ഹെ സാബ് (ഇതു തന്നെ സര്‍). ഇരുള്‍വീണ പടികള്‍ ഒരു വാതിലിനു മുമ്പില്‍ച്ചെന്നു നിന്നു. മുറിക്കുള്ളില്‍ വിരിച്ച മുഷിഞ്ഞ വെള്ളക്കിടക്കയില്‍ ഒരാള്‍ കിടക്കുന്നു. ചുമരിലെ ആങ്കറില്‍ രണ്ടുകുപ്പായങ്ങള്‍. മുകളില്‍ സത്യനാരായണ്‍ സിങ്ങിന്റെ ഛായാപടം. ഉറപ്പിച്ചു, ഇതു തന്നെ.

പതിഞ്ഞ സ്വരത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഹീരാലാല്‍ യാദവ് 'തത്സമയ'ത്തോട് സംസാരിച്ചു തുടങ്ങി. 'ഇത്തവണ മത്സരിക്കുന്നില്ല. വാരാണസി മണ്ഡലത്തില്‍ മിക്കവാറും ഗട്ബന്ധന്‍ സ്ഥാനാര്‍ത്ഥിക്കായിരിക്കും പിന്തുണ. ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. മോദി ഹറാവോ, ബനാറസ് ബഛാവോ എന്നതാണ് മുദ്രാവാക്യം' - ഇം.എം.എസ്, ജ്യോതിബസു, ഹര്‍കിഷന്‍ സിങ് സുര്‍ജിത് എന്നിവരുടെ ഛായാപടങ്ങള്‍ക്കു കീഴെ കസേരയില്‍ ചാരിയിരുന്നു അദ്ദേഹം പറഞ്ഞു. ചുമരില്‍ ഇവരുടെ തൊട്ടപ്പുറത്ത് വെള്ളത്തലമുടിയും താടിയുമുള്ള കാള്‍ മാര്‍ക്സ്. ഇപ്പുറത്ത് ചുണ്ടുമറച്ച മീശയും താടിയുമായി എംഗല്‍സ്. എംഗല്‍സിന് ഇടതുവശം ജോസഫ് സ്റ്റാലിന്‍. പൂര്‍വ്വപ്രതാപം ഒരുകുറവുമില്ലാതെ വരച്ചു വച്ചിട്ടുണ്ട് അരനൂറ്റാണ്ട പിന്നിട്ട ഓഫീസില്‍. ചുമരില്‍ മാത്രമല്ല, സാക്ഷാല്‍ ഇ.എം.എസ്സും സുര്‍ജിത്തും ജ്യോതിബസുവും ഈ പടികള്‍ കയറി എത്തിയിട്ടുണ്ട്, 1969ല്‍ നിലവില്‍ വന്ന ഈ ഓഫീസില്‍. മുഹമ്മദ് സലിമിനും നൃപന്‍ ചക്രബര്‍ത്തിക്കും ആതിഥേയത്വം അരുളിയിട്ടുണ്ട്. ഇപ്പോള്‍ മെല്ലിച്ചു ചെറുതായി. ആരവങ്ങളില്ലാതായി.

പ്രതാപത്തിന്റെ ഊര്‍ജ്ജങ്ങള്‍

വടക്കിന്റെ കേരളം എന്നായിരുന്നു ഒരു കാലത്ത് ബനാറസ് (വാരാണസി) അറിയപ്പെട്ടിരുന്നത്. ഇന്ന് ഒറ്റയ്ക്കു നിന്നാല്‍ ഒരുപക്ഷേ, കെട്ടിവച്ച കാശു പോലും സി.പി.എമ്മിന് തിരിച്ചു കിട്ടില്ല. എന്നാല്‍ ഒരിക്കല്‍ ബനാറസിനെ പ്രതിനിധീകരിച്ച് ഒരു കമ്മ്യൂണിസ്റ്റ് എം.പി പാര്‍ലമെന്റിലെത്തിയിരുന്നു. 1967ല്‍ സത്യനാരായണ്‍ സിങ്. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ ആര്‍മിയുമായും റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നേതാവായിരുന്നു സിങ്. 37.55 ശതമാനം വോട്ട് നേടിയാണ് നാലാം ലോക്സഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

