ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശ നേതാക്കള്‍ക്ക് ക്ഷണമില്ല

Published On: 2 Aug 2018 11:15 AM GMT
ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശ നേതാക്കള്‍ക്ക് ക്ഷണമില്ല

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദി അടക്കമുള്ള അയല്‍രാജ്യ നേതാക്കന്മാര്‍ക്ക് ക്ഷണമില്ല. പതിനൊന്നാം തിയതി നടക്കുന്ന ചടങ്ങില്‍ വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും ഇമ്രാന്‍ ഖാന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമെ ക്ഷണമുള്ളുവെന്നും പാകിസ്താന്‍ തെഹരീഖ് ഇന്‍സാഫ് പാര്‍ട്ടി വാക്താവ് ചൗദരി പറഞ്ഞു.

ചടങ്ങില്‍ ഇന്ത്യന്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെ സാര്‍ക്ക് നേതാക്കള്‍ പങ്കെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌ക്കര്‍, കപില്‍ ദേവ്, നവജ്യോത് സിദ്ധു എന്നിവര്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇമ്രാന്‍ ഖാന്റെ ക്ഷണം താന്‍ സ്വീകരിച്ചെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും നവജ്യോത് സിങ്ങ് സിദ്ധു വ്യക്തമാക്കി. വ്യക്തി എന്ന നിലയില്‍ വളരെ മികച്ച ആളാണ് ഇമ്രാന്‍ ഖാന്‍ എന്നും അതിനാല്‍ അദ്ദേഹം തന്നെ ക്ഷണിച്ചത് സന്തോഷം നല്‍കുന്ന കാര്യമാണെന്നും സിദ്ധു പ്രതികരിച്ചു.

ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹരീഖ് ഇന്‍സാഫ് പാര്‍ട്ടി 116 സീറ്റുകള്‍ നേടിയതോടെയാണ് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞത്. എന്നാല്‍ ചെറിയ കക്ഷികളുടെ പിന്തുണ കിട്ടിയാലെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ പറ്റുള്ളു. ഇതിന്റെ തിരക്കിട്ട ചര്‍ച്ചയിലാണ് ഇമ്രാന്‍ ഖാനും പാര്‍ട്ടി നേതാക്കളും. പാകിസ്താനിലെ അധികാരമാറ്റം ഇന്ത്യ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന വിജയശേഷം ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

Top Stories
Share it
Top