വരളുമോ കേരളം ?

കേരളത്തിലെ ജലക്ഷാമത്തിനു കാരണം മഴ കുറയുന്നതു മാത്രമല്ല, നമ്മുടെ തെറ്റായ ജലവിനിയോഗ രീതി കൂടിയാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കേരളത്തിൽ വർഷംതോറും 70 ശതമാനം മഴ ലഭിക്കാറുണ്ടെങ്കിലും വേനൽക്കാല ഉപയോഗത്തിനായി വെള്ളം ശേഖരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. വടക്ക് കിഴക്കൻ മൺസൂൺ, വേനൽമഴ തുടങ്ങിയവ വാർഷിക മഴയുടെ 30 ശതമാനം സംഭാവന ചെയ്യുന്നു. വേനലിലെ ജലപ്രതിസന്ധി തരണംചെയ്യാന്‍ ഇത് ധാരാളമാണ്. ചൂട് ശരാശരിയിലും കൂടുതലായതിനാൽ ഈ ദിവസങ്ങളിൽ വലിയ അളവിൽ ബാഷ്പീകരണം നടക്കുന്നതു കാരണം ധാരാളം വെള്ളം നഷ്ടപ്പെടുന്നു.

വരളുമോ കേരളം ?

ജെസ്സി ഷെഫീഖ്

കേരളത്തിനിത് ആധിയുടെ സമയമാണ്. ചൂടിന്റെയും വേവിന്റെയും കഷ്ടകാലം. ചൂട് ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൊടുംചൂടില്‍ നാട്ടിലെ ജലസ്രോതസ്സുകളൊക്കെ വറ്റിവരളുകയാണ്. അതിരൂക്ഷമായ കാലാവസ്ഥാമാറ്റത്തിനാണ് കേരളം കുറച്ചുകാലമായി സാക്ഷ്യംവഹിക്കുന്നത്. പ്രളയാനന്തരം കൊടും വരൾച്ചയാവുമെന്ന് ഭീതിപ്പെടുന്നവരും അളവില്‍കവിഞ്ഞ് മഴ ലഭിച്ചതിനാൽ വരൾച്ചയെ ഭയക്കേണ്ടതില്ലെന്ന് സമാധാനിക്കുന്നവരുമുണ്ട്.

വരാനിരിക്കുന്നത് വരൾച്ചയുടെ നാളുകൾ തന്നെയാവാമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളുടെ വിലയിരുത്തൽ, കാസർകോട്, പാലക്കാട്, തൃശൂർ, കൊല്ലം എന്നീ ജില്ലകളിൽ ഒക്ടോബർ-ഫെബ്രുവരി കാലത്ത് മഴയിൽ 25ശതമാനം കുറവു രേഖപ്പെത്തി. ഈ ജില്ലകളിലെ ഭൂഗർഭജലത്തിന്റെ അളവ് കുത്തനെ കുറഞ്ഞിരിക്കുന്നു. വേനൽക്കാലത്ത് ശരാശരി മഴ ലഭിക്കുകയാണെങ്കിൽ 13ശതമാനം വരെയെങ്കിലും ജലം ഭൂഗർഭത്തിൽ ശേഖരിച്ചുവയ്ക്കപ്പെടാറുണ്ട്. മഴയുടെ കുറവ് ഇത്തരത്തിൽ ശേഖരിച്ചുവയ്ക്കുന്ന ഭൂഗർഭജലത്തില്‍ അമിതമായ കുറവുണ്ടാക്കി. ഇത് കഠിനവരൾച്ചയിലേക്കു നയിക്കാമെന്ന് കേരള ജലവിഭവ വികസന കോർപ്പറേഷൻ തലവനും ശാസ്ത്രജ്ഞനുമായ പി.വി ദിനേശ് പറയുന്നു.

