കൊച്ചിക്കാരന്‍ ജയസൂര്യന്‍

കേരളത്തിലെ മികച്ച സിനിമാ നടനായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത ജയസൂര്യ തത്സമയവുമായി നടത്തുന്ന വര്‍ത്തമാനം . തയ്യാറാക്കിയത് തപസ്യ ജയന്‍, തത്സമയം, കൊച്ചി

കൊച്ചിക്കാരന്‍ ജയസൂര്യന്‍

49-ാ മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സന്തോഷം 'തത്സമയ'ത്തോട് പങ്കുവെയ്ക്കുകയാണ് നടന്‍ ജയസൂര്യ.

തനിയ്ക്ക് ലഭിച്ച അവാര്‍ഡ് എല്ലാ മേരിക്കുട്ടിമാര്‍ക്കും, വി.പി സത്യന്റെ കുടുംബത്തിനും സമര്‍പ്പിക്കുന്നു.

അവാര്‍ഡിനെ പറ്റി

ഒരുപാട് സന്തോഷം തോന്നുന്ന നിമിഷമാണിത്. പട്ടികയുടെ അവസാനം വരെ പേര് വന്നപ്പോള്‍ ആഗ്രഹിച്ചിരുന്നു അവാര്‍ഡ് ലഭിച്ചിരുന്നെങ്കിലെന്ന്. പക്ഷേ പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയതില്‍ സന്തോഷം.ഒരുപാട് മികച്ച നടന്മാരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്നത്. അവരെല്ലാം തന്നെ അവാര്‍ഡിനര്‍ഹരാണ്. എനിയ്ക്ക് കിട്ടിയ അവാര്‍ഡ് ശരിക്കും പറഞ്ഞാല്‍ എ ന്റെ കുടുംബത്തിന് കൂടി അവകാശപ്പെട്ടതാണ്. കാരണം മറ്റൊന്നുമല്ല എന്നെ മേരിക്കുട്ടി ആക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഭാര്യ സരിതയാണ്. അതുപോലെ തന്നെ ക്യാപ്റ്റനില്‍ സത്യന്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പക്കാലം അഭിനയിച്ചത് എന്റെ മകനായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇത് ഞങ്ങളുടെ കുടുംബത്തിന് കിട്ടിയ അവാര്‍ഡ് കൂടിയാണ്.

ക്യാപ്റ്റനും മേരിക്കുട്ടിയും

ക്യാപ്റ്റനും മേരിക്കുട്ടിയും വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ക്യാപ്റ്റന്‍ എന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് ആദ്യം എന്നോട് സംസാരിക്കുന്നത്. വി.പി സത്യന്റെ കഥയാണെന്ന് പറഞ്ഞപ്പോള്‍ ആരാണ് സത്യന്‍, എനിക്കറിയില്ല എന്നായിരുന്നു മറുപടി. പക്ഷേ കഥയുടെ കുറച്ചുഭാഗം കേട്ടപ്പോഴേ ഞാന്‍ പ്രജേഷിനോട് പറഞ്ഞു നമ്മളീ സിനിമ ചെയ്യുന്നുവെന്ന്. സത്യനെക്കുറിച്ച് കേട്ടപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി. അദ്ദേഹത്തിന്റെ വീട്ടില്‍പ്പോയി. സത്യന്‍ ഉപയോഗിച്ചിരുന്ന ജാക്കറ്റും ബെല്‍റ്റും തന്നെയാണ് സിനിമയിലും ഉപയോഗിച്ചത്. സിനിമ ചെയ്തു തുടങ്ങിയപ്പോള്‍ നേരിട്ട പ്രധാന വെല്ലുവിളി സത്യന്‍ ആയി ജീവിക്കുക എന്നതായിരുന്നു. സത്യന്‍ എന്ന പ്രതിഭയെ യുട്യൂബില്‍ തപ്പിയപ്പോള്‍ ഒരു വീഡിയോ പോലും ഇല്ലാതിരുന്നത് വളരെ വേദനിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചറിഞ്ഞാണ് അദ്ദേഹത്തെ കുറിച്ച് പഠിച്ചത്. അത് നല്ല രീതിയില്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷം.

