സിറിയയില്‍ സൈനിക താവളത്തിനുനേരെ മിസൈല്‍ ആക്രമണം; നിരവധി മരണം

Published On: 2018-04-09 06:00:00.0
സിറിയയില്‍ സൈനിക താവളത്തിനുനേരെ മിസൈല്‍ ആക്രമണം; നിരവധി മരണം

ഡമസ്‌കസ്: നൂറുകണക്കിനാളുകളുടെ മരണത്തിനിടയാക്കിയ രാസായുധ പ്രയോഗത്തിനു പിന്നാലെ സിറിയന്‍ സൈനികത്താവളത്തിനു നേരെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടെന്ന് സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. ഹോംസ് നഗരത്തിനു സമീപം തായ്ഫൂര്‍ വ്യോമത്താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.

രാസായുധപ്രയോഗത്തിനു കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ ആക്രമണമൊന്നും നടത്തിയിട്ടില്ലെന്ന് യു.എസ് പ്രതികരിച്ചു. രസായുധം പ്രയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള നയതതന്ത്ര നീക്കങ്ങളാണ് തങ്ങള്‍ നടത്തുന്നതെന്ന പെന്റഗണ്‍ വ്യക്തമാക്കി.

ഗൂഥയില്‍ വിമതനിയന്ത്രണത്തില്‍ അവശേഷിക്കുന്ന ദൂമയില്‍ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ 80 ലേറെപേര്‍ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിനു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ആയിരത്തോളം പേര്‍ ശ്വാസതടസം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ദൂമയില്‍ നാട്ടുകാര്‍ക്കായി നിര്‍മിച്ച ബോംബ് ഷെല്‍ട്ടറിനു സമീപം ശനിയാഴ്ച രാത്രിയാണ് സിറിയന്‍ സൈന്യത്തിന്റെ ശക്തമായ വ്യോമാക്രമണമുണ്ടായത്. സംഭവത്തില്‍ 150ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

Top Stories
Share it
Top