ആര്‍ത്തവകാലത്തെ രതി

ആര്‍ത്തവമാണ്. അതുമല്ല, ആര്‍ത്തവകാലത്തെ രതിയാണ്. സംഗതി സെക്‌സ് ചാറ്റ് നടന്നില്ലെങ്കിലും ഒരു ദിവസം ലിന്‍ഡ എന്നോട് ചോദിച്ചു, സേര്‍കംസിഷന്‍ ചെയ്തിട്ടുണ്ടോ എന്ന്. ലിംഗത്തിനു അഗ്രമുണ്ടോ എന്നാണ് ചോദ്യം. പിന്നീട് അതേക്കുറിച്ചു ദീര്‍ഘമായി ഞങ്ങള്‍ സംസാരിച്ചു. അഗ്രചര്‍മം നഷ്ടപ്പെട്ടതിന്റെ സങ്കടവും പറഞ്ഞു ഞാന്‍. - എഴുത്തുകാരന്‍ പി.ടി.മുഹമ്മദ് സാദിഖ് എഴുതുന്നു

ആര്‍ത്തവകാലത്തെ രതി

ലിന്‍ഡയെക്കുറിച്ച് മുമ്പെഴുതിയിട്ടുണ്ട്, ഓര്‍ക്കൂട്ടിനും മുമ്പ്, ഒരു ഗോസ്പല്‍ ചാറ്റ് റൂമില്‍ പരിചയപ്പെട്ടതാണ് അവരെ. ഇംഗ്ലീഷുകാരി. അന്നു വിവിധ സൈറ്റുകളില്‍ ചാറ്റിംഗ് സൗകര്യമുണ്ടായിരുന്നു. അതില്‍ പരസ്യമായും സ്വാകര്യമായും ചാറ്റ് ചെയ്യാം. വെര്‍ബല്‍ സെക്‌സിന്റെ പൊടിപൂരമാകും അവിടെ. ഞാന്‍ ഹായ് പറഞ്ഞപ്പോള്‍ ലിന്‍ഡ പറഞ്ഞു. നോ സെക്‌സ് ചാറ്റ്‌സ്. എഗ്രീഡ് എന്നു ഞാനും. അങ്ങിനെ സെക്‌സല്ലാത്ത ലോകത്തുള്ള സകല കാര്യങ്ങളും ഞങ്ങള്‍ ചാറ്റും. ഹോട്ട്‌മെയില്‍ മെസ്സഞ്ചര്‍ വന്നപ്പോള്‍ അതിലായി ചാറ്റ്. ജിമെയില്‍ ചാറ്റു വന്നപ്പോള്‍ വീഡിയോചാറ്റായി. പിന്നീട് വല്ലപ്പോഴും ഫോണ്‍വിളിയായി. എന്റെ ഇംഗ്ലീഷ് ഒരക്ഷരം അവര്‍ക്കു മനസ്സിലാകാത്തതു കൊണ്ട് ഫോണ്‍ സംഭാഷണം അധികം നീളില്ല. (അതു പറഞ്ഞപ്പോഴാണ്, കഴിഞ്ഞ ദിവസം ഫോര്‍ട്ടു കൊച്ചിയിലെ പെപ്പര്‍ കഫേയില്‍ കണ്ട വെസ്റ്റ് ബാങ്കുകാരനായ ചിത്രകാരനോട് ഞാന്‍ ജേണിലിസ്റ്റാണ് എന്നു പറഞ്ഞത് ഓര്‍മ വന്നത്. മൂന്നു വട്ടം പറഞ്ഞിട്ടും പുള്ളിക്കു മനസ്സിലായില്ല. അവസാനം പുള്ളി പറയുകയാ.. ഓ ജോര്‍ണലിസ്റ്റ്... ജോ അത്ര നേരെയല്ല, ഇത്തിരി ചരിച്ചാണ് പറഞ്ഞത്. എന്നാല്‍ ജേ എന്നു ചരിഞ്ഞിട്ടുമില്ല. ഇംഗ്ലീഷുകാര്‍ ആര്‍ ഉച്ചരിക്കില്ലെന്നാണല്ലോ നമ്മുട വിചാരം. ഉച്ചാരണത്തിന്റെ കാര്യം അത്രയേയുള്ളു. അതുകൊണ്ട് പ്രൊനൗണ്‍സ്യേഷന്‍ പഠിക്കാന്‍ സമയം മെനക്കെടുത്തേണ്ടതില്ല എന്നാണ് എന്റെ ലേകപരിചയം).