വാരാണസി ദക്ഷിണ നിയമസഭാ മണ്ഡലത്തില്‍ നിന്ന് അതേവര്‍ഷം റുസ്തം സാറ്റിന്‍ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. ഖൊലാസ്ല നിയമസഭാ മണ്ഡലത്തില്‍ നിന്ന് സി.പി.ഐ നേതാവായ ഉദല്‍ തെരഞ്ഞെടുക്കപ്പെട്ടത് ഒമ്പതു തവണയാണ്. 1998ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി ശങ്കര്‍പ്രസാദ് ജെയസ്വാളിനും പിന്നില്‍ ഒന്നേകാല്‍ ലക്ഷം വോട്ടു നേടി രണ്ടാമതായിരുന്നു സി.പി.എമ്മിന്റെ ദീനാനാഥ് സിങ് യാദവ്. 96ലും 91ലും സി.പി.എം തന്നെയായിരുന്നു മണ്ഡലത്തില്‍ രണ്ടാമത്.

നിലവില്‍ പഞ്ചായത്തു തലത്തില്‍ പോലും വേണ്ടത്ര പ്രാതിനിധ്യം പാര്‍ട്ടിക്കില്ല. സംസ്ഥാത്ത് പത്ത് പഞ്ചായത്തു പ്രധാന്‍മാര്‍ സി.പി.എമ്മുകാരാണെന്ന് ഹീരാലാല്‍ പറഞ്ഞു. താഴേക്കിടയില്‍ അതീവദുര്‍ബ്ബലമാണ് പാര്‍ട്ടിയുടെ കെട്ടുറപ്പ്. സംസ്ഥാന കമ്മിറ്റിയില്‍ 37-38 അംഗങ്ങളുണ്ട്. ആകെ നാല്‍പ്പത്തിയഞ്ച് ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത്. പോളിറ്റ് ബ്യൂറോയില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തു നിന്ന് ഒരാള്‍ പോലും ഇല്ല താനും.

പണി പറ്റിച്ചത് ജാതി രാഷ്ട്രീയം

ജാതി അടിസ്ഥാനമാക്കി പാര്‍ട്ടികള്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയതോടെയാണ് സംസ്ഥാനത്ത് ഇടതു പാര്‍ട്ടികളുടെ വേരോട്ടം ഇല്ലാതായത്. ജാതിയും മുതലാളിത്തവും ഒന്നിച്ചു വന്ന വേളയില്‍ അതിനെ നേരിടാന്‍ കൃത്യമായ പദ്ധതികളില്ലാതെ പാര്‍ട്ടി കിതച്ചു. ഒരു പുനരുജ്ജീവനത്തിനുള്ള സാദ്ധ്യതകള്‍ ഇല്ലാതായിട്ടില്ല എന്ന് ഹീരാലാല്‍ പറയുമ്പോഴും അത് അത്ര എളുപ്പമല്ലെന്ന് കാശിയിലെ രാഷ്ട്രീയം പറയുന്നു. താഴ്ന്ന ജാതിയില്‍പ്പെട്ടവരായിരുന്നു പാര്‍ട്ടിയുട ബലം. മായാവതിയുടെ ബി.എസ്.പി വന്നതോടെ അവര്‍ കൂട്ടത്തോടെ അവിടേക്ക് ചേക്കേറി.

'ചില കര്‍ഷക സമരങ്ങള്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ കര്‍ഷക പ്രശ്നങ്ങളില്‍ ദശദിന ക്യാംപയിന്‍ നടന്നുവരികയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാതെ പാര്‍ട്ടിക്ക് മുമ്പോട്ടു പോകാനാകില്ല. ആളും അര്‍ത്ഥവും ഇല്ലാത്തത് പ്രശ്നം തന്നെയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ട്'- അദ്ദേഹം പറയുന്നു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിലും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കും. എത്ര സീറ്റില്‍ വിജയസാദ്ധ്യതയുണ്ട് എന്ന ചോദ്യത്തിന് അതു പറയാനാകില്ലെന്നും 2022 ദൂരെയല്ലേ എന്നുമായിരുന്നു ഉത്തരം. 2022ലേക്ക് ഇനി അധികം ദൂരമില്ലല്ലോ എന്ന് ചിന്തിക്കുന്ന പാര്‍ട്ടിക്കു മാത്രമല്ലേ ഇനി ഭാവിയുള്ളൂ എന്ന് മനസ്സു പറഞ്ഞു.

Next Story
Read More >>