സല്‍മാന്‍ രാജാവ്-പോംപിയോ കൂടിക്കാഴ്ച്ച; ഖത്തര്‍-സൗദി പ്രതിസന്ധിക്ക് പരിഹാരം?

റിയാദ്: റെക്സ് ടില്ലേഴ്സണ് പകരം യു.എസ് വിദേശകാര്യ സെക്രട്ടറിയായി മൈക് പോംപിയോ ചുമതലയേറ്റെടുത്തതോടെ സൗദി-ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു....

സല്‍മാന്‍ രാജാവ്-പോംപിയോ കൂടിക്കാഴ്ച്ച; ഖത്തര്‍-സൗദി പ്രതിസന്ധിക്ക് പരിഹാരം?

റിയാദ്: റെക്സ് ടില്ലേഴ്സണ് പകരം യു.എസ് വിദേശകാര്യ സെക്രട്ടറിയായി മൈക് പോംപിയോ ചുമതലയേറ്റെടുത്തതോടെ സൗദി-ഖത്തര്‍ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ഖത്തറുമായുള്ള പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കാനും ഉപരോധം അവസാനിപ്പിക്കാനും സൗദി ഭരണകൂടത്തോട് യു.എസ് ആവശ്യപ്പെട്ടു. പോംപിയോ സല്‍മാന്‍ രാജാവുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. റിയാദ് വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയ്ക്കു ശേഷമാണ് വിദേശകാര്യ സെക്രട്ടറി രാജാവിനെ കണ്ടത്.

ഖത്തര്‍ അതിര്‍ത്തിയില്‍ കിടങ്ങ് കുഴിച്ച് ന്യൂക്ലിയര്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ സൗദി പദ്ധതി തയാറാക്കുന്നതിനിടെയാണ് യു.എസ് വിഷയത്തില്‍ നിലപാടു കടുപ്പിച്ചത്. 2017 ജൂണിലാണ് സൗദിയുടെ നേതൃത്വത്തില്‍ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ആരംഭിച്ചത്. ഖത്തര്‍ ഭീകരവാദികള്‍ക്ക് സഹായം ചെയ്യുന്നു എന്നതാണ് സൗദിയുടെയും സഖ്യരാഷ്ട്രങ്ങളുടെയും പ്രധാന ആരോപണം. ആരോപണം ഖത്തര്‍ നിഷേധിച്ചിട്ടുണ്ട്. നേരത്തെ, മധ്യസ്ഥ ശ്രമങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനാണ് മുന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ ശ്രമിച്ചു കൊണ്ടിരുന്നത്. അതു വിജയം കണ്ടിരുന്നില്ല. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി നല്ല ബന്ധത്തിലല്ലാതിരുന്ന ടില്ലേഴ്സണിന്റെ സമാധാന ശ്രമങ്ങളോട് ആത്മര്‍ത്ഥതയോടെയല്ല സൗദി പ്രതികരിച്ചിരുന്നതും. പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ ട്രംപ് സൗദി അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്.

നിലവില്‍, ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന പോംപിയോയുടെ നിര്‍ദേശങ്ങള്‍ സൗദിക്ക് അവഗണിക്കാനാവില്ല എന്നതാണ് പ്രശ്നപരിഹാരത്തിലേക്ക് വഴി തുറക്കുന്നത്. മുന്‍ സി.ഐ.ഐ ഡയറക്ടറായ പോംപിയോ ഏപ്രില്‍ അവസാന വാരമാണ് ചുമതലയേറ്റത്. സ്ഥാനമേറ്റതിന് പിന്നാലെ അദ്ദേഹം മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ സന്ദര്‍ശനത്തിനായി തിരിക്കുകയായിരുന്നു. ഈ യാത്രയിലാണ് ഇദ്ദേഹം റിയാദിലെത്തിയത്. പ്രശ്നം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനി നിരന്തരമായി യു.എസിനു മേല്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ദേഹം ഓവല്‍ ഓഫീസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഖത്തറിനു വേണ്ടി വാഷിങ്ടണില്‍ ലോബ്ബിയിസ്റ്റുകളും രംഗത്തുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് റിയാദിലേക്കുള്ള പോംപിയോയുടെ വരവ്. ഇറാന്‍ ആണവകരാര്‍ കൂടി ചര്‍ച്ച ചെയ്ത ശേഷം തിങ്കളാഴ്ച പോംപിയോ വാഷിങ്ടണിലേക്ക് മടങ്ങി. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി നിശ്ചയിച്ചിട്ടുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി അദ്ദേഹം ഈവാരാന്ത്യം പ്യോങ്യാങിലേക്ക് തിരിക്കും.

Story by
Read More >>