ഇംഗ്ലീഷ് ഉച്ചാരമണല്ല വിഷയം. ആര്‍ത്തവമാണ്. അതുമല്ല, ആര്‍ത്തവകാലത്തെ രതിയാണ്. സംഗതി സെക്‌സ് ചാറ്റ് നടന്നില്ലെങ്കിലും ഒരു ദിവസം ലിന്‍ഡ എന്നോട് ചോദിച്ചു, സേര്‍കംസിഷന്‍ ചെയ്തിട്ടുണ്ടോ എന്ന്. ലിംഗത്തിനു അഗ്രമുണ്ടോ എന്നാണ് ചോദ്യം. പിന്നീട് അതേക്കുറിച്ചു ദീര്‍ഘമായി ഞങ്ങള്‍ സംസാരിച്ചു. അഗ്രചര്‍മം നഷ്ടപ്പെട്ടതിന്റെ സങ്കടവും പറഞ്ഞു ഞാന്‍.

ആ പിടിവള്ളിയില്‍ തൂങ്ങിയാണ് ഞാനും അവരോട് അല്‍പം ലൈംഗിക വിജ്ഞനം തേടിയത്. ആര്‍ത്തവകാലത്ത് രതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു എന്റെ ചോദ്യം. കടുത്ത ക്രിസ്തീയ വിശ്വാസിയായ ലിന്‍ഡയുടെ മറുപടി ഉണ്ടെന്നായിരുന്നു. മറ്റു കാരണങ്ങളൊന്നുമില്ലെങ്കില്‍ ആര്‍ത്തവമായതിന്റെ പേരില്‍ രതിയില്‍ നിന്നു വിട്ടു നില്‍ക്കേണ്ടതില്ലെന്നു അവര്‍ പറഞ്ഞു. ആ സംഗതിയുടെ വിത്തും വേരും ഞാന്‍ ചോദിച്ചു. എല്ലാറ്റിനും അവര്‍ മറുപടി നല്‍കി. ലിന്‍ഡയാണ് ജി-സ്‌പോട്ടിനെ കുറിച്ചു പറഞ്ഞു തന്നത്. അതിനു ശേഷമാണ് ഡെസ്മണ്ട് മോറിസിന്റെ നഗ്ന നാരി വായിക്കുന്നത്. സത്രീ ശരീരത്തെ കുറിച്ച ഗംഭീരമായ പുസ്തകമാണ്. ആര്‍ത്തവകാല രതി കൂടുതല്‍ ആനന്ദദായകമാണെന്നും ലിന്‍ഡ പറഞ്ഞു.(ഇപ്പോഴും ജി-സ്‌പോട്ട് എന്താണെന്നോ രതിയില്‍ അതിന്റെ സ്ഥാനമെന്താണെന്നോ അറിയാത്ത സ്ത്രീകളും പുരുഷനുമാരുണ്ട്. ഡെസ്മണ്ട് മോറിസിന്റെ നഗ്‌ന നാരി വാങ്ങി വായിക്കുക).

എല്ലാ മതത്തിലും ആര്‍ത്തവം അശുദ്ധിയാണ്. അതു അശുദ്ധിയല്ലെന്നു വിശ്വസിക്കാന്‍ വിശ്വാസികളായ സ്ത്രീകള്‍ പോലും തയാറല്ല. ആര്‍ത്തവകാലത്ത് യോനീ പ്രവേശമല്ലാത്ത ലൈംഗിക കേളികളാകാമെന്ന് പ്രവാചകന്‍ മുഹമ്മദ് അനുവാദം നല്‍കിയിട്ടുണ്ട്. അത് സ്ത്രീകളോടു ചെയ്യുന്ന മറ്റൊരു ക്രൂരതയാണെന്നാണ് എന്റെ വേറെ ഒരിത്. ചില സമൂഹങ്ങളില്‍ പക്ഷേ, ആര്‍ത്തവകാലത്ത് സ്ത്രീ പുറത്താണ്. അതിന്റെ താത്വിക വശങ്ങളും ഈ പോസ്റ്റില്‍ വിഷയമല്ല.

