ഇനി ഉപ്പും മുളകിലേക്കില്ലേ? പ്രേക്ഷകരുടെ ആ ചോദ്യത്തിന് ഉത്തരവുമായി ലച്ചു

അഭിനയം പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് യാത്രകൾ

ഇനി ഉപ്പും മുളകിലേക്കില്ലേ? പ്രേക്ഷകരുടെ ആ ചോദ്യത്തിന് ഉത്തരവുമായി ലച്ചു

ഉപ്പും മുളക് പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ നടിയാണ് ലച്ചു എന്ന ജൂഹി റുസ്തഗി. പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹം കഴിഞ്ഞതിനു ശേഷം ജൂഹിയെ പിന്നീട് സ്‌ക്രീനിൽ കണ്ടിട്ടില്ല. ഇതോടെ സീരിയലിൽ നിന്നു ജൂഹി പിൻമാറിയെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ പ്രേക്ഷകരുടെ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടിയുമായി ലച്ചു തന്നെ എത്തിയിരിക്കുകയാണ്. സാമൂഹ്യമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് ലച്ചു പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുന്നത്.

ഇനി ഉപ്പും മുളകിലേക്ക് തിരിച്ചുവരില്ലെന്നാണ് ലച്ചു പറയുന്നത്. ഉപ്പും മുളകിലെ ലെച്ചു എന്ന കഥാപാത്രത്തെ ഇത്രയും സ്‌നേഹിച്ചതിന് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. പ്രേക്ഷകരോട് മാത്രമല്ല ഉപ്പും മുളകും ടീമിനോടും ചാനലിനോടുമൊക്കെ നന്ദി പറയുന്നുണ്ട്. വിവാഹ എപ്പിസോഡ് കഴിഞ്ഞതിനു ശേഷം താൻ പുറത്തിറങ്ങുമ്പോൾ എല്ലാവരും ചോദിക്കുന്നത് താൻ ഇനി സീരിയലിലേക്ക് തിരിച്ചുവരുമോ, വരില്ലേ എന്നെല്ലാമാണെന്നും അതിനുള്ള മറുപടി കൂടി തരാനാണ് ഈ വീഡിയോ ചെയ്യുന്നതെന്നും ലച്ചു പറയുന്നു.

'ഇനി ഉപ്പും മുളകിലും ഞാൻ തിരിച്ചില്ല. കാരണം വേറൊന്നുമല്ല, ഷൂട്ടും പ്രോഗ്രാമും കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോൾ പപ്പയുടെ ഫാമിലിയിൽ നിന്നും പരമ്പര ഉപേക്ഷിക്കാൻ നല്ല സമ്മർദ്ദമുണ്ടായിരുന്നു.

സിനിമയിൽ നല്ല അവസരങ്ങൾ വന്നാൽ ചെയ്യും. അത് അതിന്റെ വഴിക്കും പഠിത്തം അതിന്റെ വഴിക്കും പോകും'- ജൂഹി പറയുന്നു.


അഭിനയം പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ് യാത്രകൾ എന്നും ലച്ചു പറയുന്നു. യാത്രകളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നുണ്ടെന്നും താരം പറയുന്നു. 'പെർഫെക്ട് സ്‌ട്രെയിഞ്ചേഴ്‌സ്' എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. ഓരോ വ്യത്യസ്ത സ്ഥലങ്ങളിൽ പോകുമ്പോൾ അവിടുത്തെ വീഡിയോസും അവിടുത്തെ വിശേഷങ്ങളും പ്രത്യേകതകളുമൊക്കെ യൂട്യൂബ് ചാനലിലൂടെ പുറത്ത് അറിയിക്കുമെന്നും ലെച്ചുവിന് തന്ന അതേ സപ്പോർട്ട് തനിക്കും തരണമെന്നും ജൂഹി പറഞ്ഞു.

Next Story
Read More >>