ദക്ഷിണേഷ്യന്‍ സമാധാനം: ഇമ്രാന്‍ 'കേന്‍'?

പ്രചാരണ കാലത്തെ വാഗ്ദാനങ്ങള്‍ക്കപ്പുറത്തേക്ക് അധികാരത്തിലേറിയതു മുതലുള്ള പരിഷ്‌കരണങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. ചെലവു ചുരുക്കലിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ വിമാനയാത്രകളും മറ്റു ആഡംബരങ്ങളും പരിമിതപ്പെടുത്തിയത് ഏറെ പ്രശംസനീയമാണ്. പാകിസ്താനെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം രാജ്യത്തിന്റെ സാമ്പത്തിക- പ്രതിരോധ ഭദ്രത ഉറപ്പു വരുത്തുന്നതാണ്. പാക്- ചൈന ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ലെന്നത് മറ്റൊരു വസ്തുതയാണ്.

ദക്ഷിണേഷ്യന്‍ സമാധാനം: ഇമ്രാന്‍ കേന്‍?

ദക്ഷിണേഷ്യയുടെ തലവേദനയായ പാകിസ്താനില്‍ നിന്നും മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്നാണ് പൊതുവെ വിലയിരുത്തുന്നത്. പുതിയ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അധികാരത്തിലെത്തിയിട്ട് ഒരു മാസമായി. അദ്ദേഹത്തിന്റെ നിലപാടുകളും പരാമര്‍ശങ്ങളും ചില പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് പസ്‌കി നിരീക്ഷിക്കുന്നു.

1947 ലെ പിറന്നാള്‍ ദിനം മുതല്‍ പരസ്പരം ശത്രുക്കളായി കണ്ടവരാണ് ഇന്ത്യയും പാകിസ്താനും. വിഭജനമെന്ന ദുരന്തനാളുകള്‍ക്ക് നൂറു വര്‍ഷം പോലും തികഞ്ഞിട്ടില്ലെങ്കിലും ഇരു രാഷ്ട്രങ്ങള്‍ക്കിടയിലുള്ള വൈര്യം വളരെ വലുതും വൈകാരികവുമാണ്. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഭരണകാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഉണ്ടായിട്ടുളളുവെന്നത് തന്നെ അതിന്റെ അഭ്യന്തര പ്രതിസന്ധിയെ വ്യക്തമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ പുതിയ ഭരണകൂടം ലോകശ്രദ്ധ നേടുന്നത്. കേവലം തീവ്രവാദവും അഴിമതിയുമായി മാത്രം ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു ഇതുവരെ പാകിസ്താനില്‍ നിന്നും കേട്ടത്. ഈയിടെയായി സ്ഥിതിഗതികള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വരുന്നുണ്ട്.

ഏറെ പ്രതീക്ഷയോടെയാണ് ഇംറാന്‍ ഖാന്‍ എന്ന പുതിയ ഭരണാധികാരിയെ ജനങ്ങള്‍ നോക്കിക്കാണുന്നത്. പ്രചാരണ കാലത്തെ വാഗ്ദാനങ്ങള്‍ക്കപ്പുറത്തേക്ക് അധികാരത്തിലേറിയതു മുതലുള്ള പരിഷ്‌കരണങ്ങളും പ്രതീക്ഷ നല്‍കുന്നതാണ്. ചെലവു ചുരുക്കലിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ വിമാനയാത്രകളും മറ്റു ആഡംബരങ്ങളും പരിമിതപ്പെടുത്തിയത് ഏറെ പ്രശംസനീയമാണ്. പാകിസ്താനെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം രാജ്യത്തിന്റെ സാമ്പത്തിക- പ്രതിരോധ ഭദ്രത ഉറപ്പു വരുത്തുന്നതാണ്. പാക്- ചൈന ബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര ശുഭകരമല്ലെന്നത് മറ്റൊരു വസ്തുതയാണ്.

രാജ്യത്തെ അഭയാര്‍ത്ഥികളായ പൗരന്മാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പാകിസ്താനില്‍ നിന്നും വന്നത്. പാകിസ്താനില്‍ ജനിച്ച 15 ലക്ഷത്തോളം അഫ്ഗാന്‍, ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് ആ വാര്‍ത്ത. ഇവര്‍ക്ക് പാസ്പോര്‍ട്ടും മറ്റു സര്‍ക്കാര്‍ രേഖകളും നല്‍കുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ 30 വര്‍ഷമായി പൗരത്വം നിഷേധിക്കപ്പെട്ടിരുന്നവര്‍ക്ക് ഇത് അഭിലഷണീയമാണ്.