സ്ത്രീക്ക് പുരുഷന്മാരേക്കാള്‍ ഏഴിരട്ടി കാമമാണെന്നും അവളെ അടക്കിനിര്‍ത്തിയില്ലെങ്കില്‍ ആകെ പ്രശ്‌നമാണെന്നും വിശ്വസിക്കുന്ന മതങ്ങള്‍ ആര്‍ത്തവകാലത്തെ രതിസുഖം അനുഭവിക്കാന്‍ സ്ത്രീകളെ അനുവദിക്കില്ലെന്നു നൂറു ശതമാനം തീര്‍ച്ചയാണ്. അത് ഇച്ചീച്ചിയാണെന്നു കാലാ കാലങ്ങളായി വിശ്വസിക്കുന്നതിനാല്‍ മിക്ക സ്ത്രീകളും അതിനൊട്ടു സമ്മതിക്കുകയുമില്ല. ഒരു തവണയെങ്കിലും ആ സുഖം അനുഭവിച്ചാല്‍ സ്ത്രീ ഒരു ആര്‍ത്തവ കാലത്തും രതിയില്‍നിന്നു വിട്ടു നില്‍ക്കില്ല.

ആര്‍ത്തവം പലര്‍ക്കും കഠിനമായ തലവേദനയോ വയറുവേദനയോ സന്ധിവേദനകളോ ഒക്കെ ഉണ്ടാക്കാറുണ്ട്. ആര്‍ത്തവ സമയത്ത് കടുത്ത വയറു വേദനയുള്ള പെണ്‍കുട്ടികള്‍ക്കു വിവാഹത്തോടെയോ, ചിലപ്പോള്‍ പ്രസവത്തോടെയോ അതു കുറയുകയോ പൂര്‍ണമായും മാറുകയോ ചെയ്യാറുണ്ട്. ആര്‍ത്തവ സമയത്തെ രതി ഇത്തരം വേദനകള്‍ക്കു ശമനമുണ്ടാക്കും. ആര്‍ത്തവ സംബന്ധമായ കൊടിയ വേദനകള്‍ അനുഭവിക്കുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട പുരുഷനോട് സംസാരിക്കുന്നതുപോലും പെണ്‍കുട്ടികള്‍ക്ക് ആ വേദനയില്‍നിന്നുള്ള ആശ്വാസമാണ്.

ആര്‍ത്തവത്തിന്റെ ദിവസങ്ങള്‍ കുറക്കാനും രതിമൂര്‍ച്ഛ സഹായിക്കും. രതിമൂര്‍ച്ചയില്‍ ഗര്‍ഭാശയ ഭിത്തികള്‍ സങ്കോചിച്ചു രക്തം കൂടുതലായി പുറത്തേക്കു തള്ളുന്നതാണ് കാരണം (ഇതിന്റെ ശരീര ശാസ്ത്രം റഫര്‍ ചെയ്യാവുന്നതാണ്).സ്ത്രീകളുടെ ലൈംഗിക അഭിവാഞ്ജ പലതരത്തിലുണ്ട്. ചിലര്‍ക്ക് ഓവുലേഷന്‍ (അണ്ഡോല്‍പാദനം) സമയത്താണ് കൂടുതല്‍ ലൈംഗിക താല്‍പര്യം. ചിലര്‍ക്ക് ആര്‍ത്തവകാലത്തായിരിക്കും ലൈംഗിക താല്‍പര്യം കൂടുതല്‍.

കടുത്ത മൈഗ്രൈയിന്‍ അനുഭവപ്പെടുന്ന സ്ത്രീകള്‍ പലപ്പോഴും ആര്‍ത്തകാലത്തെ രതി ഒഴിവാക്കാറാണ് പതിവ്. എന്നാല്‍ ആ സമയത്ത് രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൈഗ്രെയിന്‍ കുറയുന്നതായി പറയുന്നുണ്ട്.

