ഒളിംപിക്‌സ് അടക്കമുള്ള എല്ലാ കായിക ഇനങ്ങളിലും റഷ്യക്ക് വിലക്ക്; നാലു വർഷത്തെ വിലക്കേർപ്പെടുത്തിയത് വാഡ ഉന്നത സമിതി

വിലക്കിനെതിരെ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റഷ്യക്ക് സാധിക്കും.

ഒളിംപിക്‌സ് അടക്കമുള്ള എല്ലാ കായിക ഇനങ്ങളിലും റഷ്യക്ക് വിലക്ക്; നാലു വർഷത്തെ വിലക്കേർപ്പെടുത്തിയത് വാഡ ഉന്നത സമിതി

ഒളിംപിക്‌സ് അടക്കമുള്ള എല്ലാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിനും റഷ്യക്ക് വിലക്ക്. പാരീസില്‍ ചേർന്ന വാഡയുടെ ഉന്നത സമിതിയാണ് നാലു വർഷത്തേക്ക് റഷ്യയെ വിലക്കിയത്. അന്താരാഷ്ട്ര ഉത്തേജക മരുന്ന് വിരുദ്ധ സമിതി(WADA) അന്വേഷക സംഘത്തിന് തെറ്റായ ഉത്തേജക മരുന്ന് ഫലങ്ങള്‍ റഷ്യ നല്‍കിയത് പിടിക്കപ്പെട്ടതോടെയാണ് റഷ്യക്കെതിരെ കടുത്ത നടപടിയിലേക്ക് വാഡ നീങ്ങിയത്.

കഴിഞ്ഞ ജനുവരിയിലാണ് വാഡക്ക് റഷ്യ ഉത്തേജക പരിശോധനാ ഫലങ്ങളുടെ റിപ്പോര്‍ട്ട് കൈമാറിയത്. തുടർന്ന് വാഡയുടെ പ്രത്യേക സംഘം മോസ്‌കോയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ യഥാര്‍ഥ പരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചതോടെയാണ് തട്ടിപ് പുറത്തായത്. തുടർന്ന് വാഡയുടെ പരാതി പരിഹാര സമിതിയാണ് റഷ്യക്കെതിരെ നാല് വര്‍ഷത്തേക്ക് വിലക്കിന് ശുപാര്‍ശ നൽകിയത്.

റഷ്യക്ക് അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിംപിക്‌സിലും 2022ല്‍ ബീജിങില്‍ നടക്കുന്ന വിന്റര്‍ ഒളിംപിക്‌സിലും പങ്കെടുക്കാനാവില്ല. എന്നാൽ വിലക്കിനെതിരെ അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ റഷ്യക്ക് സാധിക്കും. നേരത്തെ റഷ്യന്‍ സര്‍ക്കാര്‍ വിഭാഗങ്ങള്‍ തന്നെ കായിക താരങ്ങളെ ഉത്തേജക മരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Read More >>