അഴിമതി കേസ്: നെതന്യാഹുവിനെ ഇസ്രയേല്‍ പോലീസ് ചോദ്യം ചെയ്തു 

ജറുസലേം: ടെലികമ്മ്യൂണിക്കേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച...

അഴിമതി കേസ്: നെതന്യാഹുവിനെ ഇസ്രയേല്‍ പോലീസ് ചോദ്യം ചെയ്തു 

ജറുസലേം: ടെലികമ്മ്യൂണിക്കേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ ഒരു വിഭാഗം ജനങ്ങള്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ഔദ്യോഗിക വസതിയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു. പോലീസ് വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ലെങ്കിലും ഇസ്രയേല്‍ റേഡിയോ സംഭവം സ്ഥിരീകരിച്ചു.

ബെസേക് ടെലികോം ഇസ്രയേലെന്ന കമ്പനിയ്ക്കു വഴിവിട്ട ധനസഹായങ്ങള്‍ ചെയ്തെന്നാണ് നെതന്യാഹുവിനെതിരായ കേസ്. കമ്പനി നിയന്ത്രിക്കുന്ന പ്രദേശങ്ങളില്‍ സര്‍ക്കാറിനനുകൂലമായി വാര്‍ത്തകള്‍ നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു സഹായം. ഇതിനു മുമ്പ് രണ്ടു തവണ ഇതേ കേസില്‍ നെതന്യാഹുവിനെ ചോദ്യം ചെയ്തിട്ടുണ്ട്. ബെസേക്ക് കമ്പനി അധികൃതര്‍ ആരോപണം തള്ളിയിരുന്നു. ഇതടക്കം മൂന്നു കേസുകളാണ് ഇദ്ദേഹത്തിനെതിരായി ഉള്ളത്.

ഫെബ്രുവരിയില്‍ മറ്റു രണ്ടഴിമതി കേസുകളില്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രത്തിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇതില്‍ ഒരു കേസ്. അവരുടെ പ്രധാന എതിരാളിക്കു മേല്‍ രാഷ്ട്രീയമായി സമ്മര്‍ദ്ദം ചെലുത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ രണ്ടു കേസുകളിലും നെതന്യാഹുവിന്റെ പങ്ക് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നിരാകരിച്ചിട്ടുണ്ട്.

എന്നാല്‍ പ്രധാനമന്ത്രിയ്ക്കെതിരായ കേസുകള്‍ അദ്ദേഹത്തെ രാഷ്ട്രീയമായി ബാധിച്ചിട്ടില്ല. ഇറാന്‍ ആണവ കരാറില്‍ നിന്നും യുഎസ് പിന്മാറിയതും അവരുടെ ഇസ്രയേല്‍ എംബസി ജറുസലേമിലേക്കു മാറ്റിയതും നെതന്യാഹുവിന്റെ ജനസമ്മിതി വര്‍ദ്ധിപ്പിച്ചു.

Story by
Read More >>