ലോകം തളരുമ്പോള്‍ ഇന്ത്യ മുന്നോട്ടെന്ന് ലോകബാങ്കിന്റെ ഗ്ലാബല്‍ ഇക്കണോമിക് റിപോര്‍ട്ട്

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ലോകബാങ്ക്

Published On: 9 Jan 2019 5:50 AM GMT
ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ലോകബാങ്ക്

ഇന്ത്യ പുതിയൊരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ലോകബാങ്ക് റിപോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനത്തിന്റെ വര്‍ധനയും തുടര്‍ന്ന് വരുന്ന രണ്ടു വര്‍ഷത്തില്‍ 7.5 ശതമാനത്തിന്റെ വര്‍ധനയുമാണ് ലോകബാങ്ക് കണക്കാക്കുന്നത്. 2019 വര്‍ഷത്തേയ്ക്കുള്ള ഗ്ലോബല്‍ ഇക്കണോമിക് റിപോര്‍ട്ടിലാണ് മോദി സര്‍ക്കാരിന് ആശ്വാസവുമായി പുതുക്കിയ കണക്കുകള്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതുപ്രകാരം ലോകത്തെ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന സമ്പദ്ഘടനകളില്‍ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

ഇതേ കാലയളവില്‍ ആഗോളസമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്കുകള്‍ ആശ്വസകരമല്ലെന്നും റിപോര്‍ട്ട് സൂചന നല്‍കുന്നു. ആഗോളസമ്പദ്ഘടനയിലുള്ള വളര്‍ച്ചാ നിരക്കുകള്‍ 2018-19 കാലയളവില്‍ 2.9 ശതമാവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2.8ശതമാനമായിരിക്കും. 2018 ല്‍ ഇത് 3 ശതമാനമായിരുന്നു.ഇതേ കാലയളവില്‍ ചൈനീസ് സമ്പദ്ഘടനയില്‍ വളര്‍ച്ചാ നിരക്ക് യഥാക്രമം 6.2 ശതമാനവും 6 ശതമാനമാണെന്നും കണക്കാക്കുന്നു. യുഎസിന്റെ കാര്യത്തിലും സ്ഥിതി ആശ്വാസകരമല്ല. ഈ വര്‍ഷം കണക്കാക്കുന്ന വളര്‍ച്ചാ നിരക്ക് 2.5 ശതമാനമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 2.9 ശതമാനത്തോടെ കുറച്ചു കൂടി മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. യൂറോസോണിലും സ്ഥിതി മോശമാണ്. കഴിഞ്ഞ വര്‍ഷം 1.9ശതമാനം വളര്‍ച്ച ഉണ്ടായിരുന്നത് ഇപ്പോള്‍ 1.6 ശതമാനമായി മാറി.

ലോക ബാങ്ക് പ്രോസ്പക്റ്റ് ഗ്രൂപ്പ് ഡയറക്ടര്‍ ഐഹാന്‍ കോസെയുടെ അഭിപ്രായത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകള്‍ ഇപ്പോഴും പ്രതീക്ഷ നല്‍കുന്നതാണ്, നിക്ഷേപവും ഉപഭോഗവും ശക്തവുമാണ്. താല്‍ക്കാലികമായ ചില തടസ്സങ്ങള്‍ നീങ്ങിയതിനു ശേഷം പുതുതായി ഏര്‍പ്പെടുത്തിയ ജിഎസ്ടി സംവിധാനം ഉപഭോഗത്തെയും നിക്ഷേപത്തെയും ഗുണകരമായി സ്വാധീനിച്ചിട്ടുണ്ട്. നോട്ടുനിരോധനവും ജിഎസ്ടിയും ഇന്ത്യയിലെ അസംഘടിതമായ സമ്പദ്ഘടനയെ സംഘടിതമാക്കാനും സഹായിച്ചു. സാമ്പത്തിക പരിഷ്‌കാരമെന്ന നിലയില്‍ നോട്ടുനിരോധനത്തിന് ആഗോളതലത്തില്‍ തന്നെ ലഭിക്കുന്ന അംഗീകാരങ്ങളിലൊന്നാണ് ഇത്. അതേസമയം വര്‍ധിച്ച പലിശ നിരക്കുകളും കറന്‍സി മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവും സമ്പദ്ഘടനയില്‍ ആശങ്ക പരത്തുന്നുണ്ടെന്നും ലോകബാങ്ക് കരുതുന്നു.

വര്‍ധിച്ചുവരുന്ന കര്‍ഷക അസംതൃപ്തിയും പെരുകി വരുന്ന ദാരിദ്ര്യവും പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയുന്നതിനാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ നിന്ന് വിദേശനിക്ഷേപകര്‍ ഒഴിഞ്ഞുപോകുകയാണെന്ന ഇക്കണോമിസ്‌ററ് വാരികയുടെ കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമാണ് ഈ റിപോര്‍ട്ടെന്നതും ശ്രദ്ധേയമാണ്.

Top Stories
Share it
Top