പ്രധാനപ്പെട്ട മറ്റൊരു കാര്യം ലുബ്രിക്കേഷന്‍ കുറവായ സ്ത്രീകള്‍ക്ക് ആര്‍ത്തവ രക്തം മികച്ച ലൂബ്രിക്കന്റ് ആയിരിക്കും. ആ സമയത്തെ കെ.വൈ ജെല്ലി പോലുള്ള ക്രീമുകള്‍ വേണ്ടി വരില്ല.

ആര്‍ത്തവ കാലത്തെ രതിക്കു ദോഷങ്ങള്‍ ഇല്ലെന്നല്ല. പ്രധാന പ്രശ്‌നം സംഗതി ആകെ വൃത്തി കേടായിരിക്കും. ആകെക്കൂടി രക്തപ്രളയം. വസ്ത്രങ്ങളൊക്കെ മാറ്റി വെച്ചു കിടക്കയില്‍ വാഴയിലയോ വല്ല പ്ലാറ്റിക് ഷീറ്റുകളോ വിരിച്ചാല്‍ ബെഡ്ഷീറ്റിലും മറ്റും രകതം വീഴുന്നത് ഒഴിവാക്കാവുന്നതേയുള്ളു. ആര്‍ത്തവ രകത്തോട് അത്ര അറപ്പു തോന്നേണ്ട കാര്യമില്ലെന്നു വിചാരിച്ചാല്‍ ആ പ്രശ്‌നം തീരും. രക്തം പുരണ്ട് പണ്ടാരമടങ്ങുമല്ലോ എന്ന മുന്‍വിധിയോടെ ചെയ്താല്‍ ഒരു സുഖവും കിട്ടില്ല.

എയ്ഡ്‌സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചു രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍. അതും പങ്കാളി സുരക്ഷിയതയാണെന്നു ഉറപ്പാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു. ഉറ ഉപയോഗിച്ചാല്‍ ലൈംഗിക രോഗങ്ങളുടെ പകര്‍ച്ചാ സാധ്യത ഏറെക്കുറെ തടയാവുന്നതുമാണ്. ആര്‍ത്തവ സമയത്ത് യോനിയുടെ ഉള്ളില്‍ വെക്കുന്ന ടാംപണ്‍ ഉപയോഗിക്കുന്നവര്‍ അതു എടുത്തു കളയണം. ഇല്ലെങ്കില്‍ അതു കൂടുതല്‍ ഉള്ളിലോട്ടു കയറി പ്രശ്‌നമാകും.

പറഞ്ഞു വന്നതു ഇത്രയേയൂള്ളു. ആര്‍ത്തവ കാലത്തെ രതി പ്രോത്സാഹിപ്പിക്കുക. സ്ത്രീകളാണ് മുന്‍കയ്യെടുക്കേണ്ടത്. മുഴുവന്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഒരു പൂര്‍വ കേളിക്കും പുരുഷനെ സമ്മതിക്കരുത്. സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങള്‍ക്ക് ഒരു പരിധിവരെ അത് അറുതിയാകും. പിന്നെ സകല പള്ളികളിലും അമ്പലങ്ങളിലും ഒട്ടും അശുദ്ധി ബോധമില്ലാതെ തന്നെ പുരുഷന്മാര്‍ സ്ത്രീകളെയും കൂട്ടി പോകും.

(വിവിധ മെഡിക്കല്‍, ആരോഗ്യ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ച, ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളില്‍ നിന്നാണ് ചില വിവരങ്ങള്‍ എടുത്തത്)

പ്ലീസ്: അല്ലാഹു വിലക്കി, ഖുര്‍ആന്‍ വിലക്കി, മതം വിലക്ക്, വേദങ്ങള്‍ വിലക്കി എന്നുള്ള കമന്റുകള്‍ക്കു വേണമെന്നില്ല. അതൊക്കെ എനിക്കു നന്നായി അറിയാം. ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട വിശദീകരണങ്ങളോ തിരിത്തോ നല്‍കിയാല്‍ സന്തോഷമാകും.