അഴിമതി; നവാസ് ഷെരീഫിന് 10 വർഷം തടവ് 

Published On: 2018-07-06 12:45:00.0
അഴിമതി; നവാസ് ഷെരീഫിന് 10 വർഷം തടവ് 

ഇസ്ലാമാബാദ്: അഴിമതി കേസില്‍ പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷത്തെ തടവ് ശിക്ഷ. ഒപ്പം, മകൾ മറിയത്തിന് ഏഴ് വർഷത്തെ തടവും വിധിച്ചു. കൂടാതെ, നവാസിന്റെ മരുമകന്‍ സഫ്ദാറിനെ ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും വിധിച്ചിട്ടുണ്ട്. പാക് അക്കൗണ്ടബിലിറ്റി കോടതിയുടേതാണ് ഉത്തരവ്‌.

നവാസ് ഷെരീഫിനെതിരെയുള്ള നാല് അഴിമതി കേസുകളിൽ ഒന്നിന്റെ വിധിയാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. തനിക്ക് കേസിൽ വാദം നേരിട്ട് കേൾക്കണമെന്നും അതുകൊണ്ട് വിചാരണ ഒരാഴ്ച വൈകിപ്പിക്കണമെന്നുമുള്ള ഷെരീഫിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് കേസിൽ കോടതി ഇന്ന് ശിക്ഷ വിധിച്ചത്.

ഷെരീഫ്, മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഉടമസ്ഥരായുള്ള ലണ്ടനിലെ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട കേസിലാണ് ഷെരീഫിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരിക്കുന്നത്.

നവാസ് ഷെരീഫും മകള്‍ മറിയവും ഇപ്പോള്‍ ലണ്ടനിലാണ്. ഭാര്യ കുൽസും നവാസിന്റെ അർബുദ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഇരുവരും ലണ്ടനില്‍ താമസിക്കുന്നത്. പനാമ പേപ്പേഴ്സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോ​ഗ്യനാക്കിയത്.

Top Stories
Share it
Top