വിവാഹ സമ്മാനം വേണ്ട, കാരുണ്യ പ്രവൃത്തിക്കായി പണം തന്നോളൂവെന്ന് ഹാരിയും മേഗനും

Published On: 2018-04-10 11:45:00.0
വിവാഹ സമ്മാനം വേണ്ട, കാരുണ്യ പ്രവൃത്തിക്കായി പണം തന്നോളൂവെന്ന് ഹാരിയും മേഗനും

ലണ്ടന്‍: അടുത്ത മാസം 19ന് വിവാഹിതരാകുന്ന പ്രിന്‍സ് ഹാരിക്കും മേഗന്‍ മാര്‍ക്കലിനും വിവാഹത്തിന് വരുന്നവരോട് ഒരപേക്ഷയേ ഉള്ളൂ, വിവാഹ സമ്മാനങ്ങള്‍ ഒഴിവാക്കുക. പകരം ആ പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സംഭാവന നല്‍കുക. മുംബൈയിലെ നഗര തെരുവുകളിലെ സ്ത്രീകള്‍ക്ക് പിന്തുണയുമായി പ്രവര്‍ത്തിക്കുന്ന മൈന മഹിള ഫൗണ്ടേഷനടക്കം ഏഴ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പണം ഉപയോഗിക്കുന്നത്. ആര്‍ത്തവകാലത്തെ ശുചിത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മൈന കൈകാര്യ ചെയ്യുന്നത്.

മുംബൈയിലെ ഗോവണ്ടി തെരുവ് നിവാസികള്‍ക്ക് ആര്‍ത്തവ ശുചിത്വത്തെ കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുന്നതോടൊപ്പം അവര്‍ക്ക് സാനിറ്ററിഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതും ഈ ഫൗണ്ടേഷനാണ്. വധൂവരന്‍മാര്‍ വിവാഹത്തിന് ശേഷം പണം സംഭാവന ചെയ്തവരെ അഭിനന്ദിക്കുമെന്ന് കെന്‍സിംഗട്ടണ്‍ കൊട്ടാരത്തില്‍ നിന്നുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. ഏഴ് കാരുണ്യ പ്രവൃത്തിയാണ് മെയ് 19ന് വിവാഹിതരാകുന്ന വധൂവരന്‍മാര്‍ ഏറ്റെടുത്തത്.

അതേസമയം, കാരുണ്യ പ്രവൃത്തി ഏറ്റെടുക്കനായി അവര്‍ക്ക് ഒരു മുന്‍ ബന്ധമൊന്നുമില്ലെന്നും അവരുടെ ഇഷ്ടപ്രകാരമാണിതെന്നുമാണ്കൊട്ടാരത്തില്‍ നിന്ന് ലഭിച്ച വിവരം. പ്രിന്‍സ് ഹാരിയുടെയും മേഗന്‍ മാര്‍ക്കലിന്റെയും തീരുമാനത്തില്‍ അതീവ സന്തോഷവും അഭിമാനവുമുണ്ടെന്ന് മൈന മഹിള ഫൗണ്ടേഷന്‍ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ മാര്‍ക്കല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ മൈന മഹിള ഫൗണ്ടേഷന്‍ സ്ഥാപക സുഹാനി ജലോതയുമായി കൂടികാഴ്ച നടത്തിയിരുന്നു.

Top Stories
Share it
Top