മലേഷ്യൻ വിമാനം തകർത്തത് റഷ്യൻ മിസൈൽ; അന്വേഷണ റിപ്പോർട്ടുകള്‍

Published On: 24 May 2018 3:45 PM GMT
മലേഷ്യൻ വിമാനം തകർത്തത് റഷ്യൻ മിസൈൽ; അന്വേഷണ റിപ്പോർട്ടുകള്‍

ന്യൂജിൻ (നെതർലൻഡ്സ്): മലേഷ്യന്‍ എയര്‍ലൈന്‍സി​​​​ൻെറ എംഎച്ച് 17 വിമാനം തകര്‍ത്തത്​ റഷ്യയെന്ന് അന്വേഷണ സംഘത്തിൻെറ റിപ്പോര്‍ട്ട്. റഷ്യയുടെ ബക് മിസൈലാണ് 2014ല്‍ യുക്രെയിനില്‍ വിമാനം തകര്‍ത്തതെന്നാണ് അന്താരാഷ്ട്ര അന്വേഷണ സംഘം കണ്ടെത്തിയത്​.

298 യാത്രക്കാരുമായി ആംസ്റ്റഡാമില്‍ നിന്നും ക്വാലാലംപൂരിലേക്ക് പോയിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം 2014 ജൂലൈ 17നാണ് തകര്‍ന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഡച്ചുകാരായിരുന്നെങ്കിലും ആസ്‌ത്രേലിയ, ബ്രിട്ടന്‍, മലേഷ്യ തുടങ്ങി 17 രാജ്യങ്ങളിലെ പൗരന്മാരും ദുരന്തത്തില്‍ ഉൾപ്പെട്ടിരുന്നു.

റഷ്യന്‍ മിസൈലാണ് മലേഷ്യന്‍ യാത്രാ വിമാനം തകര്‍ത്തതെന്ന് നേരത്തെ തന്നെ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നെങ്കിലും മിസൈലിൻെറ ഉറവിടം കണ്ടെത്താനായിരുന്നല്ല.അതേസമയം റഷ്യയുടെ 53-ാം ആന്റി–എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചതെന്നാണു പുതിയ വിവരം.ആസ്ത്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലണ്ട്, ഉക്രൈന്‍ എന്നീ രാജ്യങ്ങളിലെ പ്രോസിക്യൂട്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.

റഷ്യന്‍ നിര്‍മിത ബക് മിസൈലാണ് ആക്രമണത്തിനുപയോഗിച്ചതെന്ന് ഡച്ച് സേഫ്റ്റി ബോര്‍ഡ് 2015ലെ റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ അനുകൂല ഉക്രൈന്‍ വിമതരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നാണ് മലേഷ്യന്‍ വിമാനത്തിന് നേരെ ആക്രമണം നടത്തിയതെന്നും ഇതിനുപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ അധീനതയിലുള്ളതാണെന്നും നേരത്തെതന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതേസമയം ബക് മിസൈല്‍ ആക്രമണത്തിലാണ് മലേഷ്യന്‍ വിമാനം തകര്‍ന്നതെന്ന അന്വേഷണ സംഘത്തി​​​ൻെറ കണ്ടെത്തല്‍ റഷ്യ തള്ളിക്കളയുകയും യുക്രെയിന്‍ സൈന്യമാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിക്കുകയും ചെയ്തു.Top Stories
Share it
Top