എസ്.സി.ഒ ഉച്ചകോടിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കും; നടപടിക്രമമനുസരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ വർഷം കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിലായിരുന്നു ഉച്ചകോടി നടന്നത്.

എസ്.സി.ഒ ഉച്ചകോടിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കും; നടപടിക്രമമനുസരിച്ചെന്ന് വിദേശകാര്യ മന്ത്രാലയം

ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിലേക്ക് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കുമെന്ന് കേന്ദ്ര സർക്കാർ. ഉച്ചകോടിയില്‍ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

"ഈ വർഷം അവസാനം നടക്കുന്ന ഉച്ചകോടിക്ക് ഇന്ത്യൻ സർക്കാർ ആതിഥേയത്വം വഹിക്കും. നടപടിക്രമമനുസരിച്ച് എട്ട് അംഗങ്ങളേയും നാല് നിരീക്ഷകരേയും മറ്റു അന്താരാഷ്ട്ര സംഭാഷണ പങ്കാളികളേയും ക്ഷണിക്കും"- വിദേശകാര്യ മന്ത്രാലയ വാക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

ചൈനയുടെ നേതൃത്വത്തിലുള്ള എട്ട് അംഗ സാമ്പത്തിക, സുരക്ഷാ വിഭാഗമാണ് എസ്‌.സി‌.ഒ. റഷ്യ, ചൈന, കിർഗീസ് റിപബ്ലിക്, കസാക്കിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്‍റുമാർ ചേർന്ന് 2001 മുതലാണ് എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചത്. 2017- ലാണ് ഇന്ത്യയും പാകിസ്താനും ഇതിൻെറ ഭാ​ഗമാവുന്നത്.

കഴിഞ്ഞ വർഷം കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിലായിരുന്നു ഉച്ചകോടി നടന്നത്. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്താന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഇതിലെ സ്ഥിരാംഗങ്ങള്‍. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മംഗോളിയ, ബെലാറസ് എന്നിവര്‍ നിരീക്ഷക രാജ്യങ്ങളുമാണ്.

Read More >>