പടിയിറങ്ങും മുമ്പ് ഒരുചോദ്യം കൂടി,ആ കേസിന്റെ സത്യാവസ്ഥ എന്തായിരുന്നു?

ഒരേ സമയം തുലോം ജനപ്രീതി നേടുകയും അത്രതന്നെ വിവാദങ്ങളില്‍ കുരുങ്ങുകയും ചെയ്തിട്ടുള്ള ഈ ന്യായാധിപന്‍ സ്ഥാനമൊഴിയുമ്പോള്‍ ഒരു കേസ് മാത്രം ഉത്തരമില്ലാതെ പോവുകയാണ്. ഒരുപക്ഷേ ഭാരതത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ഉത്തരം കിട്ടേണ്ട പരമപ്രധാനമായതും എന്നാല്‍ ഇനിയൊരിക്കലും തീര്‍പ്പുകല്‍പ്പിക്കാന്‍ സാധ്യതയില്ലാത്തതുമായ ആ വിധി ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടതാണ്.

പടിയിറങ്ങും മുമ്പ് ഒരുചോദ്യം കൂടി,ആ കേസിന്റെ സത്യാവസ്ഥ എന്തായിരുന്നു?

നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതും, ഹാദിയ കേസിലെ വിധിയും, ആധാര്‍, സ്വവര്‍ഗരതി, വിവാഹേതര ലൈംഗികബന്ധം, ഏറ്റവുമൊടുവില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം തുടങ്ങി ഇന്ത്യന്‍ ജീവിതത്തിലെ കീഴ്വഴക്കങ്ങള്‍ക്ക് സുപ്രധാനമായ ചില നിയമഭേതഗതികള്‍ വരുത്തി സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര പടിയിറങ്ങുകയാണ്. വ്യക്തി സ്വാതന്ത്രം, ആവിഷ്‌കാര സ്വാതന്ത്രം എന്നിവക്കൊപ്പം നിലകൊണ്ടയാള്‍ എന്ന് പറയുമ്പോഴും താല്‍പ്പര്യമുള്ള കേസുകള്‍ ഇഷ്ടക്കാരായ ബെഞ്ചിനു കൊടുക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് സഹ ജഡ്ജിമാര്‍ നടത്തിയ പത്രസമ്മേളനവും വിമര്‍ശനങ്ങളും ദീപക്മിശ്ര എന്ന ന്യായാധിപനിലെ ദ്വന്ദത്തെ എടുത്തുകാട്ടുന്നതാണ്.

ഒരേ സമയം തുലോം ജനപ്രീതി നേടുകയും അത്രതന്നെ വിവാദങ്ങളില്‍ കുരുങ്ങുകയും ചെയ്തിട്ടുള്ള ഈ ന്യായാധിപന്‍ സ്ഥാനമൊഴിയുമ്പോള്‍ ഒരു കേസ് മാത്രം ഉത്തരമില്ലാതെ പോവുകയാണ്. ഒരുപക്ഷേ ഭാരതത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ഉത്തരം കിട്ടേണ്ട പരമപ്രധാനമായതും എന്നാല്‍ ഇനിയൊരിക്കലും തീര്‍പ്പുകല്‍പ്പിക്കാന്‍ സാധ്യതയില്ലാത്തതുമായ ആ വിധി ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടതാണ്.

സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെ, ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്. നാഗ്പൂരില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നാണ് റിപോര്‍ട്ട് വന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം കാര്യമാത്ര പരിഗണിക്കപ്പെട്ടില്ല. ലോയയുടെ മരണത്തിലെ ദുരൂഹതകളുമായി 'കാരവാന്‍' രംഗത്ത് വരുന്നതോടെയാണ് അദ്ദേഹത്തിന്റെ മരണം പൊതുസമൂഹം ഏറ്റെടുക്കുന്നത്.

ലോയയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നു ആവശ്യപ്പെട്ട് ഏഴു പൊതുതാല്‍പര്യ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. പ്രശാന്ത് ഭൂഷണ്‍, ദുഷ്യന്ത് ദേവ, രാജീവ് ധവാന്‍ എന്നീ അഭിഭാഷകരെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു. ലോയയുടേത് സ്വാഭാവിക മരണം മാത്രമാണെന്നു വിധിയെഴുതിയ കോടതി ഇനിയൊരു കോടതിയിലും ഈ കേസ് പരിഗണനയ്ക്കെടുക്കില്ലെന്ന് തീര്‍ത്തു പറഞ്ഞു. ഇതോടെ വലിയൊരു വിഭാഗം ജനം ഉയര്‍ത്തിയ ചോദ്യങ്ങള്‍ പാടെ നിഷ്പ്രഭമായി. കോണ്‍ഗ്രസും സിപിഎമ്മും മറ്റു ചെറുതും വലുതുമായ നിരവധി കക്ഷികള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും ദീപക്മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് അത് മുഖവിലക്കെടുത്തില്ല. പൊതുജനങ്ങള്‍ക്കോ മാദ്ധ്യമങ്ങള്‍ക്കോ അഭിഭാഷകര്‍ക്കോ ലഭിക്കുന്നതിനു മുമ്പ് ലോയയുടെ മരണത്തില്‍ തുടരന്വേഷണമില്ലെന്ന സുപ്രീംകോടതി വിധി നിയമമന്ത്രിയായ രവിശങ്കര്‍ പ്രസാദിനു എങ്ങനെയാണെന്ന് ലഭിച്ചതെന്ന ചോദ്യം പരക്കെ ഉയര്‍ന്നു. സുപ്രീംകോടതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതിനെതിരെയും ചോദ്യമുയര്‍ന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും വാദമുയര്‍ന്നു. മറ്റു പല വിവാദങ്ങളിലും പെടുമ്പോഴുള്ള അതേ മൗനം തന്നെയായിരുന്നു ദീപക്മിശ്ര അപ്പോഴും പാലിച്ചത്.

ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥ സ്വതന്ത്രവും സുപ്രധാനവുമാണെന്ന പൗരന്റ വിശ്വാസത്തെ ഹനിക്കുന്ന നിലപാടായിരുന്നു ഇത്. എത്രയേറെ നിര്‍ണ്ണായക വിധി പ്രസ്താവങ്ങള്‍ നടത്തിയാലും ഇനിയൊരിക്കലും ഉയര്‍ന്നു വരരുതെന്ന ആരുടെയോ താല്‍പ്പര്യത്തില്‍ പര്യവസാനിച്ച ഒരു ചോദ്യവുമായി ജനങ്ങള്‍ പക്ഷേ ഒളിഞ്ഞും തെളിഞ്ഞും ദീപക്മിശ്രയെ മരണം വരെ പിന്തുടരും.

Read More >>