മുംബൈ ഭീകരാക്രമണം പാക്കിസ്ഥാന്റെ അറിവോടെ: നവാസ് ഷരീഫ്

Published On: 2018-05-12 14:30:00.0
മുംബൈ ഭീകരാക്രമണം പാക്കിസ്ഥാന്റെ അറിവോടെ: നവാസ് ഷരീഫ്

ന്യൂഡല്‍ഹി: നൂറ്റിയന്‍പതിലേറെപ്പേരുടെ ജീവനെടുത്ത മുംബൈ ഭീകരാക്രമണം പാക്കിസ്ഥാന്റെ അറിവോടെയാണെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. പാക്ക് മാധ്യമമായ 'ഡോണി'നു നല്‍കിയ അഭിമുഖത്തിലാണു നവാസ് ഷരീഫിന്റെ വെളിപ്പെടുത്തല്‍.

പാക്കിസ്ഥാനില്‍ ഭീകരസംഘടനകള്‍ ഇപ്പോഴും സജീവമാണെന്നും നവാസ് ഷരീഫ് അഭിമുഖത്തില്‍ പറഞ്ഞു. 'നോണ്‍ സ്റ്റേറ്റ് ആക്ടേഴ്‌സ്' എന്നുവിളിക്കാവുന്ന ഇവര്‍ അതിര്‍ത്തി കടന്ന് മുംബൈയിലെത്തി 150 പേരെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാന്‍ അനുവദിക്കുമോയെന്നും ഷരീഫ് ചോദിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്ന് പറഞ്ഞ ഷരീഫ്, അങ്ങനെ അനുവദിച്ചിട്ടുണ്ടെങ്കില്‍ അവരെ വിചാരണ ചെയ്യണമെന്നും പറഞ്ഞു. റാവല്‍പിണ്ടിയിലെ ഭീകര വിരുദ്ധ കോടതിയില്‍ നടക്കുന്ന മുംബൈ ഭീകരാക്രമണക്കേസ് വിചാരണ ഏതാണ്ടു നിലച്ച മട്ടാണ്. ഇതിനെതിരെ ഇന്ത്യ കടുത്ത വിമര്‍ഷനമുന്നയിച്ചിരുന്നു.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍, സ്വയം വരുത്തിവച്ചതാണെന്ന് വിമര്‍ശിച്ച ഷരീഫ് ഭീകരതയ്‌ക്കെതിരായി പാക്കിസ്ഥാന്‍ നിലപാടെടുക്കണമെന്നും പറഞ്ഞു. പാക്ക് ഭീകര സംഘടനയായ ലഷ്‌ക്കര്‍ ഇ-ത്വയ്ബയാണ് 2008 നവംബറിലെ അക്രമണത്തിന് പിന്നിലെന്ന് നേരത്തേ ആരോപിച്ച ഇന്ത്യയുടെ വാദങ്ങള്‍ക്ക് ശക്തി പകരുന്നതാണ് നവാസ് ഷരീഫിന്റെ വെൡപ്പെടുത്തല്‍.

പനാമ രേഖകളില്‍ പേരു വന്നതിനെ തുടര്‍ന്ന് നവാസ് ഷരീഫിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ പാക് സുപ്രീംകോടതി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.


Top Stories
Share it
Top