ഉന്നത ഉദ്യോഗസ്ഥരുടെ ആഡംബര കാറുകള്‍ ലേലത്തില്‍ വില്‍ക്കാന്‍ വെച്ചതുവഴി 200 കോടിയോളം രൂപയാണ് രാജ്യത്തിന്റെ ഖജനാവിലേക്കെത്തുന്നത്. പാകിസ്താന്റെ ഇതുവരേയുള്ള ഭരണാധികാരികളെ അപേക്ഷിച്ച് ഇംറാന്‍ഖാനെ വ്യത്യസ്തനാക്കുന്നതും ഇതാണ്. കാരണം ഇതുവരെയുള്ള ഭരണാധികാരികള്‍ അവരവരുടെ ഖജനാവിനെ കുറിച്ചോര്‍ത്തായിരുന്നു വ്യസനിച്ചിരുന്നത്. ഇതെല്ലാം ആഭ്യന്തര തലത്തിലുള്ള വിഷയങ്ങളാണ്. നമ്മുടെ വിഷയം ഇംറാന്‍ഖാന്‍ ഇന്ത്യയെ എങ്ങനെ സമീപിക്കും എന്നതാണ്.

അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയുമായി സൗഹൃദപരമായ ബന്ധമാണ് കാംക്ഷിക്കുന്നത് എന്നാണ് ഇംറാന്‍ പറഞ്ഞത്. കാശ്മീര്‍ വിഷയം ഇന്ത്യയുമായി സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നും സമാധാനവും ആരോഗ്യപരവുമായ ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞിരുന്നു. പ്രളയത്തില്‍ പെട്ട കേരളത്തിന് പാകിസ്താന്‍ മുന്നോട്ടു വെച്ച സഹായം സ്വീകരിച്ചില്ലെങ്കിലും ആ മനോഭാവം കാണാതിരിക്കാനാകില്ല. ഇതുവരേയുള്ള രാഷ്ട്രീയ ചരിത്ര പശ്ചാതലത്തില്‍ ഇന്ത്യക്ക് ആ സഹായം സ്വീകരിക്കുന്നതിലെ പരിമിതികള്‍ വ്യക്തവുമാണ്.

ഏഷ്യന്‍ ബെല്‍റ്റിനെ ഭിന്നിപ്പിച്ചു നിര്‍ത്തുക എന്ന അമേരിക്കയുടെ തന്ത്രത്തിന്, തീവ്രവാദികളെ സൃഷ്ടിക്കുന്നത് പാകിസ്താനാണ് എന്ന മുതലാളിത്ത സത്യത്തിന് ഇംറാനെ പോലുള്ള പുതിയ ഭരണാധികാരികള്‍ ചിലപ്പോള്‍ വെല്ലുവിളിയായേക്കാം. (തീവ്രവാദത്തില്‍ പാകിസ്താന്‍ നല്‍കിയ സംഭാവനകളെ മറന്നിട്ടല്ല ഈ സംസാരം, എങ്കിലും) ഇംറാന്‍ മുന്നോട്ടുവെക്കുന്ന സൗഹൃദം ഇന്ത്യ സ്വീകരിക്കുകയാണെങ്കില്‍, ചൈനയുമായി ഇന്ത്യക്കുണ്ടായിരുന്ന സൗഹൃദവും വീണ്ടെടുത്താല്‍ ഏഷ്യന്‍ ബെല്‍റ്റിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അത് വലിയൊരു പരിഹാരമാകും. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന വെളുത്ത തന്ത്രം അപ്രസക്തമാകും. അതിവിദൂര സുന്ദര സുരഭില ആഗ്രഹങ്ങളാണ് അതെങ്കിലും, ഇന്ത്യ-പാക് സ്വരച്ചേര്‍ച്ചയില്ലായ്മക്ക് അയവു വരുത്താന്‍ നിലവില്‍ ഇരു രാജ്യങ്ങളും മനസുവെച്ചാല്‍ സാധ്യതയേറും.

ഇംറാന്‍ഖാന്‍ ഇന്ത്യക്കും പാകിസ്താനും ഒരുപോലെ സാധ്യതയാണ്. ആഭ്യന്തരബന്ധവും അയല്‍ ബന്ധവും സമാധാനത്തിലേക്കു നയിക്കാനുള്ള സാധ്യത. ഭരണ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ മറികടന്ന് അദ്ധേഹം വാണാല്‍ അത് ദക്ഷിണേഷ്യക്ക് വലിയ സമാധാനമാണുണ്ടാക്കുക.