വെനസ്വേലയില്‍ ആരോഗ്യപ്രതിസന്ധി രൂക്ഷം

ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ മരുന്നോ ഇല്ലാതെയാണ് ആയിരകണക്കിന് കുട്ടികളും സ്ത്രീകളും വൃദ്ധരും രാജ്യത്ത് കഴിയുന്നത്

വെനസ്വേലയില്‍ ആരോഗ്യപ്രതിസന്ധി രൂക്ഷം


കറാക്കസ്: പ്രസിഡന്റ് മഡൂറോക്കെതിരേ പോരാടുന്ന പ്രതിഷേധക്കാരുടേയും അവരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റേയും ഇടയില്‍ രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടുന്നു. ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ മരുന്നോ കിട്ടാതെയാണ് ആയിര കണക്കിന് കുട്ടികളും സ്ത്രീകളും വൃദ്ധരും രാജ്യത്ത് കഴിയുന്നത്. തലസ്ഥാനമായ കറാക്കസില്‍ നിന്ന് 300 കിലോ മീറ്റര്‍ അകലെയുള്ള ഒരു ആശുപത്രിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം മരിച്ചത് 14 കുട്ടികളാണ്. ശുദ്ധ ജലത്തിന്റെയും പോഷകാഹാരത്തിന്റെയും അപര്യാപ്തതയാണ് കുട്ടികളിലെ രോഗപ്രതിരോധശേഷിക്കുറവിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആശുപത്രികളില്‍ ആവശ്യത്തിനുള്ള ജീവനക്കാരില്ല, മരുന്നോ സിറിഞ്ചുകളോ മറ്റു അവശ്യ ചികിത്സാ സംവിധാനങ്ങളോ ഇല്ല. അസുഖബാധിതരായ കുട്ടികള്‍ക്ക് വേണ്ടത്ര ചികിത്സ നല്‍കാനാവുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നെ വ്യക്തമാക്കുന്നു. പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി പ്രസിഡന്റ് നിക്കോളാസ് മദൂറോ ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ആവശ്യത്തിന് ചികിത്സ ലഭിക്കാതെ നിരവധിയാളുകള്‍ മരണപ്പെട്ടുകഴിഞ്ഞു . ഇതോടെ ജനങ്ങള്‍ പ്രസിഡന്റ് മഡൂറോയെ കൈവിട്ട അവസ്ഥയാണ്.

ഇത്തരം സാഹചര്യം രാജ്യത്തുണ്ടായിട്ടും രാജ്യത്ത് യാതൊരു മാനുഷിക പ്രതിസന്ധിയുമില്ലെന്നാണ് മഡൂറോ പറഞ്ഞത്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ നിന്നും റോഡുമാര്‍ഗ്ഗം എത്തിയ സഹായം മഡൂറോ നിരസിച്ചിരുന്നു. തങ്ങള്‍ പിച്ചക്കാരല്ലെന്നാണ് അദ്ദേഹം അമേരിക്കന്‍ നടപടിയെ കുറിച്ച് പറഞ്ഞത്. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള റോഡ് അടച്ചിട്ടിരിക്കുകയാണ്. ആവശ്യമുള്ള മരുന്നുകളെല്ലാം രാജ്യത്തിനകത്ത് ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രസിഡന്റ് പറയുന്നു. ഇതിനെതിരേ പ്രതിപക്ഷ കക്ഷികളും സ്വയം അവരോധിത പ്രസിഡന്റായ ജുവാന്‍ ഗെയ്ഡോയും രംഗത്ത് വന്നു.

അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ രാജ്യത്ത് ആയിരങ്ങള്‍ ചികിത്സ കിട്ടാതെ മരണപ്പെടുമെന്ന് ഗെയ്ഡോ അഭിപ്രായപ്പെട്ടു. ഇതിനിടെ മറ്റുരാജ്യങ്ങളുടെ സഹായം രാജ്യത്തിനകത്ത് എത്തിക്കാനായി പ്രതിപക്ഷ കക്ഷികള്‍ ആലോചിക്കുന്നുണ്ട്. സൈന്യവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഈ നീക്കം സൈന്യവും പ്രസിഡന്റുമായുമുള്ള ബന്ധം വഷളാക്കും.

ഏകദേശം 50000 വെനസ്വേലക്കാര്‍ അതിര്‍ത്തിരാജ്യമായ കൊളംബിയയിലേക്ക് ദിനംപ്രതി കടക്കുന്നുണ്ട്. ആവശ്യത്തിന് മരുന്നും ഭക്ഷണവും വാങ്ങാന്‍ പോവുന്ന ഇവരില്‍ 5000ത്തോളം പേര്‍ തിരിച്ച് പോവുന്നില്ലെന്നാണ് കൊളംബിയ അറിയിച്ചത്. ഇക്കഡ്വോര്‍, പെറു എന്നീ രാജ്യങ്ങളിലേക്കും ഇവര്‍ കുടിയേറിപ്പോവുന്നതായാണ് റിപ്പോര്‍ട്ട്.

Read More >>