ഉപരോധം; ഒരു വർഷത്തിനിടെ ഖത്തറിലെത്തിയത് 5000 കപ്പലുകൾ

Published On: 2018-07-13 05:00:00.0
ഉപരോധം; ഒരു വർഷത്തിനിടെ ഖത്തറിലെത്തിയത് 5000 കപ്പലുകൾ

ദോഹ: അയൽരാജ്യങ്ങളുടെ ഉപരോധം 13 മാസം പിന്നിട്ടപ്പോൾ വിവിധ രാജ്യങ്ങളിൽനിന്ന് ചരക്കുകളുമായി ഖത്തറിലെത്തിയ കപ്പലുകളുടെ എണ്ണം 5,266. ഖത്തർ തുറമുഖ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഹമദ്, അൽറുവൈസ്, ദോഹ തുറമുഖങ്ങളിലൂടെയാണ് ഖത്തറിലേക്ക് ചരക്കുകൾ എത്തുന്നത്. ഒരു മില്ല്യൺ ടൺ ചരക്കുകളും 31 ലക്ഷം ടൺ നിർമ്മാണ സാമഗ്രികളും ഉപരോധ കാലത്ത് ഖത്തറിലെത്തി. കപ്പൽ കയറിയെത്തിയ വാഹനങ്ങളുടെ എണ്ണം ആറര ലക്ഷമാണ്.

22 കപ്പലുകളിലാണ് ഇക്കാലയളവിൽ വിനോദ സഞ്ചാരികൾ ഖത്തറിലെത്തിയത്. ഈ വർഷം ആറു മാസത്തെ കണക്കെടുത്തപ്പോൾ 66,200 വിനോദ സഞ്ചാരികൾ കപ്പൽ മാർഗം ഖത്തർ സന്ദർശിച്ചു. വിനോദ സഞ്ചാര കപ്പലുകളിൽ 14 എണ്ണം വലിയതു തന്നെയായിരുന്നു. ഉപരോധത്തെ ജയിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ വിജയിക്കുന്നതിന്റെ ലക്ഷണമായിട്ടാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.

Top Stories
Share it
Top