ഇന്തോനേഷ്യന്‍ പോലീസ് ആസ്ഥാനത്ത് ചാവേറാക്രമണം

Published On: 2018-05-14 10:45:00.0
ഇന്തോനേഷ്യന്‍ പോലീസ് ആസ്ഥാനത്ത് ചാവേറാക്രമണം

സുരഭയ: ഇന്തോനേഷ്യന്‍ പോലീസ് ആസ്ഥാനത്തിന് സമീപം ചാവേര്‍ ബോംബാക്രമണം. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരാബായയിലാണ് സ്‌ഫോടനം നടന്നത്. ക്രിസ്ത്യന്‍ പള്ളികളില്‍ നടന്ന ചാവേറാക്രമണത്തിന് തൊട്ടടുത്ത ദിവസമാണ് സംഭവം നടന്നത്.

ഇരുചക്രവാഹനത്തിലെത്തിയ ആണും പെണ്ണുമാണ് ചാവേറുകളായി സ്‌ഫോടനം സൃഷ്ടിച്ചതെന്ന് കിഴക്കന്‍ ജാവയിലെ പോലീസ് വക്താവ് ഫ്രാന്‍സ് ബാരംഗ് മംഗേര പറഞ്ഞു. സെക്യൂരിറ്റി ചെക്ക്‌പോയന്റില്‍ ബൈക്ക നിര്‍ത്തിയ ഉടനെയാണ് സ്‌ഫോടനം നടന്നത്. ആംബുലന്‍സുകളും ബോംബ്‌സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. സി.സി ടി വി ദൃശ്യങ്ങളില്‍ നിന്നും ചാാവേറുകള്‍ സഞ്ചരിച്ച ബൈക്കിന്റെ ദൃശ്യം ലഭിച്ചു. ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഇത് ഭീരുത്വപരമായ നടപടിയാണെന്നും മനുഷ്യത്വരഹിതമായ ഇത്തരം പ്രവര്‍ത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോ പറഞ്ഞു. തീവ്രവാദം നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനനടപടി കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ സുരഭയിലെ മൂന്നു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നു.

Top Stories
Share it
Top