'അങ്ങനെ ഇപ്പൊ കളിക്കണ്ട'; ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകള്‍ക്ക് നിയന്ത്രണവുമായി ചൈന

വിഡിയോ ഗെയിം കളിക്കുന്നതു കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ഭാവിയേയും ബാധിക്കുമെന്നതിനാലാണ് ചൈനയുടെ ഈ നീക്കം

ഹോങ് ങ്കോങ്: കുട്ടികളിലെ വീഡിയോ ഗെയിം ആസക്തി അതിരു കടക്കുന്നതായി ചൈന. ഇതിന് തടയിടാനായി രാത്രിയിൽ ഓൺലൈൻ വീഡിയോ ഗെയിമുകൾക് നിരോധന മേർപ്പെടുത്തിയിരിക്കയാണ് സർക്കാർ.

18 വയസ്സിനു താഴെയുള്ളവർക്ക് രാത്രി 10 നു ശേഷവും രാവിലെ 8 നു മുമ്പും ഗെയിം കളിക്കുന്നതിനാണ് നിരോധനം. സാധാരണ ദിവസങ്ങളിൽ 90 മിനുട്ടും വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും മൂന്നു മണിക്കൂറുമാണ് ഗെയിം കളിക്കാൻ അനുവദിച്ച സമയം. എട്ടിനും 16നും ഇടയിൽ പ്രായമുള്ളവർ മാസത്തിൽ 200 യുവാനും 16 മുതൽ 18 വരെ പ്രായമുള്ളവർ 400 യുവാനും മാത്രമേ വിഡിയോ ഗെയിമിനായി ചെലവിടാൻ പാടുള്ളു.

വിഡിയോ ഗെയിം കളിക്കുന്നതു കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെയും ഭാവിയേയും ബാധിക്കുമെന്നതിനാലാണ് ചൈനയുടെ ഈ നീക്കം.വ്യാജ പേരുകളിൽ ഗെയിം സൈൻ ഇൻ ചെയ്യുന്നതും കർശനമായി നിരീക്ഷിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഗെയിമിങ് വിപണിയാണ് ചൈന. ആഗോള തലത്തിൽ ഗെയിമിങ് കമ്പനികൾക്ക് വൻ വരുമാനമാണ് ചൈനയിൽ നിന്നും ലഭിക്കുന്നത്. 2018ൽ മാത്രം 38 ബില്ല്യൺ ഡോളറിന്റെ വിഡിയോ ഗെയിം ബിസിനസാണ് ചൈനയിൽ നടന്നത്.

കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനുള്ള പ്രധാന നിർദേശമെന്ന നിലയിൽ പുതിയ ഗെയിം ഇറക്കുന്നതിനു ചൈനയിൽ നിലവിൽ നിയന്ത്രണം ഉണ്ട്. ഇറക്കുമതി ചെയ്യുന്ന വിഡിയോ ഗെയിമുകൾക്കു 2018 ഫെബ്രുവരിയിൽ മുതൽ അംഗീകാരം നൽകിയിരുന്നില്ല. രാജ്യത്തെ കമ്പനികൾക്കു 2018 മേയ് മുതൽ പുതിയ ലൈസൻസുകൾ നൽകേണ്ടതില്ലെന്നു ചൈനീസ് സർക്കാർ തീരുമാനം എടുത്തിരുന്നു.

Read More >>