ചരിത്രപരമാകുന്ന മെക്‌സിക്കന്‍ ഇടതുഅപാരത, മെക്‌സിക്കന്‍ സ്വദേശിയുടെ വിചാരങ്ങള്‍ 

''മെക്സിക്കോയെ സംബന്ധിച്ചിടത്തോളം ജുലൈ ഒന്ന് ചരിത്രപരമായ ദിവസമായിരുന്നു. അന്നാണ് മെക്സിക്കോക്കാര്‍ രാജ്യത്തെ തിരഞ്ഞെടുപ്പില്‍ പി ആര്‍ ഐയെയും പി എ...

ചരിത്രപരമാകുന്ന മെക്‌സിക്കന്‍ ഇടതുഅപാരത, മെക്‌സിക്കന്‍ സ്വദേശിയുടെ വിചാരങ്ങള്‍ 

''മെക്സിക്കോയെ സംബന്ധിച്ചിടത്തോളം ജുലൈ ഒന്ന് ചരിത്രപരമായ ദിവസമായിരുന്നു. അന്നാണ് മെക്സിക്കോക്കാര്‍ രാജ്യത്തെ തിരഞ്ഞെടുപ്പില്‍ പി ആര്‍ ഐയെയും പി എ എന്നിനെയും പരാജയപ്പെടുത്തി ഇടതുപക്ഷ പാര്‍ട്ടിയുടെ പ്രസിഡണ്ടിനെ വിജയിപ്പിക്കാന്‍ തീരുമാനിച്ചത്'', മെക്സിക്കന്‍ സ്വദേശി ജോര്‍ജ് മുസ്തഫയാണ് തിരഞ്ഞെടുപ്പ് ഫലത്തെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുന്നത്.

മൂന്ന് തവണ കേരളം സന്ദര്‍ശിച്ചിട്ടുള്ള വ്യക്തിയാണ് ജോര്‍ജ്. ആദ്യവരവ് ആറു വര്‍ഷം മുമ്പാണ്. ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നും മലപ്പുറം സ്വദേശിയുമായി പരിചയത്തിലായതിനെ തുടര്‍ന്നാണ് ജോര്‍ജ് കേരളം സന്ദര്‍ശിക്കാനെത്തുന്നത്. രണ്ടുമാസം മുമ്പാണ് അവസാനമായി വന്നത്. മെക്സിക്കന്‍ രാഷ്ട്രീയ ചലനങ്ങളെ സൂക്ഷമമായി വീക്ഷിക്കുന്ന വ്യക്തിയാണ് ജോര്‍ജ് മുസ്തഫ.

''ഈ തിരഞ്ഞെടുപ്പിനെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുന്നതിന് പല കാരണങ്ങളുണ്ട്. 62 ശതമാനം പോളിങ് എന്നത് മെക്സിക്കോയെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന പോളിങ് നിരക്കാണ്. പല ആളുകളും ആറുമണിക്കൂര്‍ വരെ വരിയില്‍ കാത്തുനിന്നാണ് വോട്ട് ചെയ്തത് എന്നത് അല്‍ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. ഇതിനെല്ലാം ഉപരി മെക്സിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് നിയമനിര്‍മാണ സഭയില്‍ ഭൂരിപക്ഷം നേടിയ പാര്‍ട്ടിയിലെ ഒരാള്‍ പ്രസിഡന്റാകുന്നത്. ഇത് ത്വരിതഗതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനും നടപ്പിലാക്കാനും പ്രസിഡന്റിന് അധികാരം നല്‍കും. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇടതുപക്ഷമാണ് വിജയം നേടിയിരിക്കുന്നത്'' ദക്ഷിണ മെക്സിക്കോയിലെ കംപച്ചെ സംസ്ഥാനക്കാരനായ ജോര്‍ജ് വിശദീകരിക്കുന്നു.