അതുപോലെ തന്നെയാണ് ഞാന്‍ മേരിക്കുട്ടിയും. ഞാന്‍ പൂര്‍ണ്ണമായും ഒരു സ്ത്രീ ആയി മാറുകയായിരുന്നു സിനിമയില്‍ ഉടനീളം. അതിനായി ഒരുപാട് ട്രാന്‍സ് സഹോദരികള്‍ എന്നെ സഹായിച്ചിരുന്നു. അവരുടെ എല്ലാം കഥയായിരുന്നു മേരിക്കുട്ടി. ആദ്യം കോമഡി രൂപത്തില്‍ കഥ പറയാമെന്നാണ് രഞ്ജിത് പറഞ്ഞിരുന്നത്. പക്ഷേ പിന്നീട് രഞ്ജിത് തന്നെ പറഞ്ഞു, അങ്ങനെ ചെയ്താല്‍ ശരിയാകില്ല, അവര്‍ക്കും ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്, അതാകണം നമ്മള്‍ ഈ സിനിമയിലൂടെ പറയേണ്ടതെന്ന്. ഒരുപാട് മേരിക്കുട്ടിമാര്‍ ഈ സിനിമ കണ്ട് എന്നെ കാണാന്‍ വന്നിരുന്നു. അന്നവര്‍ പറഞ്ഞിരുന്നു, ജയേട്ടന് എന്തെങ്കിലും പുരസ്ക്കാരങ്ങള്‍ ലഭിക്കുമെന്ന് അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷം. ഈ അവാര്‍ഡ് എല്ലാ മേരിക്കുട്ടിമാര്‍ക്കും സത്യേട്ടന്റെ കുടുംബത്തിനുമാണ് സമര്‍പ്പിക്കുന്നത്.

ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം

എന്റെ എല്ലാ സിനിമകളും ഇഷ്ടത്തോട് കൂടിയാണ് ചെയ്യാറുള്ളത്. അവാര്‍ഡ് ലഭിക്കണം എന്ന് ആലോചിച്ചിട്ടല്ല അഭിനയിക്കാറുള്ളത്. ഒരു കഥാപാത്രം തെരഞ്ഞെടുക്കുമ്പോള്‍ പൂര്‍ണ്ണമായും അതില്‍ ഇന്‍വോള്‍വ് ചെയ്യാറുണ്ട്. തീയറ്റര്‍ വിജയം കൈവരിച്ചില്ലെങ്കിലും ഷാജിപാപ്പനെ ജനങ്ങള്‍ ഇന്നും മറന്നിട്ടില്ല.

അതുപോലെ ഇയോബ്ബിന്റെ പുസ്തകം, സു.സുസുധി വാത്മീകം, ക്യാപ്റ്റന്‍, അങ്ങനെ എല്ലാ ചിത്രങ്ങളും പ്രിയപ്പെട്ടതാണ്. എന്നാല്‍ ഈ സിനിമകളിലെല്ലാം തന്നെ എന്നില്‍ തന്നെ മറ്റൊരു ആണ്‍ കഥാപാത്രത്തെ കണ്ടെത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ അവിടെ ആണ് മേരിക്കുട്ടി വ്യത്യസ്തമാകുന്നത്. ഞാന്‍ ഒരു സ്ത്രീ ആയി മാറുകയായിരുന്നു ചിത്രത്തിലൂടെ.

സൗബിനൊപ്പം അവാര്‍ഡ് പങ്കിട്ടതിനെ കുറിച്ച്

സൗബിന്‍ ഒരു നല്ല നടനും നല്ല സംവിധായകനുമാണ്. കോമഡി കഥാപാത്രങ്ങള്‍ മാത്രമല്ല സീരിയസ് റോളുകളും നിഷ്പ്രയാസം വഴങ്ങുമെന്ന് തെളിയിച്ചുക്കൊണ്ടിരിക്കുന്ന നടന്‍. അത്തരത്തിലൊരാള്‍ക്കൊപ്പം അവാര്‍ഡ് പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷം.

പുതിയ ചിത്രം

ലില്ലിയുടെ സംവിധായകന്‍ പ്രക്ഷോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയതായി ചെയ്യുന്നത്. മാര്‍ച്ച് 15നാണ് ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല. കഥ കേട്ടു ഇഷ്ടപ്പെട്ടു. നല്ലൊരു ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷ.

Read More >>