കേരളത്തിലെ ജലക്ഷാമത്തിനു കാരണം മഴ കുറയുന്നതു മാത്രമല്ല, നമ്മുടെ തെറ്റായ ജലവിനിയോഗ രീതി കൂടിയാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കേരളത്തിൽ വർഷംതോറും 70 ശതമാനം മഴ ലഭിക്കാറുണ്ടെങ്കിലും വേനൽക്കാല ഉപയോഗത്തിനായി വെള്ളം ശേഖരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. വടക്ക് കിഴക്കൻ മൺസൂൺ, വേനൽമഴ തുടങ്ങിയവ വാർഷിക മഴയുടെ 30 ശതമാനം സംഭാവന ചെയ്യുന്നു. വേനലിലെ ജലപ്രതിസന്ധി തരണംചെയ്യാന്‍ ഇത് ധാരാളമാണ്. ചൂട് ശരാശരിയിലും കൂടുതലായതിനാൽ ഈ ദിവസങ്ങളിൽ വലിയ അളവിൽ ബാഷ്പീകരണം നടക്കുന്നതു കാരണം ധാരാളം വെള്ളം നഷ്ടപ്പെടുന്നു.

വടക്കൻ ജില്ലകളിലാണ് വരൾച്ച കടുക്കുക. കണ്ണൂർ മുതൽ കാസർകോട് ജില്ലയുടെ അതിർത്തി വരെയുള്ള മേഖലയിലാണ് സംസ്ഥാനത്ത് കൊടുംവരൾച്ചയ്ക്കു സാദ്ധ്യതയെന്ന് യൂറോപ്യൻ കമ്മിഷനു കീഴിലെ എമർജൻസി റെസ്‌പോൺസ് കോഓഡിനേഷൻ സെന്റര്‍(ഇ.ആർ.സി.സി) ഇന്ത്യയിലെ വരൾച്ചാസാദ്ധ്യതയെക്കുറിച്ചു തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ കാസർകോട് ജില്ലയിൽ 39 ശതമാനം മഴ കുറവാണ്. പാലക്കാട്ട് 38 ശതമാനം കുറഞ്ഞു. തൃശ്ശൂർ, കൊല്ലം ജില്ലകളിൽ 30 ശതമാനത്തിന്റെ കുറവുണ്ടായി. അതുകൊണ്ടുതന്നെ ഈ ജില്ലകളിൽ ഭൂഗർഭജലത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായി.

ഭൂമിശാസ്ത്രപരമായി കേരളത്തെ മൂന്നായി തിരിക്കുന്നുണ്ട്. കിഴക്കൻ മലനിരകൾ, മദ്ധ്യപ്രദേശങ്ങൾ, തീരപ്രദേശങ്ങൾ എന്നിങ്ങനെ. കേരളത്തിന്റെ ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഇവിടുത്തെ കാലാവസ്ഥ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നത്. എന്നാൽ വെള്ളപ്പൊക്കത്തിനു ശേഷം മഴ കുറയുന്നതിനാൽ കിഴക്കൻ മലനിരകളിൽ ഒരു മീറ്റർ മുതൽ രണ്ടു മീറ്റർ വരെ ഭൂഗർഭജല ദൗർലഭ്യമുണ്ടായി. മദ്ധ്യപ്രദേശങ്ങളിൽ 50 സെന്റീമീറ്റർ മുതൽ ഒരുമീറ്റർവരെ കുറവുണ്ടായിട്ടുണ്ട്.

എൽനിനോ പ്രതിഭാസമാണ് വരൾച്ചയ്ക്കു കാരണം. കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണ് എൽനിനോ. 15 മാസത്തോളം ദുരിതം വിതക്കാൻ എൽനിനോയ്ക്കാവും. ഈ സാഹചര്യം കണ്ടെത്തുന്നത് തുടർച്ചയായ നാലു മാസത്തെ പസഫിക് സമുദ്രത്തിലെ കടൽജലത്തിന്റെ താപനില നിരീക്ഷിച്ചാണ്. ആഗോളതാപനത്തിന്റെ ഭാഗമായി കടൽജലത്തിന്റെ താപനില കൂടുമെങ്കിലും എൽനിനോ ഭീതിക്ക് കാരണമാകുന്ന വിധത്തിൽ എത്തിയിട്ടില്ലെന്ന് യു.എസ് നാഷണൽ ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്ററിന്റെ റിപ്പോർട്ടുകൾ പറയുന്നു. അടുത്ത വേനൽവരെ കേരളത്തിൽ ശക്തമായ വരൾച്ചാസാഹചര്യം ഉണ്ടാവില്ലെന്ന സൂചനകൂടെയാണിതെന്നു ആശ്വസിക്കാം.

Read More >>