നിയുക്ത പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപസ് ഒബ്രഡോറാണ് 2014-ല്‍ ഇടതുപക്ഷ പാര്‍ട്ടി മൊറേന (നാഷണല്‍ റിജനറേഷന്‍ മുവ്മെന്റ്) രൂപീകരിക്കുന്നത്. 2000-ല്‍ മെക്സിക്കന്‍ സിറ്റിയടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആംലോ എന്ന് വിളിക്കപ്പെടുന്ന 64-കാരനായ ആന്ദ്രേസ് മാനുവല്‍ 2006-ലും 2012-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മൊറേന രൂപീകരിക്കുന്നത്. 2018-ല്‍ മൊറേന മറ്റു രണ്ട് ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

കുതിച്ചുയരുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക്, താഴോട്ട് പതിക്കുന്ന സാമ്പത്തിക രംഗം, അഴിമതി എന്നിവയാണ് തിരഞ്ഞെടുപ്പിലെ വിധിയെ സ്വാധീനിച്ചത്. ''ജനങ്ങള്‍ മാറ്റത്തിനുവേണ്ടി കൊതിക്കുകയായിരുന്നു. 2006-മുതല്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളും അങ്ങേയറ്റം ദയനീയമായ സാമ്പത്തിക സ്ഥിതിയാണ് ജനങ്ങളെ ഇങ്ങനെ തീരുമാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നതായി മനസ്സിലാക്കാം'', അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 2,30,000 ആളുകളെയാണ് ലഹരി മാഫിയ കൊന്നൊടുക്കിയത്. ഈ തിരഞ്ഞെടുപ്പിനിടയില്‍ മാത്രം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ 130 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അതില്‍ 40 പേര്‍ സ്ഥാനാര്‍ത്ഥികളായിരുന്നു.

സാമ്പത്തിക രംഗം കൂപ്പുകുത്തി. സര്‍വ്വ മേഖലകളെയും അഴിമതി ഗ്രസിച്ചു. ഇതെല്ലാം 2006-മുതല്‍ ഭരണത്തിലുള്ള പി ആര്‍ ഐയെ തൂത്തെറിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. ജനങ്ങള്‍ വലിയ ഒരു മാറ്റത്തിനുവേണ്ടിയാണ് ഇത്തവണ വോട്ട് ചെയ്തിരിക്കുന്നത്. നിയുക്ത പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ഈ മാറ്റം കൊണ്ടുവരുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്, ജോര്‍ജ് പറയുന്നു.

രണ്ടാം സ്ഥാനത്തെത്തിയ പി എ എന്നിന്റെ (നാഷ്ണല്‍ ആക്ഷന്‍ പാര്‍ട്ടി) പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റിക്കാര്‍ഡോ അനന്യയ്ക്ക് ലഭിച്ച വോട്ടിനെക്കാള്‍ ഇരട്ടി വോട്ടാണ് ആന്ദ്രേസ് മാനുവലിന് ലഭിച്ചത്. ഭരണപ്പാര്‍ട്ടി പി ആര്‍ ഐയുടെ (ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ റെവലൂഷ്ണറി പാര്‍ട്ടി) അന്റോണിയോ മെഡെ കുറഞ്ഞ വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

''സമാധാനമായി ജീവിക്കണം, ആക്രമങ്ങള്‍ക്ക് അറുതി വരുത്തണം, സാമ്പത്തിക നിലയില്‍ മാറ്റം വരണം, ഇതെല്ലാമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇടതുപക്ഷം ഇതെല്ലാം സാധ്യമാക്കുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണവര്‍. എന്നാല്‍, പുതിയ ഒരു പ്രസിഡന്റ് വരുന്നതുകൊണ്ട് രാജ്യത്ത് മൊത്തം മാറ്റങ്ങള്‍ ഉണ്ടാകില്ല എന്ന ബോധം മെക്സിക്കന്‍ ജനതയ്ക്കുണ്ട്. ജനങ്ങളുടെ ഭാഗത്തുനിന്നും അര്‍പ്പണ ബോധത്തോടുകൂടി പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാലേ സ്ഥിതി മെച്ചപ്പെടുകയുള്ളൂ. അത്രയും താറുമാറാണ് ഇപ്പോഴത്തെ സാഹചര്യം'', ജോര്‍ജ്ജ് വിശദമാക്കി.

Story by
Read More >>